Skip to main content

സൗഹൃദങ്ങളുടെ വെള്ളിത്തേരുമായി സഞ്ചരിക്കുന്ന ചില വ്യക്തികളുണ്ട്, നമുക്കിടയിൽ. ഊഷ്മളമായ ബന്ധങ്ങളാണ് അവരുടെ ആവനാഴിയിൽ. ഒന്നു തൊടുക്കുമ്പോൾ നൂറും ആയിരവുമായി പെരുകുന്നത് കണ്ട് ആനന്ദിക്കുന്നവർ. ചെന്നൈയായി രൂപാന്തരം പ്രാപിക്കുന്നതിനു മുമ്പുള്ള മദ്രാസ് നഗരത്തില്‍ സൗഹൃദത്തിന്റെ തിരമാലകൾ സൃഷ്ടിച്ച വ്യക്തിയായിരുന്നു എം. ചന്ദ്രൻ നായർ. ഞങ്ങൾ ഇളമുറക്കാർ അദ്ദേഹത്തെ ചന്ദ്രേട്ടൻ എന്നു വിളിച്ചു. 1980-ൽ നാഷണൽ ഫിലിം ഡവലെപ്‌മെന്റ് കോർപ്പറേഷന്റെ (എൻ.എഫ്.ഡി.സി) മദ്രാസ് റീജിയണൽ മാനേജരായി എത്തിയ അദ്ദേഹം മലയാള സിനിമാക്കാരുമായി നെയ്‌തെടുത്ത ബന്ധങ്ങൾ ആ കാലഘട്ടത്തിന്റെ നാഡിമിടിപ്പുകളായിരുന്നു. അക്കാലത്ത് കോർപ്പറേഷൻ ധനസഹായം നൽകിയ നിരവധി മലയാള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. തമിഴിലും തെലുങ്കിലും അദ്ദേഹം ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാലു തെന്നിന്ത്യൻ ഭാഷകളിൽ എൻ.എഫ്.ഡി.സിയുടെ ധനസഹായം കൊണ്ട് മികച്ച ചിത്രങ്ങളുണ്ടായി. അവയുടെ ക്രെഡിറ്റൊന്നും തന്റേതാക്കാൻ അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നില്ല. 

 

എൺപതുകളുടെ പകുതി കഴിഞ്ഞിരിക്കണം. അന്ന് മലയാള സിനിമ മദ്രാസിൽ സജീവമായിരുന്നു. വടപളനിയിലെ സ്റ്റുഡിയോകളും ലാബുകളുമായിരുന്നു മലയാള സിനിമക്ക് ജീവവായു നൽകിയിരുന്നത്. മലയാളത്തിലെ പ്രമുഖരായ സംവിധായകരും അഭിനേതാക്കളും അന്ന് മദ്രാസിലായിരുന്നു താമസം. മറ്റുള്ളവരാകട്ടെ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. മദ്രാസില്ലാതെ സിനിമയില്ല. (എൺപതുകളുടെ അന്ത്യത്തോടെയാണല്ലോ സിനിമയെ പിഴുതെടുത്ത് കേരളത്തിലേക്ക് കൊണ്ടുപോയത്.) അക്കാലത്ത് സിനിമാക്കാരുടെ ഐക്യത്തിനു അത്യപൂർവമായ ദൃഢതയുണ്ടായിരുന്നു, ചാരുതയുണ്ടായിരുന്നു. ഞാനന്ന് കേരളകൗമുദി- കലാകൗമുദി ഗ്രൂപ്പിന്റെ തമിഴ്‌നാട് സ്‌പെഷ്യൽ കറസ്‌പോണ്ടന്റാണ്. ഓഫീസ് സമയം കഴിഞ്ഞാൽ ചില വൈകുന്നേരങ്ങളിൽ ചന്ദ്രേട്ടൻ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കും. കോടമ്പാക്കത്തെ ഡയറക്‌ടേഴ്‌സ് കോളനിക്കു സമീപമുള്ള വാടക ഫ്‌ളാറ്റിലാണ് അന്നദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നത്. ഏറെ താമസിയാതെ ചർച്ചവേളകൾ സജീവമായി. ബോംബേയിലെ ജീവിതത്തെക്കുറിച്ചുള്ള കഥകൾ കഴിഞ്ഞാൽ സംവാദങ്ങൾ ലോക സിനിമയിലേക്കും ഇന്ത്യൻ സിനിമയിലേക്കും കടന്നു ചെല്ലും. സമീപകാലത്തിറങ്ങിയ സിനിമയുടെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഉണ്ടാകേണ്ട മാറ്റത്തെക്കുറിച്ചാവും ചില ദിവസങ്ങളിലെ ചർച്ചകൾ. ജി. അരവിന്ദൻ മുതലുള്ള പ്രഗത്ഭരൊക്കെ രാവേറെ ചെല്ലുന്നതുവരെ ആ ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്. ചിലപ്പോൾ കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണിയും ഞാനുമാകും പുത്തൻ തലമുറയിൽ നിന്നുള്ള കേൾവിക്കാർ. ഉണ്ണി അന്ന് ഹിന്ദു പത്രത്തിന്റെ കാർട്ടൂണിസ്റ്റായിരുന്നു. കാർട്ടൂണിസ്റ്റുകൾ എന്ന നിലയിൽ ഉണ്ണിയും അരവിന്ദനും തമ്മിൽ അസാധാരണമായ മാനസികൈക്യവും സൗഹൃദവും പുലർത്തിയിരുന്ന കാലം.  

