Skip to main content
NEW DELHI

19.06 ലക്ഷം പേരെ പുറത്താക്കി അന്തിമ അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ 41 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു. ഇതില്‍ 12 ലക്ഷം പേരെ അന്തിമ പട്ടികയില്‍ ഉള്‍പെടുത്തി. പട്ടികയനുസരിച്ച് മൊത്തം 3.11 കോടിയിലധികമാണ് അസമിലെ ജനസംഖ്യ.

19,06,657 പേരാണ് ഒടുവിലത്തെ കണക്കനുസരിച്ച് അസമിലെ പൗരന്‍മാരല്ലാത്തത്. കഴിഞ്ഞ തവണ തയാറാക്കിയ കരടില്‍ 12 ലക്ഷം പൗരന്‍മാരെ അനധികൃതമായി ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് ഇതോടെ വ്യക്തമായത്. പട്ടിക തയാറാക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച രേഖകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കുന്ന വിവാഹ സാക്ഷ്യപത്രം ഉള്‍പ്പെടാതെ പോയത് ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു.

പുതിയ പട്ടിക പുറത്തുവന്ന സാഹചര്യത്തില്‍ പരാതിയുള്ളവര്‍ക്ക് വിദേശി ട്രൈബ്യൂണലിനെ 120 ദിവസത്തിനകം വീണ്ടും സമീപിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആരെയും വേട്ടയാടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും നിയമപരമായ എല്ലാ സഹായവും പരാതിക്കാര്‍ക്ക് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി സര്‍ബാനന്ദ് സോനുവാല്‍ വ്യക്തമാക്കി.

80 ലക്ഷത്തലിധികം ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരുണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട സംസ്ഥാനത്താണ് അവരുടെ എണ്ണം 19 ലക്ഷമായി ചുരുങ്ങിയത്. കുടുംബങ്ങള്‍ കൂട്ടത്തോടെയല്ല വ്യക്തികളാണ് പുതിയ പട്ടികയിലും പുറത്തു നില്‍ക്കുന്നവര്‍. രേഖകള്‍ സൂക്ഷ്മപരിശോധനക്കു വിധേയമാക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് കോടതിയില്‍ പൗരത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷ.