മുടിച്ചുഴി കണ്ടു പേടിച്ച മരുമകൻ, മൊട്ടയടിച്ച് പ്രതികാരം ചെയ്ത അമ്മായിയമ്മ

Glint Guru
Thu, 06-10-2016 02:26:57 PM ;

 

അറുപത്തിയഞ്ചു വയസ്സിനോടടുക്കുന്ന അമ്മ. രണ്ടു പെൺമക്കൾ. കേരളത്തിലെ തനി നാടൻ ഗ്രാമത്തിലാണ് അവർ ജനിച്ചതും വളർന്നതും മക്കളെ വളർത്തിയതും. നഗരത്തിൽ താമസമാക്കിയിട്ടുള്ള മകളുടെ കുടുംബത്തോടൊപ്പമാണ് ഈ അമ്മയുടെ താമസം. ഒരു ദിവസം ഈ അമ്മയെ നഗരത്തിലെ വഴിയിൽ കാണുന്നു. പെട്ടന്ന് അവരെ മനസ്സിലായില്ല. അവരാണ് പരിചയം പുതുക്കി വന്നത്. പുതുക്കി വന്നു എന്ന പ്രയോഗം ഉചിതമല്ല. എങ്കിലും തന്നെ മനസ്സിലായില്ല എന്ന് അവർ തന്നെ മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിൽ ആ പ്രയോഗം അസ്ഥാനത്തല്ല. കാരണം അവർ തല മുണ്ഡനം ചെയ്തിരിക്കുന്നു. അത്ഭുതം കൂറി അവരുടെ മുഖത്തേക്കു നോക്കി. പക്ഷേ അവർ സംസാരിച്ചില്ല. ആ കണ്ണുകളിൽ നിർവികാരതയോ അതോ വികാരത്തെ തടഞ്ഞുനിർത്താനുള്ള ശ്രമമോ കണ്ടു. സംസാരിക്കാതെ നിന്ന അവരോട് സംഭാഷണം തുടങ്ങിയത് 'അമ്മ പളനിയിൽ പോയോ' എന്ന ചോദ്യത്തോടെയായിരുന്നു.

ഉത്തരം: വ്വ്, പളനിയിൽ പോയിരുന്നു. രണ്ടു ദിവസം മുന്നേ എത്തി.

ചോദ്യം: നന്നായി. ആരുടെ കൂടെയാണ് പോയത്?

ഉ: ഒറ്റയ്ക്കായിരുന്നു പോക്ക്. (അപ്പോഴേക്കും അവരുടെ തൊണ്ട ചെറുതായി ഇടറിത്തുടങ്ങി. ആ ദിശയ്ക്കുള്ള ചോദ്യം ബോധപൂർവ്വം ഒഴിവാക്കാൻ നോക്കി)

ചോ: ഇപ്പോ എവിടെപ്പോകുന്നു?

ഉ: കുട്ടിക്ക് കഞ്ഞിപ്പുല്ല് വാങ്ങാൻ പോകുന്നു. മരുമോൻ പറഞ്ഞു മുടി ക്രോപ്പ് ചെയ്യാൻ. ഞാൻ വിചാരിച്ചു എങ്കീ പിന്നെ മൊട്ടയടിച്ചേക്കാമെന്ന്. അങ്ങനെ പളനിപ്പോയി അത് ചെയ്യാമെന്ന് തീരുമാനിച്ചു.

ചോ: (അത്യാവശ്യം ഉച്ചത്തിലുള്ള ചിരി, ആ അമ്മ ചോദ്യമായി കരുതി തുടർന്നു)

ഉ: ഒരു ദിവസം മരുമകൻ ഉച്ചയ്ക്ക് ഊണ് കഴിക്കാനിരുന്നപ്പോ ഭക്ഷണത്തിനകത്ത് ഒരു മുടി കണ്ടു. അത് നീളമുള്ളതായിരുന്നു. അപ്പോ അയാള് വല്ലാണ്ടായി. എന്റെ ശ്രദ്ധക്കുറവിനെപ്പറ്റിയൊക്കെ ഒത്തിരി പറഞ്ഞു. എന്റെ മോളും കേട്ടോണ്ടിരിക്കുവായിരുന്നു. ഒടുവിൽ മരുമോൻ എന്നെ ഉപദേശിച്ചു, അമ്മയ്‌ക്കെന്തിനാ ഇനി ഇത്രയും നീളമുള്ള മുടിയൊക്കെ. ഇതങ്ങ് ക്രോപ്പ് ചെയ്യാന്‍ പറഞ്ഞു. മകളോട് എന്റെ കൂടെ ഏതെങ്കിലും ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി വെട്ടിച്ചു കൊടുക്കാനും പറഞ്ഞു.

