Skip to main content
തിരുവനന്തപുരം

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി പുറത്ത് വന്നു.  സരിത കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ മന്ത്രിമാരുടെയോ മറ്റ് ഉന്നതരുടെയോ പേരില്ല. തനിക്കും തന്റെ കുട്ടികള്‍ക്കും ബിജു രാധാകൃഷ്ണനില്‍ നിന്നും  വധഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാണ് പ്രധാനമായും പരാതിയില്‍ സൂചിപ്പിക്കുന്നത്.

 

ടീം സോളാറിന്റെ തകര്‍ച്ചക്ക് കാരണം ശാലുവും ബിജുവും തമ്മിലുള്ള ബന്ധമാണെന്നും കേസുമായി ബന്ധപ്പെടുത്തി തന്നെ മാത്രമാണ് മാധ്യമങ്ങള്‍ പിന്തുടരുന്നതെന്നും സരിത പരാതിയില്‍ പറയുന്നു. 22 പേജുള്ള പരാതിയാണെന്നായിരുന്നു സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്. മാത്രമല്ല സരിതയുടെ പരാതിയില്‍ പല ഉന്നതരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സരിത നല്‍കിയിരിക്കുന്ന പരാതി നാലു പേജ് മാത്രമാണ്.

 

സരിതയുടെ പരാതി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. സരിത എസ് നായര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സ്വന്തം കൈപ്പടയില്‍ രേഖാമൂലം എഴുതി ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിത പരാതി സമര്‍പ്പിച്ചിട്ടുള്ളത്. തുടര്‍ന്ന് സരിതയുടെ പരാതി എറണാകുളം നോര്‍ത്ത് പോലീസിനു കൈമാറി.

 

അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശാലു മേനോന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി തള്ളി. ജസ്റ്റീസ് എസ്.എസ് സതീഷ്ചന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന പ്രോസിക്ക്യൂഷന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്.

 

തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും 76 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശാലുഅറസ്റ്റിലായത്. അതേസമയം ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോവാന്‍ സഹായിച്ച കേസില്‍ ശാലുവിനു ജാമ്യം ലഭിച്ചു. 25,000 രൂപയുടെ സ്വന്തം ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുത് എന്ന വ്യവസ്ഥയും കോടതി വച്ചിട്ടുണ്ട്.