അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയതോടെ ദേശീയ രാഷ്ട്രീയം ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനവിധിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിനെ അപ്രതീക്ഷിതമായി കൂടുതല്‍ നിര്‍ണ്ണായകമാക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടസാധുവാക്കല്‍ നടപടിയാണ്. ജനജീവിതത്തെ ഇത്രമേല്‍ പിടിച്ചുകുലുക്കിയ ഈ നടപടിയുടെ രാഷ്ട്രീയ വിലയിരുത്തലാകും മാര്‍ച്ച് 11-ന് വോട്ടെണ്ണലില്‍ പ്രധാനമായും അറിയാന്‍ കഴിയുക.
ഈ വിലയിരുത്തല്‍ ഏറ്റവും പ്രധാനമാകുന്നത് ഉത്തര്‍ പ്രദേശില്‍ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ എക്കാലവും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീന ശക്തിയുള്ളവയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ എടുത്താല്‍, ഉത്തര്‍ പ്രദേശിലെ 80 സീറ്റുകളില്‍ 72-ലും വിജയിക്കാന്‍ കഴിഞ്ഞതാണ് 1984-ന് ശേഷം ലോക്സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ കക്ഷിയാകാന്‍ ബി.ജെ.പിയെ സഹായിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുന്നതിന് അതുകൊണ്ടുതന്നെ ഈ സംസ്ഥാനത്തിന്റെ പിന്തുണ നഷ്ടപ്പെടാതെ നിലനിര്‍ത്തേണ്ടത് പാര്‍ട്ടിയ്ക്കും മോദിയ്ക്കും അത്യാവശ്യമാണ്. മാത്രവുമല്ല, രാജ്യസഭയിലേക്ക് 31 അംഗങ്ങളെ അയക്കുന്ന ഈ നിയമസഭയില്‍ പരമാവധി സീറ്റുകള്‍ നേടേണ്ടതും നിലവില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്ന സ്ഥിതിയില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
നോട്ടസാധുവാക്കല്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ അംഗീകരിക്കുമ്പോള്‍ തന്നെയും സാധാരണ ജനത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന വൈരുധ്യമാര്‍ന്ന കാഴ്ചയാണ് രാജ്യത്തെവിടെയും പോലെ ഉത്തര്‍ പ്രദേശില്‍ കാണുന്നത്. കള്ളപ്പണത്തിനെതിരെയുള്ള ധാര്‍മിക പോരാട്ടത്തിന്റെ ഭാഗമായി ഓരോ വ്യക്തിയേയും അവതരിപ്പിക്കുന്ന മോദിയുടെ ആഖ്യാനം ജനത സ്വീകരിച്ചിരിക്കുന്നു എന്ന്‍ തന്നെയാണ് ഇത് വെളിവാക്കുന്നത്. ഇതുവരെ ജനത നേരിട്ട ബുദ്ധിമുട്ടുകള്‍ അടുത്ത മൂന്ന്‍ മാസങ്ങളില്‍ സാരമായി വര്‍ധിക്കുന്നതിന് സാധ്യതയില്ല എന്ന് കരുതിയാല്‍ ഇത് മോദിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് അനുഗുണമാണ്. അതുകൊണ്ടുതന്നെ, നോട്ടസാധുവാക്കല്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ അജണ്ടയായി മാറുമെന്നതില്‍ സംശയം വേണ്ട. നോട്ടസാധുവാക്കലിനെ പാര്‍ലിമെന്റിലും മറ്റും ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് അത് താഴെ തട്ടിലേക്ക് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയും ബി.ജെ.പിയ്ക്ക് സഹായകമാകും. എന്നാല്‍, ഇത് ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ബലഹീനതയാണ് കൂടുതല്‍ വെളിപ്പെടുത്തുന്നത്. ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയിലും ബി.എസ്.പിയിലും താഴെ തട്ടില്‍ കരുത്തുറ്റ ഒരു സംഘടനാ സംവിധാനത്തെ ഈ വിഷയത്തില്‍ ബി.ജെ.പിയ്ക്ക് പ്രതിരോധിക്കേണ്ടി വരും. മോദിയോട് ജനത പുലര്‍ത്തുന്ന ആഭിമുഖ്യത്തെ കുറച്ചെങ്കിലും നിര്‍വ്വീര്യമാക്കേണ്ടത് തങ്ങളുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് ഈ പാര്‍ട്ടികള്‍ക്ക് അനിവാര്യവുമാണ്.
