Skip to main content

nl balakrishnan

 

പ്രസിദ്ധ ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായ എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടക്കും.

 

നിശ്ചല ഛായാഗ്രാഹകനായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ച എന്‍.എല്‍ ബാലകൃഷ്ണന്‍ എഴുപതുകളിലെ സമാന്തര സിനിമകളുടെ ഒപ്പം സഞ്ചരിച്ച വ്യക്തിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ജോണ് അബ്രഹാം, കെ.ജി ജോര്‍ജ്, പദ്മരാജന്‍, ഭരതന്‍, കെ.പി കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ വിവിധ ചിത്രങ്ങളില്‍ ബാലകൃഷ്ണന്‍ സക്രിയ സാന്നിദ്ധ്യമായിരുന്നു.

 

1943-ല്‍ ജനിച്ച ബാലകൃഷ്ണന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്ന്‍ ചിത്രകലയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. എന്നാല്‍, പിന്നീട് നിശ്ചല ഛായാഗ്രഹണത്തിലേക്ക് മാറിയ അദ്ദേഹം വിവിധ സ്റ്റുഡിയോകളില്‍ പരിശീലനം നേടി. 1967-ല്‍ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നത്. 1986-ല്‍ രാജീവ്‌ അഞ്ചലിന്റെ അമ്മാനം കിളി എന്ന്‍ ചിത്രത്തിലൂടെ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലേക്കും നീങ്ങി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ആണ് അവസാനമായി അഭിനയിച്ച ചിത്രം.

 

1968 മുതല്‍ 11 വര്‍ഷം കേരള കൗമുദി പത്രത്തിലും ഛായാഗ്രാഹകനായി ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012-ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയഷന്‍ ചലച്ചിത്ര പ്രതിഭ പുരസ്കാരം നല്‍കിയും 2014-ല്‍ കേരള ലളിതകലാ അക്കാദമി പ്രത്യേക പുരസ്കാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചു. മദ്യപാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്.