Skip to main content

iaf chief browne

 

ഇന്ത്യന്‍ വ്യോമസേന സൈനികരുടെ പരസ്പര ആശയവിനിമയത്തിനായി തനതായ 3ജി സെല്ലുലാര്‍ നെറ്റ്വര്‍ക്ക് അവതരിപ്പിച്ചു. എ.എഫ്.സെല്‍ (എയര്‍ഫോര്‍സ് സെല്ലുലാര്‍) എന്ന് പേരിട്ടിരിക്കുന്ന രാജ്യവ്യാപക നെറ്റ്വര്‍ക്കിന്റെ ആദ്യഘട്ടം ദേശീയ തലസ്ഥാന പ്രദേശത്ത് വ്യോമസേനാ മേധാവി എന്‍.എ.കെ ബ്രൌണ്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.  

 

തനതായ 3ജി ശ്രംഖല സ്വന്തമാക്കുന്ന ആദ്യ സേനാവിഭാഗമാകുകയാണ് ഇതോടെ വ്യോമസേന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്ന വ്യോമസൈനികര്‍ക്ക് മൊബൈലില്‍ സുരക്ഷിതമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുന്നു, ഈ നെറ്റ്വര്‍ക്ക്. സൈനികപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തത്സമയ വിവരവിനിമയം ഇതിലൂടെ സാധ്യമാകും. സെല്ലുലാര്‍ ഉപകരണങ്ങളുടെ പ്രാധാന്യം ഇതിനകം തന്നെ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എ.എഫ്.സെല്‍ സേനയുടെ നെറ്റ്വര്‍ക്ക് കേന്ദ്രിത പ്രവര്‍ത്തനങ്ങളുടെ നിര്‍ണ്ണായക ഘടകമായി മാറും. സൈനികരെ എല്ലായ്പ്പോഴും എ.എഫ്.നെറ്റ് എന്ന സേനയുടെ ഇന്‍ഫോര്‍മേഷന്‍ ഗ്രിഡുമായി ബന്ധപ്പെടുത്തുന്നതിലൂടെ സൈനികര്‍ക്ക് സാഹചര്യങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ യഥാസമയം നല്‍കാനും കമാന്‍ഡ് കേന്ദ്രങ്ങളുമായി കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കാനും ഈ നെറ്റ്വര്‍ക്ക് സഹായകമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

നിശ്ചിത പ്രദേശങ്ങളിലെ എ.എഫ്.സെല്‍ നോഡുകള്‍ക്ക് പുറമേ മൊബൈല്‍ ബേസ് ട്രാന്‍സ്മിറ്റിങ്ങ് സ്റ്റേഷനുകള്‍ വിദൂരപ്രദേശങ്ങളെ നെറ്റ്വര്‍ക്ക് പരിധിയില്‍ കൊണ്ടുവരും. ഈ സ്റ്റേഷനുകള്‍ വോയ്സ്, എസ്.എം.എസ്, ഡാറ്റ വിനിമയ സംവിധാനങ്ങള്‍ക്കുള്ള സുരക്ഷിതമായ സംവിധാനം നല്‍കും. എച്ച്.സി.എല്‍ ഇന്‍ഫോസിസ്റ്റംസ് ആണ് എ.എഫ്.സെല്ലിന്റെ ഭൗതികസംവിധാനങ്ങള്‍ ഒരുക്കുന്നത്. അല്‍ക്കാടെല്‍ ലുസെന്റ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ആദ്യഘട്ടത്തില്‍  ദേശീയ തലസ്ഥാന പ്രദേശവും രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ വ്യോമത്താവളങ്ങളും ശ്രംഖലയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.