അതേസമയം, സ്വന്തം പാര്‍ട്ടിയ്ക്കകത്തെ പ്രതിസന്ധിയെ അവസരമാക്കി മാറ്റിയ മുഖ്യമന്ത്രി അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിലെ കറുത്ത കുതിരയായി മാറുന്ന രസകരമായ ചിത്രവും ഉത്തര്‍ പ്രദേശില്‍ തെളിയുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടിയ്ക്കകത്തെ ഉള്‍പ്പോരില്‍ നിന്ന്‍ കൂടുതല്‍ ശക്തനായാണ് അഖിലേഷ് പുറത്തുവരുന്നത്. പാര്‍ട്ടി സംഘടനയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കിയതിന്റെ ആത്മവിശ്വാസം അഖിലേഷിനുണ്ട്. ഭരണത്തെ സംബന്ധിച്ച് സമ്മിശ്ര അഭിപ്രായമാണ് ജനതയില്‍ ഉള്ളതെങ്കിലും പുതിയ സാഹചര്യം അതിനെ മറികടക്കാന്‍ തന്നെ പ്രാപ്തനാക്കുമെന്ന്‍ അഖിലേഷിന് കരുതാം. ഭരണത്തിലെ കുടുംബ ഇടപെടലെന്ന, ഇത്രയും നാള്‍ തന്നെ പിന്നോട്ട് വലിച്ച, വിപരീത ഘടകത്തെ മറികടക്കാനായതും ഉത്തര്‍ പ്രദേശിലെ മുന്‍ സര്‍ക്കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട പ്രകടനവും അഖിലേഷിന്റെ അനുകൂല ഘടകങ്ങളാണ്. മോദിയ്ക്കെതിരെയായിരിക്കും തെരഞ്ഞെടുപ്പ് പോരാട്ടമെന്നതിനാല്‍ യുവജനങ്ങള്‍ക്കിടയിലുള്ള നല്ല പ്രതിച്ഛായയും ഈ വിഭാഗത്തിലെ ബി.ജെ.പി അനുകൂല വോട്ടുകളെ ഭിന്നിപ്പിക്കാന്‍ അഖിലേഷിനെ സഹായിക്കും. കോണ്‍ഗ്രസുമായി സഖ്യം ഏറെക്കുറെ ഉറപ്പിച്ചത് വഴി ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കുറച്ചെങ്കിലും ഒരുമിപ്പിക്കാനുള്ള നീക്കവും ഗുണകരമാകാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി 30 ശതമാനത്തിനടുത്ത് വോട്ട് (സമാജ്‌വാദി പാര്‍ട്ടി- 22.20, കോണ്‍ഗ്രസ്- 7.50) ലഭിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കോ പ്രധാനമന്ത്രിയ്ക്കോ വോട്ട് ചെയ്യേണ്ടത് എന്ന ചിന്താകുഴപ്പം, ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളും ബീഹാറില്‍ നിതീഷ് കുമാറും സൃഷ്ടിച്ച പോലെയൊന്ന് വോട്ടര്‍മാരില്‍ സൃഷ്ടിക്കാന്‍ കൂടി കഴിഞ്ഞാല്‍ സമകാലീന ഉത്തര്‍ പ്രദേശ് കണ്ടിട്ടില്ലാത്ത ഭരണത്തുടര്‍ച്ചയെന്ന ചരിത്രം സൃഷ്ടിക്കാന്‍ അഖിലേഷിന് സഹായകമാകും.