(നടുറോഡിൽ നിന്ന് ആ അമ്മ കരഞ്ഞു തുടങ്ങി. നഗരത്തിരക്കിൽ അവരുടെ കരച്ചിൽ സ്വകാര്യതയിൽ തന്നെ ഒതുങ്ങി. അവരെ ഒരു തവണ കണ്ടിട്ടുള്ളവർക്ക് അവരുടെ മുഖത്തേക്കാൾ ഓർമ്മ വരിക അവരുടെ മുടിയായിരിക്കും. അത്രയ്ക്ക് വ്യക്തിത്വവും ചുളിവില്ലാത്ത ആഴക്കടൽച്ചുഴികൾ തീർക്കുന്നതുമായിരുന്നു അത്. അതിന്റെ പേരിൽ അവർക്ക് തെല്ലൊന്നുമല്ലാത്ത അഭിമാനവും ഉണ്ടായിരുന്നു. അവരുടെ മുഖത്ത് എപ്പോഴും വിടർന്നിരുന്ന ചിരി തന്റെ മുടിയെക്കുറിച്ച് ലോകം പുകഴ്ത്തുന്നത് മനസ്സിൽ അറിഞ്ഞിട്ടെന്നോണമായിരുന്നു. അവരുടെ ഭർത്താവിന്റെ മരണശേഷവും അവർക്ക് മുടി പിടിവള്ളി പോലെ തോന്നിയിട്ടുണ്ട്. കാരണം ദിവസം ഒരാളെങ്കിലും അവരുടെ മുടിയെ പ്രകീർത്തിച്ച് സംസാരിക്കാത്ത ദിവസമുണ്ടായിട്ടില്ല.)

മരുമകൻ പറഞ്ഞാൽ മോള് കേൾക്കാതിരിക്കില്ല. വെറുതെ അവർക്ക് പ്രശ്‌നമുണ്ടാകേണ്ട എന്നു കരുതി ഞാനും എന്റെ കൂട്ടുകാരിയും കൂടി പളനിക്ക് പോകാൻ തീരുമാനിച്ചു. അവൾ ഇടയ്ക്ക് പോകാറുണ്ട്. അങ്ങനെ പോയി പളനിയിൽ ഭഗവാന് സമർപ്പിച്ചു. ഇനി അധികം വളരുന്നതിനു മുൻപ് പറ്റയ്ക്ക് വെട്ടി നിർത്തണം. ഞങ്ങള് താമസിക്കുന്ന സ്ഥലത്തിനിടുത്തുള്ള മുക്കിൽ ഒരു ബാർബർ ഷോപ്പുണ്ട്. അവിടെക്കൊണ്ട് വെട്ടിക്കാം. അല്ലാതെ ബ്യൂട്ടി പാർലറിലെങ്ങും എനിക്കിനി പോകേണ്ട ആവശ്യമില്ല. സൗന്ദര്യം വർധിപ്പിക്കാനുള്ളവർക്കല്ലേ അവിടെ പോകേണ്ടൂ.

ചോ: അമ്മ തല മുണ്ഡനം ചെയ്തത് മരുമകന് ഇഷ്ടമായോ?

ഉ: പളനിയിൽ പോയി ചെയ്തതല്ലേ. ഇവിടെ വച്ച് മൊട്ടയടിച്ചാലല്ലേ അയാളോടുള്ള ദേഷ്യം കൊണ്ടാ അങ്ങനെ ചെയ്തതെന്ന് അയാൾ ധരിക്കുകയുള്ളു.

ചോ: അതിരിക്കട്ടെ മുടി പോയപ്പോ അമ്മയ്‌ക്കെന്തു തോന്നുന്നു?

ഉ: എന്തു തോന്നാനാ? വേറെ നിവൃത്തിയില്ലല്ലോ. ശരീരം  പെട്ടെന്ന് വീഴുമെന്നും തോന്നുന്നില്ല. എത്ര നാൾ എന്നുള്ളതാ അലട്ടുന്ന പ്രശ്‌നം. ഇവരുടെ മക്കളൊക്കെയാണെങ്കിൽ സ്‌കൂളിലും പോയിത്തുടങ്ങി. നമ്മളെക്കൊണ്ടുള്ള അവരുടെ ആവശ്യവും കുറഞ്ഞു വരികയാണ്. 

