കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ യോഗഗുരു ബാബ രാംദേവിനെതിരെ ഉത്തർപ്രദേശ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രാഹുൽ ഗാന്ധി ദളിതരുടെ വീടുകളിൽ പോയത് മധുവിധു ആഘോഷിക്കാനും അവധിക്കാലം ചെലവിടാനുമാണെന്നായിരുന്നു രാംദേവിന്റെ പരാമർശം. ബി.ജെ.പിക്ക് പിന്തുണ നല്‍കുന്ന ബാബ രാംദേവ് ലഖ്‌നൗവില്‍ വച്ചാണ് വിവാദ പ്രസ്താവന നടത്തിയത്.
മധുവിധു ആഘോഷിക്കാനാണ് രാഹുൽ ദളിതരുടെ വീടുകളിൽ പോയതെന്നും ഒരു ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നെങ്കിൽ രാഹുലിന്റെ ഭാഗ്യം തെളിഞ്ഞ് ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ കഴിഞ്ഞേനെയെന്നും രാംദേവ് പറഞ്ഞു. വിദേശ യുവതിയെ വിവാഹം കഴിച്ചാല്‍ പ്രധാനമന്ത്രി പദം നഷ്ടമാകുമെന്ന് കരുതിയാണ് സോണിയ ഗാന്ധി മകന്റെ വിവാഹം നടത്താത്തതെന്നും പ്രധാനമന്ത്രിയായ ശേഷം മകനെ വിദേശത്തുനിന്നും വിവാഹം കഴിപ്പിക്കാനാണ് സോണിയയുടെ ആഗ്രഹമെന്നും രാംദേവ് ആരോപിച്ചു.
വിവാദ പ്രസ്താവനയെ കോൺഗ്രസ് രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും രാംദേവ് മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാംദേവിന്റെ പരാമർശം ദളിത് വിരുദ്ധമാണെന്നും ഇതേക്കുറിച്ച് നരേന്ദ്ര മോഡിയും ബി.ജെ.പിയും പ്രതികരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദളിത് വംശത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ പരാമർശം പിൻവലിക്കാൻ തയ്യാറാണെന്ന് രാംദേവ് അറിയിച്ചിരുന്നു.

