Skip to main content
റോം

children in gaza

 

കുട്ടികളെ ഓര്‍ത്ത് യുദ്ധം നിര്‍ത്താന്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ ലോകത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വൈകാരിക ആഹ്വാനം. പശ്ചിമേഷ്യയിലേയും ഇറാഖിലേയും യുക്രൈനിലേയും സംഘര്‍ഷങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞ മാര്‍പാപ്പ സംഘര്‍ഷ മേഖലകളില്‍ കുട്ടികളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നും അവരുടെ പ്രത്യാശയും ഭാവിയും ഇല്ലാതാകുകയാണെന്നും പറഞ്ഞു.

 

വത്തിക്കാനിലെ സെന്റ്‌. പീറ്റേഴ്സ് ചത്വരത്തില്‍ എല്ലാ ആഴ്ചയും നടത്തുന്ന അഞ്ചലസ് അഭിസംബോധനയ്ക്കിടെ ഇടറുന്ന സ്വരത്തിലാണ് യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചത്. താന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണെന്നും ദയവ് ചെയ്ത് യുദ്ധം നിര്‍ത്തണമെന്നുമായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

 

1914 ജൂലൈ 28-ന് ആരംഭിച്ച ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തോട് ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് മുന്‍കൂട്ടി തയാറാക്കിയ പ്രസംഗത്തില്‍ നിന്ന്‍ മാറി വൈകാരികമായ ഭാഷയിലുള്ള യുദ്ധവിരുദ്ധ ആഹ്വാനം മാര്‍പാപ്പ നടത്തിയത്. ഭൂതകാലത്തില്‍ സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.   

 

pope francisയുദ്ധത്തില്‍ എല്ലാം നഷ്ടപ്പെടുന്നുവെന്നും സമാധാനത്തില്‍ ഒന്നും നഷ്ടപ്പെടുന്നില്ലെന്നും ഓര്‍മ്മിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു. പശ്ചിമേഷ്യയിലും ഇറാഖിലും യുക്രൈനിലും യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ കുറിച്ച് താന്‍ പ്രത്യേകമായി ചിന്തിക്കുന്നതെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. മരിച്ച കുട്ടികള്‍, പരിക്കേറ്റ കുട്ടികള്‍, അംഗഭംഗം വന്ന കുട്ടികള്‍, അനാഥരാക്കപ്പെട്ട കുട്ടികള്‍, കളിപ്പാട്ടമായി യുദ്ധാവശിഷ്ടങ്ങള്‍ മാത്രമുള്ള കുട്ടികള്‍, ഇനിയൊരിക്കലും ചിരിക്കാന്‍ കഴിയാത്ത കുട്ടികള്‍ - ഇവരെക്കുറിച്ചാണ് തന്റെ ചിന്തയെന്ന് മാര്‍പാപ്പ പറഞ്ഞു.   

 

പലസ്തീന്‍, യുക്രൈന്‍, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ രൂക്ഷമായ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം. ഇതില്‍ പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഒട്ടേറെ കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുണിസെഫ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 192 കുട്ടികളാണ് ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.  

 

പലസ്തീനിലെ ഗാസ ചിന്തില്‍ പലസ്തീന്‍ സംഘടന ഹമാസിനെതിരെ ഇസ്രയേല്‍ ആരംഭിച്ച ആക്രമണം തിങ്കളാഴ്ച 21ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇരുകൂട്ടരും ദുരിതാശ്വാസ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആക്രമണങ്ങള്‍ തുടരുന്നുണ്ട്. സത്വരവും നിരുപാധികവുമായ ദുരിതാശ്വാസ വെടിനിര്‍ത്തലിന് ഇരുകൂട്ടരും തയ്യാറാകണമെന്ന് യു.എന്‍ രക്ഷാസമിതി തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഹമാസ് പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തലിന്റെ കാലയളവ് തിങ്കളാഴ്ച രണ്ട് മണിയ്ക്ക് അവസാനിക്കും.

 

ജൂലൈ എട്ടിന് ആരംഭിച്ച ആക്രമണത്തില്‍ ഗാസയില്‍ 1065 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ 80 ശതമാനവും സാധാരണക്കാരാണെന്ന്‍ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇസ്രായേലിന്റെ 43 സൈനികരും മൂന്ന്‍ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.  

 

കിഴക്കന്‍ യുക്രൈനില്‍ വിമതസൈന്യവും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ നടക്കുന്ന കനത്ത പോരാട്ടത്തില്‍ ദിവസവും ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള ലുഗാന്‍സ്ക് നഗരത്തില്‍ യുക്രൈന്‍ സേന വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 24 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇവിടെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ 250 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഏപ്രിലില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 478 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍, 1,100-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ അറിയിക്കുന്നത്.

 

മുഅമ്മാര്‍ ഗദ്ദാഫിയെ പുറത്താക്കിയതിന് ശേഷം ലിബിയയില്‍ നടക്കുന്ന ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തില്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ആഴ്ചയവസാനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ഇവിടത്തെ വിമാനത്താവളത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടത്തില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.