ഇങ്ങനെ നീണ്ടു പോയി ആ അമ്മയുമായുള്ള സംഭാഷണം.

 

ക്ഷേത്രദർശനം വ്യക്തിക്കുള്ള ഗുണപരമായ പരിണാമത്തെ ലക്ഷ്യം വച്ചിട്ടുള്ളതാണ്. അതായത് ശരാശരി മനുഷ്യന് അവന്റെ അല്ലെങ്കിൽ അവളുടെ ഉൺമയെ തിരിച്ചറിയുന്നതിന് തടസ്സമായി നിൽക്കുന്ന ഞാനെന്നും എന്റേതെന്നുമുള്ള അബദ്ധധാരണയിൽ നിന്നു പുറത്തു വരാൻ. അതു മാറിയെങ്കിൽ മാത്രമേ യഥാർഥ ഞാനിനെ തിരിച്ചറിയുന്നതിലേക്കു തിരിയാൻ കഴിയുകയുള്ളു. ആദ്ധ്യാത്മികമായി ശരാശരിയിൽ നിൽക്കുന്നവരെ അതിലേക്ക് സഹായിക്കുന്നതിനുള്ള ആചാരങ്ങളിലൊന്നാണ് തല മുണ്ഡനം ചെയ്യൽ. അഹന്തയെ ഇല്ലായ്മ ചെയ്യുവാനുള്ള പ്രത്യക്ഷാചാരം. ഇവിടെ ഈ അമ്മ അഹന്തയിൽ നിന്നു മുക്തി നേടുന്നതിനു പകരം താനെന്നും തന്റെ അഭിമാനമെന്നും കരുതിയിരുന്ന കാർക്കൂന്തലിനെ ഇല്ലായ്മ ചെയ്യണമെന്നു നിർദ്ദേശിച്ച മരുമകനെ വേദനിപ്പിക്കുന്നതിനായി തല മുണ്ഡനം ചെയ്തിരിക്കുന്നു. തന്റെ മുടി മുറിക്കുന്നത് തന്നെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണെന്ന് അവർക്കനുഭവപ്പെട്ടു. അത്രയ്ക്കാണ് അവരുടെ മുടിയുമായി അവർ താദാത്മ്യം പ്രാപിച്ചിരുന്നത്.

 

തന്നിലേക്ക് പ്രശംസയെ പ്രവഹിപ്പിച്ചിരുന്ന മുടിയെ ഇല്ലായ്മ ചെയ്യാൻ തോന്നിയ മരുമകന്റെ മനസ്സിനെ അതേ നാണയത്തിൽ വേദനിപ്പിക്കണമെന്നു തോന്നി. തന്നെ വേദനിപ്പിച്ച മരുമകന്റെ വരുതിക്ക് നിൽക്കാതിരിക്കാനും എന്നാൽ അയാളെ വെല്ലുവിളിച്ചുകൊണ്ട് കൂടെ തുടരാനും കഴിയാത്ത അവസ്ഥ. മുടി ക്രോപ്പ് ചെയ്യുകയാണെങ്കിൽ തന്റെ സാന്ദ്രാനന്തമയമായ മുടിയെ അപമാനിക്കുന്നതിനു തുല്യമാകും. തന്റെ സ്വകാര്യാനന്ദത്തിന് അതുവരെ കാരണമായിരുന്ന മുടിയെ അപമാനിക്കാനും അവർ തയ്യാറായില്ല. ഒരു തെയ്യം അവരിലൂടെ ജന്മം കൊള്ളുകയായിരുന്നു. അതേസമയം തന്റെ മകളുടെ കുടുംബജീവിതത്തിനും തനിക്ക് തുടർന്നുള്ള ജീവിതത്തിനും വലിയ കുഴപ്പവുമുണ്ടാകരുത്. എന്നാൽ പ്രതികാരം കൊള്ളേണ്ടിടത്ത് കൊള്ളുന്നതുമാകണം. അതാണ് ക്രോപ്പ് ചെയ്യുന്നതിനുളള തന്ത്രപരമായ സ്ഥാനമെന്ന നിലയ്ക്ക് അവർ പളനി തെരഞ്ഞെടുത്തത്. ഇനിമുതൽ മുടി അൽപ്പം കിളിച്ചു തുടങ്ങുമ്പോൾ തന്നെ വെട്ടിച്ചുകളയുമെന്ന അവരുടെ തീരുമാനവും മരുമകന്റെ മുന്നിൽ അയാളിൽ എപ്പോഴും നീറ്റലുണ്ടാക്കുന്ന ഓർമ്മയുടെ രൂപമായി തുടരണം എന്നതു തന്നെയാണ്.

