തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസിലെ എ.സി കമ്പാർട്ട്മെന്റ്. ഒരു കൊച്ചുകുട്ടിയുടെ സംഭാഷണം കംപാർട്ട്മെന്റിലെ നിശബ്ദതയിൽ നന്നായി കേൾക്കാം. അത് അവൻ തന്നെയാവണം. അടുത്തിരിക്കുന്ന അച്ഛനോടും അമ്മയോടും ഇടയ്ക്കിടയ്ക്ക് അവൻ സംശയം ചോദിച്ചുകൊണ്ടിരുന്നു. പറയുന്നത് കമ്പാർട്ട്മെന്റ് മുഴുവൻ കേൾക്കുമെന്ന തോന്നലിൽ അമ്മ പതിഞ്ഞ സ്വരത്തിൽ രഹസ്യം പറയുമ്പോലെ ഉത്തരങ്ങൾ അവനു പറഞ്ഞു കൊടുക്കുന്നുണ്ട്. ആ ഉത്തരങ്ങളെ ആസ്പദമാക്കി അവൻ വീണ്ടും ചോദ്യങ്ങളുന്നയിക്കുന്നു. ചില ചോദ്യങ്ങൾ അച്ഛനോട് ചോദിക്കാൻ അമ്മ പറയുന്നുണ്ട്. അതനുസരിച്ച് ആ കുട്ടി ചോദ്യം അച്ഛന്റെ നേർക്കായി. അച്ഛനും ചെറിയ സഭാകമ്പം ഉള്ളതുപോലെ അനുഭവപ്പെട്ടു. അതേസമയം ഒരു സഭാകമ്പവുമില്ലാതെയാണ് കുട്ടിയുടെ സംശയങ്ങൾ. കമ്പാർട്ട്മെന്റിലെ ആ ഭാഗത്തുള്ള മിക്കവരും ആ കുട്ടിയുടെ ചോദ്യങ്ങള് സാകൂതം ശ്രദ്ധിക്കുന്നുണ്ട്. ഉറക്കത്തിലായിരുന്ന ചിലർ പോലും ഉണർന്ന് ചോദ്യങ്ങള് കൗതുകത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
എത്ര ഉത്തരം കിട്ടിയിട്ടും അവന് മതിയാകുന്നില്ല. ചോദ്യങ്ങൾ കൗതുകകരമായത് വന്നുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് കൈയ്യിലിരിക്കുന്ന ചിത്രപ്പുസ്തകം വായിക്കാൻ അമ്മ നിർദ്ദേശിക്കുന്നു. അതു വായിച്ചു കഴിഞ്ഞുവെന്ന് അവൻ. അച്ഛനും അമ്മയും കൂടി അവന്റെ ശ്രദ്ധ തിരിക്കാനുള്ള പല തന്ത്രങ്ങളും പയറ്റി നോക്കി. രക്ഷയില്ല. വനിതാ ടി.ടി.ഇ വന്നപ്പോൾ അവരേയും നോക്കി ഈ കുട്ടി ചിരിച്ചിട്ടുണ്ടാകും. കാരണം ആ സീറ്റിന്റെ നേർക്കു നോക്കി വനിതാ ടി.ടി.ഇയുടെ ചിരിയും കാണാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം എന്തിനെക്കുറിച്ചുള്ളതാണെന്ന് അവനറിയണം. ആൾ കൂടുതൽ ഉഷാറായിക്കൊണ്ടിരിക്കുന്നു. ആ പുസ്തകം അവൻ കൈക്കലാക്കിയിട്ടാണെന്നു തോന്നുന്നു, ഒരു വാക്ക് ഉച്ചരിക്കാൻ അവൻ ശ്രമം നടത്തുന്നു. അച്ഛന്റെ സഹായത്തോടെ ആ വാക്ക് അവൻ ഉച്ചരിക്കുന്നു. വാക്ക് സെൻസിബിൾ. ഉടനെ അവനറിയണം എന്താണ് സെൻസിബിൾ എന്ന്. ചോദ്യം അച്ഛനോടായിരുന്നു. ആ ചോദ്യം കേട്ട് അമ്മ ചിരിയടക്കാൻ പ്രയാസപ്പെട്ടു. അതു കേട്ട മറ്റ് യാത്രക്കാർ ചിലർ പരസ്പരം നോക്കി. എന്താണ് അച്ഛൻ കൊടുക്കുന്ന ഉത്തരം എന്നുള്ളത് നോക്കിയിരിക്കുകയാണ് മറ്റുള്ളവർ. അമ്മയ്ക്ക് ഉത്തരം പിടികിട്ടിയ പോലെയാണ് ചിരിക്കുന്നത്. അതായത് മോൻ ഇപ്പോൾ ഇമ്മാതിരി ചോദ്യം ചോദിക്കാതിരിക്കുന്നതിനെ സെൻസിബിളായി കാണാം എന്നർഥം മനസ്സിൽ തെളിഞ്ഞതുപോലെയായിരുന്നു അവരുടെ ചിരി. പക്ഷേ അച്ഛൻ ആകെ കുഴങ്ങി. ആ കുഞ്ഞിന് മനസ്സിലാകുന്ന വിധം പറഞ്ഞുകൊടുക്കുകയും വേണമല്ലോ.
