കഴിഞ്ഞ ദിവസം മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടം ക്ഷണിച്ചുവരുത്തിയതായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേരാണ് മരിച്ചത്, 40 തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഴപെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ മേല്‍പ്പാലത്തിലേക്ക് ഇരച്ച് കയറിയതാണ് അപകട കാരണമെങ്കിലും, ഇടുങ്ങിയ പാലത്തിന് പകരം സംവിധാനം വേണമെന്ന് കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരമായിരുന്നെങ്കില്‍ കഴിഞ്ഞ ദിസത്തെ ദുരന്തം ഉണ്ടാകുമായിരുന്നില്ല.
മേല്‍പ്പാലം മാറ്റി സ്ഥപിക്കണമെന്ന് പറഞ്ഞ് യാത്രക്കാര്‍ പ്രധാനമന്ത്രിക്കും മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവിനും നിരവധി തവണ നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ശിവ സേനയും പരിഹാരമാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞെങ്കിലും സര്‍ക്കാരിന്റെ വീഴചയാണിതെന്നാണ് ശിവസേന പറയുന്നത്. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തിനായി കഴിഞ്ഞ ബജറ്റില്‍ തുക അനുവദിച്ചിട്ടും പണികള്‍ ഒന്നും നടന്നില്ല. ഈ അലംഭാവമാണ് 22 പേരുടെ ജീവനെടുത്തത്.
മുബൈയില്‍ ഇത്തരത്തില്‍ അപകട സാധ്യതയുള്ള നിരവധി സ്ഥലങ്ങള്‍ ഇനിയും ഉണ്ട്. 50 ലക്ഷത്തോളം പേരാണ് മുംബൈയിലെ ലോക്കല്‍ ട്രയിന്‍ സംവിധാനത്തെ ഉപയോഗിക്കുന്നത്.കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 1600 പേരാണ് റെയില്‍വേ അപകടങ്ങളില്‍പ്പെട്ട് മുംബൈയില്‍ മരിച്ചത്