മറുഭാഗത്ത്, ബി.എസ്.പിയ്ക്കും മായാവതിയ്ക്കും ഈ തെരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ പ്രശ്നമായി മാറുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19.60 ശതമാനം വോട്ട് നേടിയിട്ടും ഒറ്റ സീറ്റ് പോലും നേടാന്‍ കഴിയാത്ത സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ ഉറപ്പിച്ചാണ് മായാവതി പോരിനിറങ്ങുന്നത്. പരമ്പരാഗത ജാതി-മത സമവാക്യങ്ങളെയാണ് മായാവതി അതിനായി ആശ്രയിക്കുന്നതും. 2007-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിച്ച സാമൂഹ്യ എഞ്ചിനീയറിംഗിന്റെ പുതിയ രൂപമാണ് അവര്‍ പയറ്റുന്നത്. അന്ന്‍ ബ്രാഹ്മണ സമുദായത്തിന്റെ പിന്തുണ നേടി അധികാരത്തില്‍ വന്ന മായാവതി ഇത്തവണ 97 സീറ്റുകള്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്‍കിയിരിക്കുകയാണ്. അതേസമയം, സവര്‍ണ്ണ സമുദായങ്ങളില്‍ പെട്ടവര്‍ക്കാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ സീറ്റ് - 113 – നല്‍കിയിരിക്കുന്നതും. 106 സീറ്റുകളില്‍ പിന്നോക്ക ജാതികളില്‍ ഉള്‍പ്പെടുന്നവരെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയ്ക്ക് ഉറച്ച പിന്തുണ നല്‍കുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാകട്ടെ 87 പേരാണ്. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മായാവതി തുറന്ന്‍ പ്രകടിപ്പിക്കുന്നത്. തങ്ങളുടെ ഉറച്ച ദളിത് വോട്ടുകള്‍ വികേന്ദ്രീകരിക്കപ്പെട്ടു കിടക്കുന്നതിനാലാണ് സീറ്റുകളുടെ എണ്ണത്തില്‍ ബി.എസ്.പി പിന്നോക്കം പോകുന്നത്. മറ്റൊരു സമുദായത്തിന്റെ പിന്തുണ കൂടി ഭൂരിപക്ഷം നേടാന്‍ പാര്‍ട്ടിയ്ക്ക് അനിവാര്യമാണ്. പരമ്പരാഗതമായി സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മുസ്ലിം സമുദായത്തെ ആകര്‍ഷിക്കാനുള്ള മായാവതിയുടെ ശ്രമത്തിന് പിന്നിലെ യഥാര്‍ത്ഥ ചേതോവികാരം ഇതാണ്. നിലവിലുള്ള 19 ശതമാനം വോട്ടിന്റെ കൂടെ സംസ്ഥാന ജനസംഖ്യയുടെ 19 ശതമാനം വരുന്ന ഈ ജനവിഭാഗത്തിന്റെ പിന്തുണ കൂടി കിട്ടിയാല്‍ ത്രികോണ/ചതുഷ്കോണ മത്സരത്തില്‍ ജയസാധ്യത വര്‍ധിക്കുന്നുണ്ട്.
എന്നാല്‍, 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും തോല്‍വിയ്ക്ക് പിന്നില്‍ മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പ് മാത്രമല്ല കാരണം എന്നതാണ് ഇതിന്റെ മറുപുറം. ഹിന്ദു സമുദായത്തില്‍ ജാതി വേര്‍തിരിവുകള്‍ മറികടന്ന്‍ തങ്ങള്‍ക്ക് അനുകൂലമായ ധ്രുവീകരണം സൃഷ്ടിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞിരുന്നു. ബി.ജെ.പി നേടിയ 42.30 ശതമാനം വോട്ട് രണ്ടാം സ്ഥാനത്ത് എത്തിയ സമാജ്‌വാദി പാര്‍ട്ടിയേക്കാളും 20 ശതമാനം അധികമാണ്. ഇതിലൂടെ മുസ്ലിം വോട്ടുകളുടെ നിര്‍ണ്ണായകത്വം മറികടക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞു. 2014-ലെ ബി.ജെ.പി വോട്ടുകളില്‍ വന്‍ ചോര്‍ച്ച സംഭവിച്ചാല്‍ മാത്രമേ പാര്‍ട്ടിയുടെ തോല്‍വി സംഭവിക്കുകയുള്ളൂ. അങ്ങനെയൊന്ന് സംഭവിക്കുക അത്ഭുതകരമായിരിക്കുമെങ്കിലും രാഷ്ട്രീയത്തില്‍ അസംഭവ്യവുമല്ല. തന്നെ പ്രതിരോധത്തിലാക്കിയ നോട്ടസാധുവാക്കല്‍ നടപടിയ്ക്ക് ജനകീയ സാധുത തേടി മോദിയും സ്വന്തം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച നിലപാടുകള്‍ക്ക് പിന്തുണ തേടി അഖിലേഷും തുടര്‍ച്ചയായ തോല്‍വികളുടെ ഭാരം കുടഞ്ഞെറിയാന്‍ മായാവതിയും അങ്കത്തിനിറങ്ങുമ്പോള്‍ പ്രത്യേകിച്ചും.