രാജീവ് വധക്കേസിലെ മൂന്ന്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ചൊവാഴ്ച ജീവപര്യന്തമായി കുറച്ചു. ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ശാന്തന്‍, മുരുഗന്‍, പേരറിവാളന്‍ എന്നിവരുടെ ഹര്‍ജിയില്‍ വിധി പ്രഖ്യാപിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ 11 വര്‍ഷം നീണ്ടത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
ഹര്‍ജിയില്‍ ഫെബ്രുവരി നാലിന് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. രാഷ്ട്രപതിയ്ക്ക് നല്‍കുന്ന ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ അത്യധികമായ കാലതാമസം വരുത്തുന്നത് വധശിക്ഷ ഇളവ് ചെയ്യാനുള്ള കാരണമാണെന്ന ജനുവരി 21-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ശിക്ഷ ഇളവ് ചെയ്യണമെന്നായിരുന്നു മൂന്ന്‍ പേരുടേയും വാദം.
ഇവരുടെ വധശിക്ഷ ഇളവ് ചെയ്യുന്നതിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകി എന്ന് സമ്മതിച്ച കേന്ദ്രം എന്നാല്‍ ശിക്ഷ ഇളവ് ചെയ്യാന്‍ അര്‍ഹമായ തരത്തില്‍ വിശദീകരിക്കാനാകാത്ത കാലതാമസം ഉണ്ടായില്ലെന്നാണ് വാദിച്ചത്.
എന്നാല്‍, തങ്ങള്‍ക്ക് ശേഷം സമര്‍പ്പിച്ച ദയാഹര്‍ജികളില്‍ തീരുമാനമെടുത്ത ശേഷവും ഒട്ടേറെ വൈകിയാണ് തങ്ങളുടെ കാര്യത്തില്‍ തീരുമാനം വന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
1991 മേയിലാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ടാഡ കോടതി 1998 ജനുവരിയില്‍ ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും 1999 മെയില്‍ സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്തു.
എന്നാല്‍, 2012 ആഗസ്തിലാണ് ഇവരുടെ ദയാഹര്‍ജികള്‍ തള്ളിക്കൊണ്ട് രാഷ്ട്രപതിയുടെ തീരുമാനം വന്നത്. തുടര്‍ന്ന്‍ മദ്രാസ് ഹൈക്കോടതി വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. എം.ഡി.എം.കെ നേതാവ് വൈകോയുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന്‍ വിഷയം സുപ്രീം കോടതി ഏറ്റെടുക്കുകയായിരുന്നു.