ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍ സാധാരണക്കാരുടെ മനസ്സില്‍ തെളിയുന്ന ചിത്രം സ്റ്റതസ്‌കോപ്പിന്റേയും ഗുളികകളുടേതുമായിരിക്കും. അതുപോലെ തന്നെ ആരോഗ്യവകുപ്പ്, ആരോഗ്യരംഗം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആശുപത്രിയും അതുമായി ബന്ധപ്പെട്ട ബിംബങ്ങളുമാണ് ഓര്‍മ്മയിലെത്തുക. ഇത്തരത്തില്‍ ഒരു ധാരണ രൂപപ്പെടുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും ഏതു മാധ്യമമായാലും ആരോഗ്യരംഗത്തില്‍ ചര്‍ച്ച ചെയ്യുന്നത് രോഗങ്ങളെക്കുറിച്ചും അവയ്ക്കുള്ള ചികിത്സകളെക്കുറിച്ചുമായിരിക്കും. ആരോഗ്യവകുപ്പും ആരോഗ്യവകുപ്പു മന്ത്രിയും പ്രധാനമായും ഏര്‍പ്പെടുന്നത് ആശുപത്രിസംബന്ധമായ പ്രവൃത്തികളിലാണ്.
ചികിത്സ രോഗവുമായി ബന്ധപ്പെട്ടതാണ്. സ്വാഭാവികമായും ആരോഗ്യരംഗ വിശേഷങ്ങള്‍ വായിക്കുകയോ, കേള്‍ക്കുകയോ, കാണുകയോ ചെയ്യുന്ന ഒരു വ്യക്തിയിലേക്ക് കയറിക്കൂടുന്ന ചിത്രങ്ങള്‍ രോഗത്തിന്റേതാവും. രോഗത്തിന്റെ ബിംബങ്ങളേയും പേറി നടക്കുന്ന ഒരു വ്യക്തി രോഗിയായിക്കഴിഞ്ഞു. ആധുനികശാസ്ത്രം പോലും ഇപ്പോള്‍ സമര്‍ഥിക്കുന്നു, എന്താണോ ഒരു വ്യക്തി ചിന്തിക്കുന്നത് അയാള്‍ അതായിത്തീരും. പേടി, ആത്മവിശ്വാസമില്ലായ്മ, സംശയം എന്നിവ ശരീരത്തിന്റെ ഊര്‍ജ്ജത്തെ ഇല്ലാതാക്കി ദുര്‍ബലപ്പെടുത്തുന്നു. ദുര്‍ബലമായ ശരീരം ഏതു രോഗത്തിനും എപ്പോള്‍ വേണമെങ്കിലും കുടിയേറാനുള്ള സത്രമാണ്.
പ്ലാസിബോ പരീക്ഷണങ്ങളും വ്യക്തമാക്കുന്നത് ഇതാണ്. ഒരേ രോഗവുമായി വരുന്ന രണ്ടു രോഗികളില്‍ ഒരാള്‍ക്ക് വീര്യമുള്ള യഥാര്‍ഥ മരുന്നും മറ്റേയാള്‍ക്ക് മരുന്നിന്റെ ഒട്ടും അംശമില്ലാത്ത പഞ്ചാരക്കട്ടിയും നല്‍കുന്നു. നിശ്ചിത സമയം കഴിയുമ്പോള്‍ രണ്ടു പേര്‍ക്കും രോഗം ഭേദമാകുന്നു. പഞ്ചാരക്കട്ടി കഴിച്ച ആള്‍ കൂടുതല്‍ ഉന്മേഷത്തോടെ കാണപ്പെടുന്നു. കാരണം അയാളില്‍ മരുന്നിന്റെ ദോഷഫലം പ്രവര്‍ത്തിക്കാഞ്ഞതുകൊണ്ട്. ദിനംപ്രതിയെന്നോണം മാധ്യമങ്ങളില്‍ ആരോഗ്യരംഗമുള്ളതിനാല്‍ ജനങ്ങള്‍ ഓരോ രോഗങ്ങളെക്കുറിച്ച് അല്പജ്ഞാനമുള്ളവരാകുന്നു. നല്ലൊരു ശതമാനം പേര്‍ തങ്ങള്‍ക്ക് ആ രോഗമുണ്ടെന്ന് സംശയാലുക്കളാവുകയും പരിശോധനകള്‍ക്കും മറ്റും വിധേയരാവുകയും ചെയ്യുന്നു. ആരോഗ്യരംഗ പരിപാടികള്‍ ജനങ്ങളുടെ മാനസികാരോഗ്യത്തെ ഇല്ലായ്മ ചെയ്തുവെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. ഇതിന്റെ ഗുണം മരുന്നുകമ്പനികളും ആധുനിക ചികിത്സാ കേന്ദ്രങ്ങളും യഥേഷ്ടം കൊയ്യുന്നു.