അവൻ വീണ്ടും ആ വാക്ക് ആവർത്തിച്ചപ്പോൾ രൺജി പണിക്കരുടെ സിനിമയിലെ ഡയലോഗ് ആൾക്കാർ ഓർത്തതുപോലെയും തോന്നി. ഒടുവിൽ അച്ഛൻ അർഥം വിവരിക്കാൻ തുടങ്ങി. “ഇപ്പോ കാപ്പി വിൽക്കാൻ വരുന്നയാളിൽ നിന്ന് അച്ഛൻ കാപ്പി വാങ്ങി. അച്ഛൻ പേഴ്സ് തുറന്ന് കാശെടുക്കുന്നതിനിടയിൽ അയാൾ ചൂടു കാപ്പി മോന്റെ കയ്യിൽ തന്നാൽ മോന്റെ കൈയ്യ് പൊള്ളില്ലേ. അപ്പോ അയാളത് മോന്റെ കൈയ്യിൽ തരാതെ അച്ഛന്റെ കൈയ്യൊഴിവാകുന്നതു വരെ കാത്തു നിന്ന് അച്ഛന്റെ കൈയ്യിൽ തരണം. അങ്ങനെയൊക്കെ പെരുമാറുന്നതിനെയാണ് സെൻസിബിളായ പെരുമാറ്റമെന്ന് പറയുന്നത്.” എന്തായാലും അച്ഛന്റെ മറുപടി അദ്ദേഹത്തിന് ഏതാണ്ട് ബോധിച്ചു.
എ.സി കോച്ചിനോടു ചേർന്നുള്ള ടോയ്ലറ്റ്. യുറോപ്യൻ ക്ലോസറ്റ്. അതിന്റെ കറുത്ത സീറ്റ് കവറിൽ നിറയെ ചാര നിറത്തിലുള്ള പാടും, മുൻപ് ആരോ മൂത്രമൊഴിച്ചിട്ടു പോയതിന്റെ നനവും. അത് കാലുകൊണ്ടു പോലും തട്ടി ഉയർത്താൻ പറ്റാത്തത്ര അഴുക്ക്. എ.സി കോച്ചിനോടു ചേർന്നുള്ള ടോയ്ലറ്റായതിനാലാകാം ചുമരിൽ ഘടിപ്പിച്ചിട്ടുള്ള ഹോൾഡറിൽ ഹാൻഡ് വാഷും വച്ചിട്ടുണ്ട്. അതിലൊന്നമർത്തി നോക്കി. തീവണ്ടിയുടെ ശബ്ദം ഉണ്ടായിരുന്നതിനാൽ കാറ്റ് വന്നോ എന്നറിയില്ല. അതിന്റെ കാര്യം പോകട്ടെ. തീവണ്ടിയുടെ ടോയ്ലററിൽ വച്ചിട്ടുള്ള ഒറ്റ യൂറോപ്യൻ ക്ലോസറ്റ് പോലും സീറ്റിലിരുന്ന് കൃത്യം നടത്താൻ വൃത്തിയുള്ളതല്ല. എന്നിട്ടും റെയിൽവേ എന്തിനാണ് യൂറോപ്യൻ ക്ലോസറ്റ് വയ്ക്കുന്നത്. അല്ലെങ്കിൽ സീറ്റിനുമേൽ ഉപയോഗിക്കാൻ പാകത്തിലുള്ള പേപ്പറിന്റെയോ പ്ലാസ്റ്റിക്കിന്റേയോ ഡിസ്പോസബിള് സീറ്റ് കവറിംഗ് സംവിധാനം കൂടി റെയിൽവേ ഉറപ്പാക്കണം. ആ കുട്ടി ചോദിച്ച സെൻസിബിൾ എന്ന വാക്കിന്റെ അർഥം റെയിൽവേ ടോയ്ലറ്റിലെ യൂറോപ്യൻ ക്ലോസ്സറ്റിലേക്കു നോക്കിയാൽ മനസ്സിലാകും. ഇന്ത്യൻ സാഹചര്യത്തിൽ റെയിൽവേ ടോയ്ലറ്റിലെ യൂറോപ്യൻ ക്ലോസ്സറ്റിൽ ഇരുന്ന് കൃത്യം നടത്താൻ പറ്റില്ലെന്നുള്ള കാര്യം മനസ്സിലാക്കാൻ റെയിൽവേയ്ക്ക് കഴിയാതിരിക്കുക എന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത് ഇക്കാര്യത്തിൽ സെൻസിബിളായ തീരുമാനം റെയിൽവേയ്ക്കെടുക്കാൻ കഴിയുന്നില്ലെന്നതാണ്. എത്ര തന്നെ കുത്തിയിരിക്കാൻ ബുദ്ധിമുട്ടുള്ളവർ പോലും റെയിൽവേ ടോയ്ലറ്റിലെ യൂറോപ്യൻ ക്ലോസ്സറ്റിൽ ഇരിക്കാൻ സാധ്യതയില്ല. അതുപോലെ ഹാൻഡ് വാഷ് വയ്ക്കുന്നത് നല്ലതാണ്. ഓരോ ട്രിപ്പും ആരംഭിക്കുമ്പോൾ ആ കുപ്പിയിൽ സോപ്പു പത ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതും സെൻസിബിളായ ഒരു പ്രവർത്തിയാണ്. അതും ഇവിടെ സംഭവിക്കുന്നില്ല.