 

തിരൂർ സ്വദേശിയായ ചന്ദ്രൻ നായർ 1950-ൽ ആണ് കേന്ദ്ര വാർത്താവിതരണ വകുപ്പിന്റെ കീഴിലുള്ള ബോംബേയിലെ ഫിലിം ഡിവിഷനിൽ ഉദ്യോഗസ്ഥനായി ചേരുന്നത്. തുടർന്ന് ഇന്ത്യൻ മോഷൻ പിക്‌ചേഴ്‌സ് എക്സ്പോര്‍ട്ടിലും അദ്ദേഹം പ്രവർത്തിച്ചു. 1980-ൽ ആണ് എൻ.എഫ്.ഡി.സിയില്‍ എത്തുന്നത്. 1954 മുതൽ അദ്ദേഹം ബോംബേ 'നാടകവേദി'യുമായി ബന്ധപ്പെട്ടിരുന്നു. നല്ലൊരു നാടക സംഘാടകനും നടനുമായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിലെ മികച്ച കൃതികളൊക്കെ അദ്ദേഹം അക്കാലത്ത് നാടക രൂപത്തിലാക്കിയിട്ടുണ്ട്. അന്ന് ആ സംഘത്തിലുണ്ടായിരുന്ന മറ്റൊരു നാടകപ്രേമിയായിരുന്നു പി.വി കുര്യാക്കോസ്. 1982-ൽ മദ്രാസിലേയ്ക്ക് സ്ഥലംമാറി വന്നപ്പോൾ നാടകഭ്രമത്തെ കുവ്വം നദിയിൽ കളയാനൊന്നും അദ്ദേഹം മിനക്കെട്ടില്ല. മദ്രാസിൽ 'കളരി'യെന്നൊരു സംഘടനയുണ്ടാക്കിയായിരുന്നു നാടകത്തിലെ താൽപര്യം നിലനിർത്തിയത്. സിനിമയിലെ നാടക ബോധമുള്ളവരുമായി ചങ്ങാത്തം വേണമെന്ന് ഒരിക്കൽ എന്നോടു പറഞ്ഞപ്പോഴാണ് ഞാൻ ചലച്ചിത്ര നടൻ എ. രാഘവനെ ചന്ദ്രേട്ടനു പരിചയപ്പെടുത്തുന്നത്. അക്കാലത്ത് സൗഹൃദ സന്ദർശത്തിനിടെ എന്നോട് നാടകത്തിന്റെ സാധ്യതകളെക്കുറിച്ച് രാഘവൻ പറയാറുണ്ടായിരുന്നു. എന്തായാലും ആ ബന്ധം വളർന്നു.  രാഘവൻ സംവിധാനം ചെയ്ത കിളിപ്പാട്ടിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാനും ചന്ദ്രേട്ടനു കഴിഞ്ഞു. ആ ചിത്രം 1986 ൽ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുകയും ചെയ്തു.