2012 ആദ്യം തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ആയുര്‍വേദ മീറ്റില്‍ പാലക്കാട് മേഴത്തുര്‍ വൈദ്യമഠം ആയുര്‍വേദാശുപത്രിയുടെ മുഖ്യവൈദ്യര്‍ ചെറിയ നാരായണന്‍ നമ്പൂതിരി ഒരു പ്രാസംഗികനായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മുഖ്യഭാഗം ആയുര്‍വേദം ഒരു ചികിത്സാശാസ്ത്രമല്ല ,മറിച്ച് അതൊരു ആരോഗ്യശാസ്ത്രമാണ് എന്നായിരുന്നു. പക്ഷേ മീറ്റില്‍ പങ്കെടുത്തവരും മാധ്യമപ്രവര്‍ത്തകരും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. ചികിത്സ പോലും വ്യക്തിയുടെ ആരോഗ്യത്തെ വര്‍ധിപ്പിച്ച് രോഗത്തെ അകറ്റുക എന്നതാണ്.
ഇന്ന് കേരളം നേരിടുന്ന മുഖ്യ ആരോഗ്യപ്രശ്‌നങ്ങളിലൊന്ന് ഇയാട്രോജനസിസ് എന്ന പ്രതിഭാസമാണ്. അതായത് ഒരു രോഗത്തിനുള്ള ചികിത്സയിലൂടെ മറ്റ് രോഗങ്ങള്‍ ഏറ്റുവാങ്ങുക. അവയ്ക്ക് ചികിത്സിച്ച് വീണ്ടും മറ്റ് രോഗങ്ങള്‍. അങ്ങിനെയുള്ള ദൂഷിത വലയത്തില്‍. ആ ദൂഷിത വലയത്തിന്റെ ആക്കം കൂട്ടുന്നു ആരോഗ്യ പംക്തികള്‍.
ജനപ്രതിനിധികള്‍ ആവേശപൂര്‍വം തങ്ങളുടെ മണ്ഡലത്തിലേക്ക് മെഡിക്കല്‍ കോളേജാശുപത്രിക്കു വേണ്ടി വാദിക്കുന്നു. സര്‍ക്കാര്‍ വന്‍ നേട്ടമെന്നവണ്ണം മെഡിക്കല്‍ കോളേജ് അനുവദിക്കുന്നു. ജനം അതു വികസനം വരുന്നു എന്ന ഭാവത്തോടെ, ആഘോഷത്തോടെ സ്വീകരിക്കുന്നു. മെഡിക്കല്‍ കോളേജാശുപത്രി അവിടങ്ങളില്‍ നന്നായി നടക്കണമെങ്കില്‍ രോഗികള്‍ ഉണ്ടായേ തീരൂ. അതായത് രോഗത്തേയും രോഗികളേയും നാം ആവേശത്തോടെ പ്രതീക്ഷിച്ചിരിക്കുന്നു. രോഗികള്‍ കൂടുന്ന സമൂഹവും രോഗാതുരമാകുമെന്ന്‍ പ്രത്യേകിച്ച് പറയേണ്ടതില്ല. രോഗാതുരമായ മനസ്സ് നമ്മില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് മെഡിക്കല്‍ കോളേജിനു പകരം ഒന്നാം തരം കളിക്കളങ്ങള്‍ മതി എന്നു പറയാന്‍ ജനങ്ങള്‍ക്ക് കഴിയാതെ വരുന്നത്. അഞ്ചു പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കു പകരം അഞ്ച് നല്ല അന്താരാഷ്ട്ര നിലവാരത്തിലുളള കളിക്കളങ്ങളായിരുന്നു എങ്കില്‍ മറ്റൊരു കേരളചരിത്രം അവിടെ പിറക്കുമായിരുന്നു.
