Skip to main content
റോം

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ തടവുശിക്ഷ സുപ്രീം കോടതി അംഗീകരിച്ചു. നികുതിവെട്ടിപ്പ് കേസിലാണ് കഴിഞ്ഞ ഒക്ടോബറില്‍ കോടതി ബെര്‍ലുസ്കോണിയെ നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഈ വിധി അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.

 

എന്നാല്‍ കോടതി വിധിയെ എതിര്‍ത്ത് ബെര്‍ലുസ്കോണി രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെയുണ്ടായിട്ടുള്ള ആരോപണങ്ങളില്‍ വിചാരണ നടത്തിയതാണെന്നും താന്‍ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.

 

ബെര്‍ലുസ്കോണിയുടെ അധികാരത്തിലുള്ള രണ്ടു മാധ്യമ കമ്പനികളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് കേസിലാണ് ഇദേഹത്തെ നാല് വര്‍ഷം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. എന്നാല്‍ പ്രായത്തിന്‍റെ പരിഗണനയില്‍ ഇദ്ദേഹം ജയിലില്‍ കഴിയുന്നതിനു പകരം വീട്ടു തടങ്കലില്‍ ആയിരിക്കും എന്നാണു സൂചന.

 

പീപ്പിള്‍ ഓഫ് ഫ്രീഡം പാര്‍ട്ടിയുടെ നേതാവ് കൂടിയായ ബെര്‍ലുസ്കോണി മൂന്നു  തവണ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ ശേഷം 2011-ലാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.