Skip to main content
ധാക്ക

പത്ത് വര്‍ഷം മുന്‍പ് നടന്ന ആയുധകടത്ത് കേസില്‍ രാജ്യത്തെ ജമാഅത്തെ ഇസ്ലാമി നേതാവും അസ്സമിലെ വിഘടനവാദ സംഘടന ഉള്‍ഫയുടെ നേതാവും അടക്കം 14 പേരെ ബംഗ്ലാദേശ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടയിലാണ് ചിറ്റഗോങ്ങിലെ പ്രത്യേക മേട്രോപോളിറ്റന്‍ ട്രൈബ്യൂണല്‍ ജഡ്ജി എസ്.എം മുജീബുര്‍ റഹ്മാന്‍ വിധി പ്രഖ്യാപിച്ചത്.

 

paresh baruahഅസ്സം ഐക്യ വിമോചന മുന്നണി (ഉള്‍ഫ) നേതാവ് പരേഷ് ബറുവയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ബറുവയുടെ അസാന്നിദ്ധ്യത്തിലാണ് വിചാരണ നടത്തി വിധി പ്രഖ്യാപിച്ചത്. 2004 ഏപ്രില്‍ രണ്ടിന് ചിറ്റഗോങ്ങ് തുറമുഖത്ത് നിന്ന്‍ പത്ത് ട്രക്ക് നിറയെ ആയുധങ്ങള്‍ പിടിച്ച കേസിലാണ് വിധി. എ.കെ-47 തോക്കുകളടക്കമുള്ള ആയുധങ്ങളും 27,000 ഗ്രനേഡുകളും ഒരു കോടിയില്‍ പരം തിരകളുമാണ് 1500 പെട്ടികളില്‍ നിന്നായി കണ്ടെടുത്തത്. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധവേട്ടയായിരുന്നു ഇത്. ആയുധങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഉള്‍ഫയ്ക്ക് വേണ്ടിയാണ് കടത്ത് നടന്നതെന്ന് കരുതപ്പെടുന്നു.

 

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവും മുന്‍ മന്ത്രിയുമായ മതിയുര്‍ റഹ്മാന്‍ നിസാമി, ബംഗ്ലാദേശ് ദേശീയവാദി പാര്‍ട്ടി (ബി.എന്‍.പി) നേതാവും മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ ലുത്ഫോസ്മാന്‍ ബാബര്‍ എന്നിവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്ന രണ്ട് മുന്‍ ജനറല്‍മാര്‍ക്കും വധശിക്ഷ ലഭിച്ചു.

Tags