 

അവളവളുടെ സ്വരൂപത്തെ തിരിച്ചറിയുന്നതിന് നടന്നുപഠിക്കുന്ന കുട്ടികൾക്ക് ബേബിവാക്കർ അഥവാ നടത്തസഹായി പോലെയാണ് ക്ഷേത്രങ്ങൾ. ഇവിടെ ഈ അമ്മ അവരുടെ അഭിപ്രായത്തിൽ ഉഗ്രവിശ്വാസിയാണ്. പക്ഷേ ഇവിടെയവർ ക്ഷേത്രത്തെ കൂടുതൽ അജ്ഞതയിലേക്ക് നീങ്ങുന്നതിനുള്ള മറയായി ഉപയോഗിക്കുകയാണുണ്ടായത്. മൊട്ടത്തലയുമായി കാണുന്ന തന്റെ അമ്മായിയമ്മയെ തീർച്ചയായും മരുമകൻ ഒരു കുറ്റബോധത്തോടെയാകും എപ്പോഴും വീക്ഷിക്കുക. അത് ചിലപ്പോൾ അയാളറിയാതെയാകും അയാളിൽ പ്രവർത്തിക്കുക. അയാളിൽ അതു വേദനയുളവാക്കും. വേദനയിൽ നിന്നാണ് മനുഷ്യർ മറ്റുള്ളവരെ വേദനിപ്പിക്കുന്നത്. അങ്ങനെ വേദനിപ്പിക്കുന്നത് തങ്ങൾക്ക് സുഖം കിട്ടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ വേദനപ്പിക്കുന്നതും തിരിച്ചു വേദനിപ്പിക്കുന്നതും സംഘട്ടനങ്ങളിൽ നിന്ന് സംഘട്ടനങ്ങളിലേക്കായിരിക്കും പരിണമിക്കുക. ചുരുക്കത്തിൽ ആ കുടുംബം എപ്പോഴും പിരിമുറുക്കത്തിലും സംഘട്ടനസമമായ അന്തരീക്ഷത്തിലൂടെയുമാകും നീങ്ങുക. ആ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളുടെ മാനസികാരോഗ്യം ക്ഷയിക്കുമെന്നുള്ളതിനും സംശയമില്ല.

 

എന്തുകൊണ്ടായിരിക്കും മരുമകൻ തന്റെ അമ്മായിയമ്മയുടെ മുടി മുറിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടാവുക. ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലെങ്കിലും മുടി കിട്ടിയിട്ടില്ലാത്ത മനുഷ്യർ ഉണ്ടാകില്ല. ഇവിടെ ഭക്ഷണത്തിൽ ഭാവിയിൽ മുടി കാണാതിരിക്കാൻ വേണ്ടിയാകുമോ അയാൾ അത്തരത്തിൽ നിർദ്ദേശം വച്ചത്. ഒരിക്കലും അല്ല. അയാളിൽ ആ മുടി സൃഷ്ടിക്കുന്ന ആന്ദോളനങ്ങൾ അയാളെ പേടിപ്പെടുത്തുന്നു. ആ മുടിക്കൊരു കയത്തിന്റെ ഭാവമുണ്ട്. കയത്തിൽ വീണാൽ രക്ഷപ്പെടുക എളുപ്പമല്ല. എന്നാൽ അരസികനായ ആ മരുമകന് ആ കയം കണ്ട് അതിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്നില്ല. അതേസമയം അതിൽ വീണുപോകുമോ എന്ന പേടിയും. മുടിയുടെ സൗന്ദര്യാത്മകതയും ഭാര്യയുടെ അമ്മയും എന്ന രണ്ട് യാഥാർഥ്യങ്ങൾക്കിടയിൽ അയാൾ പെട്ടു പോകുന്നു. സൗന്ദര്യമുള്ളതിനെയെല്ലാം സ്വന്തമാക്കിയാലേ ആസ്വദിക്കാൻ കഴിയുകയുള്ളു എന്ന മാനസിക വൈകല്യമാണ് അയാളെ ആ പേടിക്കയത്തിലേക്ക് തള്ളിയിടുന്നത്. ആ പേടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയെന്നോണമാണ് ഒരവസരം വീണുകിട്ടിയപ്പോൾ അവരോട് മുടി ക്രോപ്പ് ചെയ്യാൻ നിർദ്ദേശം നൽകിയതും.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com