Skip to main content

ദരിദ്രര്‍ക്കു ചികിത്സാസഹായം നല്‍കുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ആരോഗ്യസഹായ ഇന്‍ഷുറന്‍സ്, അര്‍ദ്ധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എന്നിവ സംയോജിപ്പിക്കുന്ന  പുതിയ സ്‌കീം നടപ്പാക്കുന്നതിന് ഒരു വര്‍ഷം എടുക്കുമെന്നും അതുവരെ നിലവിലുള്ളവതെല്ലാം തുടരുമെന്നും മന്ത്രി പറഞ്ഞു.

 

നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31 വരെ 29,270 രോഗികള്‍ക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഫെബ്രുവരി 9 ന് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതടക്കം ബഡ്ജറ്റില്‍ വകയിരുത്തിയ 250 കോടിരൂപ കൈമാറിക്കഴിഞ്ഞതായും ഇനി കൊടുക്കുവാനുള്ള 139 കോടി രൂപ മാര്‍ച്ച് 31-നകം വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷക്കാലം കാരുണ്യ ഫണ്ടിലേക്ക് ആകെ നല്‍കിയത് 775 കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു. ഒരു വര്‍ഷംപോലും ബഡ്ജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ അധികം പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു.

 

കാരുണ്യയ്ക്ക് ലഭിക്കേണ്ട ഫണ്ടും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യമായല്ല ഉണ്ടാകുന്നതെന്നും ഇക്കാരണത്താല്‍ രോഗികള്‍ക്ക് ചികിത്സാസഹായത്തിന് തടസ്സമുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ആശുപത്രികളിലെ റീ ഇംബേഴ്സ്മെന്റ് ബില്‍ കുടിശികയില്ല. അടുത്തദിവസങ്ങളില്‍ എത്തിയ 25 കോടിയോളം രൂപയുടെ ബില്ലുകള്‍ പ്രോസസിങ്ങിലാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം ആ തുക വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

 

പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കുന്നതിനുമുന്‍പ് അവയവമാറ്റം അടക്കമുളള സമ്പൂര്‍ണ്ണ ചികിത്സാസൗകര്യങ്ങള്‍ എല്ലാ മെഡിക്കല്‍ കോളെജ് ആശുപത്രികളിലും ഏര്‍പ്പെടുത്തുമെന്നും   താലൂക്കാശുപത്രികളിലുളള സൗകര്യങ്ങള്‍ കുറ്റമറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ദ്രം മിഷന്‍ വഴി ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കാന്‍ ജനകീയ ആരോഗ്യപ്രസ്ഥാനത്തിനു രൂപം നല്‍കാനുളള ഉദ്ദേശവുമുണ്ട്. ഇതിനെല്ലാറ്റിനുമായി ഒരു വര്‍ഷം എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.