മഹാരാഷ്ട്ര
കൊങ്കണ്‍ പാതയില്‍ വച്ച് ദിവ-സാവന്തവാടി പാസഞ്ചര്‍ തീവണ്ടിയുടെ എന്‍ജിനും നാല് കോച്ചുകളും പാളംതെറ്റി പന്ത്രണ്ട്പേര് മരിച്ചു. 30-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. തീവണ്ടിയുടെ ഏതാനും കോച്ചുകള്‍ പ്രദേശത്തെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. മുംബൈയില്‍നിന്ന് 92 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ നഗോതാനെ റെയില്‍വെ സ്റ്റെഷന് സമീപം ഞായറാഴ്ച രാവിലെ 10-നാണ് അപകടം നടന്നത്.
അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തീവണ്ടി പാളംതെറ്റിയതിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തടസപ്പെടുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് രത്നഗിരിക്ക് സമീപം ചരക്ക് തീവണ്ടി പാളംതെറ്റിയതിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം 23 മണിക്കൂര്‍ തടസപ്പെട്ടിരുന്നു.