ആരോഗ്യമുള്ള മനസ്സും ശരീരവും. ഏതു സംസ്‌കാരം എടുത്തു നോക്കിയാലും ആചാരങ്ങളിലും ചില ചിട്ടവട്ടങ്ങളിലുമൊക്കെ അത് ഭദ്രമായി വിന്യസിച്ചിരിക്കുന്നത് കാണാം. കേരളം അത്തരം ചിട്ടകളുടെ കേദാരമായിരുന്നു. ഓരോ ഭക്ഷണം ഓരോ കാലത്ത് കഴിക്കുന്നതു വരെ ആ ആചാരനിഷ്ഠകളില്‍ വിന്യസിപ്പിച്ചിരുന്നു. അവയില്‍ ചിലതൊക്കെ ഇന്നും ആചരിക്കുന്നു. പക്ഷേ അവയൊക്കെ പലപ്പോഴും അന്ധമായി ആചരിക്കുന്നു.
ഇന്ലോന്കം മുഴുവന്‍, കേരളം പ്രത്യേകിച്ചും, നേരിടുന്ന ഭീഷണി ഭക്ഷണം വിഷമയമായിരിക്കുന്നു എന്നതാണ്. ചിട്ടകള്‍ വിപരീതം. ഏറ്റവും കുറച്ചു ഭക്ഷണം കഴിക്കേണ്ട സമയത്ത് വാരിവലിച്ച് വയറ് നിറയ്ക്കുന്നു. നന്നായി കഴിക്കേണ്ട സമയത്ത് കഴിക്കുന്നില്ല. സ്വന്തം ശരീരത്തോടും മനസ്സിനോടും നീതിയും മാന്യതയും പുലര്‍ത്താന്‍ നമുക്കു പറ്റാതെ വരുന്നു. ആരോഗ്യത്തിന്റെ മറവില്‍ അനാരോഗ്യം സമ്മാനിക്കുന്ന പ്രതിഭാസങ്ങളെ ഓര്‍മ്മപ്പെടുത്തുക, ആരോഗ്യകരവും അതേ സമയം ആസ്വാദ്യവുമായ രീതികളിലൂടെ ജീവിതത്തിന്റെ ഭാഗമായി ആരോഗ്യത്തെ എങ്ങിനെ മെച്ചപ്പെടുത്താം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് ശരീരമാദ്യം എന്ന ഗ്ലിന്റ് ലിഡ്. നന്നായി ജീവിക്കുന്ന മനുഷ്യര്‍, ആരോഗ്യമനസ്സോടെ ചികിത്സിക്കുന്ന ഭിഷഗ്വരര്‍ എന്നിവരുടെ അനുഭവജ്ഞാനങ്ങളും അറിവും, അതോടൊപ്പം പാരമ്പര്യം സ്‌നേഹപൂര്‍വം നമുക്ക് സമ്മാനിച്ച അമൂല്യ സംഗതികള്‍ തുടങ്ങിയവയായിരിക്കും ശരീരമാദ്യത്തിലെ ആരോഗ്യവിഭവങ്ങള്‍. ഒന്നുകൂടി ഓര്‍ക്കാം, ചികിത്സ രോഗത്തില്‍ നിന്ന് മുക്തി നേടാനാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ സമീപനമാണ് നമ്മെ രോഗഗാത്രരും അരോഗദൃഡഗാത്രരുമാക്കിമാറ്റുന്നത്.