 

m chandran nair

 

സൗഹൃദത്തിന്റെ പേരിൽ മറ്റു ചില സിനിമകളിലും ചന്ദ്രൻനായർ അഭിനയിച്ചു. അരവിന്ദന്റെ ചിദംബരത്തിൽ കള്ളുഷാപ്പിലെ നിത്യസന്ദർശകന്റെ വേഷം ആ ചിത്രം കണ്ടവർ മറക്കുമെന്നു തോന്നുന്നില്ല. ഔദ്യോഗിക തിരക്കുകൾക്കിടയിലും അഭിനയിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. അഷ്ടപദി, പഞ്ചവടിപ്പാലം, ഇരകൾ, ഒരിടത്ത് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം മികച്ചവേഷങ്ങൾ അണിഞ്ഞു. ഫെഡറേഷൻ ഓഫ് ഫിലിം സെസൈറ്റീസിന്റെ സതേൺ റീജിയണൽ വൈസ് പ്രസിഡന്റായിരുന്നു ചന്ദ്രൻ നായർ. സത്യജിത്‌ റേ അന്ന് ഫെഡറേഷന്റെ പ്രസിഡന്റ്. 

 

ആന്ധ്രാ സ്വദേശിനി ശകുന്തളയാണ് ചന്ദ്രേട്ടന്റെ ഭാര്യ. ബോംബെയിലെ പരിചയം സൗഹൃദമായി. ടീച്ചർ പണി ഉപേക്ഷിച്ചു അവർ ശകുന്തള നായരായി ചന്ദ്രേട്ടനോടൊപ്പം കൂടി, കുടുംബിനിയായി. രണ്ടു മക്കളുടെ അമ്മയുമായി. നടി ശാരദയുടെ അടുത്ത സുഹൃത്തായിരുന്നു അവർ. എൺപതിന്റെ പകുതിയോടെ മഹാലിംഗപുരത്ത് ശാരദയും ശകുന്തള നായരും കൂടി പരീക്ഷണാർത്ഥം സാരി ബിസിനസ് ആരംഭിച്ചു - 'പാഞ്ചാലി സാരീസ്.' ചെറിയൊരു ഷോറൂമിൽ നിറയെ പാഞ്ചാലി സാരികൾ. പരിചയക്കാരൊക്കെ വന്നു സാരിവാങ്ങി ബിസിനസിനെ പ്രോത്സാഹിപ്പിച്ചു. പക്ഷേ, പാഞ്ചാലി അനുഭവിച്ച പുരുഷപീഢനം അറിയാവുന്നവർ പാഞ്ചാലി സാരിയോടു വലിയ ആഭിമുഖ്യമൊന്നും കാണിച്ചില്ല. താമസിയാതെ കച്ചവടം അവസാനിപ്പിക്കണ്ടി വന്നു.

 

1985 ഒക്‌ടോബറിൽ റിട്ടയർമെന്റിനു മുമ്പ് ഒരുനാൾ അലസമായ സായാഹ്നത്തിൽ ചന്ദ്രേട്ടൻ പറഞ്ഞു, റിട്ടയർമെന്റിനു സമയമാകുന്നു. ഇനിയെന്തു ചെയ്യാൻ? ഏതാണ്ട് 35 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിക്കുകയാണ്. ഇത്രയും കാലം തിരക്കിലായിരുന്ന ഒരാൾ ഇനിയെന്തു ചെയ്യും? ചോദ്യം പ്രസക്തമാണ്. അന്ന് കലാകൗമുദി ഗ്രൂപ്പ് കേരളകൗമുദിയിൽ നിന്ന് വേർപെടുന്ന കാലം. കലാകൗമുദിക്ക് മദ്രാസിൽ ഒരു ബിസിനസ് റെപ്രസെന്റേറ്റീവിനെ വേണമെന്ന ആവശ്യം ഉയർന്നു വരുന്നു. കലാകൗമുദിയിൽ വരാൻ താൽപര്യമുണ്ടോ എന്നായി ഞാൻ. മീഡിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ അദ്ദേഹത്തിനു സന്തോഷം. അക്കാര്യം ഞാൻ മാനേജ്‌മെന്റിന്റെ മുന്നിൽ അവതരിപ്പിച്ചു. അങ്ങനെയാണ് എം. ചന്ദ്രൻ നായർ മദ്രാസിലെ കെ.കെ നഗറിലെ കലാകൗമുദി ഓഫീസിലെത്തുന്നത്.

