Skip to main content

കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതീ-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി മുഖ്യമന്ത്രി. സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അക്രമികളെ പിന്തിരിപ്പിക്കന്‍ പോലീസ് ശ്രമിച്ചില്ലെന്ന്‍ സമ്മതിച്ച മുഖ്യമന്ത്രി വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സഭയെ അറിയിച്ചു.

 

എന്നാല്‍, മറുപടിയ്ക്കിടെ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയില്‍ രൂക്ഷമായ ബഹളത്തിന് വഴിവെച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ ഭരണപക്ഷ അംഗങ്ങളും ഇറങ്ങി. സ്ഥിതി നിയന്ത്രണാതീതമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ പുനരാരംഭിച്ചപ്പോള്‍ പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറാകത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു.

 

ബുധനാഴ്ച വൈകുന്നേരമാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ വിശ്രമിക്കാനെത്തിയ യുവതീ-യുവാക്കള്‍ക്കെതിരെ ശിവസേനക്കാര്‍ അക്രമം അഴിച്ചുവിട്ടത്. പോലീസ് നോക്കി നില്‍ക്കെ ചൂരലുകൊണ്ട് ഇവരെ അടിച്ചോടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ഇന്ന് മറൈന്‍ ഡ്രൈവില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.