 

മൂന്നുവർഷക്കാലം അദ്ദേഹം ആ സ്ഥാനത്തുണ്ടായിരുന്നു. ചില്ലറ അസുഖങ്ങൾ തലപൊക്കിയപ്പോൾ അദ്ദേഹം മകൻ സമീർ നായരോടൊപ്പം മുംബൈയിലേക്ക് പോയി. പിന്നീട് അവിടെ ചികിത്സയിലായി. അവസാന നാളുകളിൽ സുഹൃത്തുക്കളായ എം.ടി വാസുദേവൻ നായരും എൻ.എഫ്.ഡി.സി ജനറൽ മാനേജരായിരുന്ന പരമേശ്വരനും കൂടി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ആരോഗ്യം വളരെ മോശമായിരുന്നുവെന്നാണ് പരമേശ്വരൻ അന്നു പറഞ്ഞത്. അന്ത്യവും അവിടെത്തന്നെ ആയിരുന്നു.

 

ചന്ദ്രേട്ടനു രണ്ടു മക്കൾ. മകനും മകളും. എൻ.എഫ്.ഡി.സിയിൽ ഉണ്ടായിരുന്ന കാലത്താണ് മകൻ സമീറിനു പി.എൻ മേനോന്റെ മൂത്തമകളെ വിവാഹമാലോചിക്കുന്നത്. (മേനോന് രണ്ടു പെൺമക്കളും.) കാറ്ററിംഗ് കോഴ്‌സ് പാസ്സായ സമീർ അന്നു എം.ആർ.എഫിന്റെ കീഴിലുള്ള ഗോൾഡ്‌വേർ എന്ന പരസ്യക്കമ്പനിയിൽ ഏക്‌സിക്യൂട്ടീവായിരുന്നു. വിവാഹശേഷം ഭാര്യയുമായി മുംബൈയിലേക്ക് പോയി. സമീർ നായർ എൻ.ഡി.ടി.വിയില്‍ വലിയൊരു സ്ഥാനത്തെത്തി. അമിതാഭ് ബച്ചനെ വച്ച് കോന്‍ ബെനേഗാ കോർപതി പോലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ പിന്നിൽ സമീറായിരുന്നു. പക്ഷേ വിവാഹബന്ധം ഏറെനാൾ നീണ്ടുനിന്നില്ല. വിവാഹമോചനക്കേസ് പി.എൻ മേനോന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.  അദ്ദേഹം രോഗബാധിതനായി. മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടു. ഓർമ്മ നഷ്ടപ്പെട്ട അച്ഛനെ ഇളയമകൾ കൊച്ചിയിലേക്ക് കൊണ്ടുപോയി. ബോധം പൂർണമായി നശിച്ച അദ്ദേഹം കൊച്ചിയിൽ അന്തരിച്ചു. മേനോന്റെ അന്ത്യത്തിനു മുമ്പായിരുന്നു ചന്ദ്രേട്ടന്റെ അന്ത്യം.

 

പഴയ സുഹൃത്തുക്കളുടെ മനസ്സിൽ ഇന്നും എം. ചന്ദ്രൻ നായർ ആവേശമാണ്. എല്ലാവർക്കും സഹായി. ഒരിക്കൽ മദ്രാസിലെ എൻ.എഫ്.ഡി.സി എന്നാൽ എം. ചന്ദ്രൻ നായർ എന്നായിരുന്നു വിവക്ഷ. സൗഹൃദങ്ങളുടെ ശവപ്പെട്ടിയിൽ ആണി തറയ്ക്കുന്ന കാലമാണിത്. അതിനാൽ ചന്ദ്രൻനായർ സ്ഥാപിച്ചെടുത്ത സൗഹൃദത്തിന്റെ വില മനസ്സിലാക്കാൻ ഇന്നത്തെ സിനിമാക്കാർക്കെന്നല്ല മറ്റാർക്കും കഴിഞ്ഞെന്നുവരില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ സൗഹൃദങ്ങൾക്ക് വിലയുണ്ടോ? അറിയില്ല!

 


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.

Tags