Skip to main content


അഥാതോ ബ്രഹ്മജിജ്ഞാസാ എന്ന്‍ ബ്രഹ്മസൂത്രത്തിലെ ആദ്യസൂത്രം. ജ്ഞാതും ഇഛാ ജിജ്ഞാസാ -  അറിയുവാനുള്ള ആഗ്രഹം. ബ്രഹ്മപദത്തിന് ബൃഹതി, ബൃംഹതി എന്ന രീതിയില്‍ വളരുന്നത്, വളര്‍ത്തുന്നത് എന്ന് അര്‍ഥം കല്‍പ്പിക്കാവുന്നതാണ്. സൂക്ഷ്മത്തില്‍ അറിവ് വളരും തോറും നമുക്ക് എന്തിനെയൊക്കെപ്പറ്റി എത്രയൊക്കെയാണ് അറിവില്ലാത്തത് എന്നുള്ള ബോധം വര്‍ധിക്കുന്നു. നമുക്ക് അറിവില്ലാത്തവയെപ്പറ്റിയുള്ള ബോധം -അറിവില്ലാത്തവയെപ്പറ്റിയുള്ള ജിജ്ഞാസ, ഈ ബ്രഹ്മജിജ്ഞാസയുടെ ദീപ്തവും ബൃഹത്തും ആയ സമൂര്‍ത്തഭാവം തന്നെയല്ലേ നമ്മുടെ ചിന്താവിഷയമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറും അതുവഴി നമുക്ക് അറിവുള്ളവയുടെ പരിധിക്കുള്ളിലേക്ക് പ്രവേശിച്ചിരിക്കുന്നുവോ  എന്നു നാം സംശയിക്കുന്ന ഹിഗ്‌സ് ബോസോണും?

 

നാലുചുറ്റും നോക്കുമ്പോള്‍ നാം കാണുന്ന അനന്തവൈവിധ്യങ്ങളുടെ അന്ത:സ്സത്ത തേടുന്നു ശാസ്ത്രം. ആ ഈഷണം - തേടല്‍ നമ്മെ തിരിച്ചറിവുകളിലേക്കു നയിക്കുന്നു. അത് ജൈവവൈവിധ്യങ്ങളുടെ അടിസ്ഥാനം വെറും നാലു ന്യൂക്ലിയോബേസുകള്‍ മാത്രം എന്ന തിരിച്ചറിവ് ആകാം. രാസവൈവിധ്യങ്ങള്‍ വെറും നൂറോളം മൂലകങ്ങള്‍ കൊണ്ട് സൃഷ്ടിക്കാം എന്ന തിരിച്ചറിവാകാം. അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരനും കൂടി സന്തോഷത്തിനായാല്‍ താനുള്‍പ്പെട്ട തന്റെ ജീവിതത്തിന് പരിസ്ഥിതിയായി നില്‍ക്കുന്ന സമൂഹത്തിന് നല്ലത് എന്ന ധര്‍മ്മശാസ്ത്രത്തിലെ തിരിച്ചറിവുമാകാം. ഇക്കൂട്ടത്തില്‍ ഭൗതികശാസ്ത്രം അടിസ്ഥാനപരമായി എന്താണ് അന്വേഷിക്കുന്നത്?

ന്യൂട്ടന്റെ ഒന്നാം ചലന നിയമം എണ്ണയിലോ പഴത്തൊലിയിലോ തെന്നിയിട്ടുള്ളവര്‍ക്ക് എളുപ്പം ബോദ്ധ്യമാവുന്ന സംഗതിയാണ്. അതായത് നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചലനഗതി പുറമെനിന്ന് പ്രയോഗിക്കപ്പെടുന്ന ബലത്താലല്ലാതെ മാറുകയില്ല എന്നുള്ള നിയമം.

ഒന്നു ചിന്തിക്കാം; ശുദ്ധശൂന്യമായ ഒരു പ്രപഞ്ചം സങ്കല്പിക്കുക. അതിനെ വിവരിക്കുവാന്‍ നമുക്ക് പ്രത്യേകിച്ചെന്തെങ്കിലും കല്പനകളുടെ ആവശ്യമില്ല. ഒരേ ഒരു ബിന്ദു ഉള്ള ഒരു പ്രപഞ്ചത്തെ സങ്കല്പിക്കുക. ബിന്ദു എന്ന സങ്കല്പം ആവശ്യമുണ്ട്. രണ്ടു ബിന്ദുക്കളുള്ള പ്രപഞ്ചത്തില്‍ അവ തങ്ങളിലുള്ള അകലത്തെപ്പറ്റി വിവരിക്കുവാന്‍ സ്ഥലം (space)എന്ന കല്പന നമുക്ക് ഉപയോഗിക്കാം. ഈ ബിന്ദുക്കള്‍ക്കിടയിലുള്ള ‘ഇട’ക്ക് മാറ്റം സംഭവിക്കുന്ന രീതിയിലാണെങ്കില്‍, അതായത് ചലനം ഉണ്ടെങ്കില്‍, സമയം എന്ന കല്പന നമുക്ക് വിവരണത്തിനാവശ്യമായി വരും.

 

ന്യൂട്ടന്റെ ഒന്നാം ചലന നിയമം എണ്ണയിലോ പഴത്തൊലിയിലോ തെന്നിയിട്ടുള്ളവര്‍ക്ക് എളുപ്പം ബോദ്ധ്യമാവുന്ന സംഗതിയാണ്. അതായത് നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചലനഗതി പുറമെനിന്ന് പ്രയോഗിക്കപ്പെടുന്ന ബലത്താലല്ലാതെ മാറുകയില്ല എന്നുള്ള നിയമം. നാം കാണുന്ന പ്രവര്‍ത്തനങ്ങളെല്ലാം അടിസ്ഥാനപരമായി ചലനങ്ങളാണ് എന്നു കാണാം. അങ്ങിനെ ഈ മഹാപ്രപഞ്ചത്തിന്റെയായാലും പരമാണുവിന്റെ അന്തരാളങ്ങളിലെ ഘടകകണത്തിന്റെയായാലും നമ്മുടെ നാഡികളിലൂടെ പായുന്ന സിഗ്നലായാലും അന്തരീക്ഷത്തില്‍ പായുന്ന റോക്കറ്റായാലും പാചകമായാലും നെയ്ത്തായാലും ദഹനപ്രക്രിയയായാലും - അനന്ത വൈവിദ്ധ്യമാര്‍ന്ന ഈ പ്രപഞ്ച നടനത്തിനു പിന്നില്‍ ബലങ്ങളാണെന്നു നാം തിരിച്ചറിയുന്നു.

 

ഈ ബലങ്ങള്‍ നമുക്ക് പരിചിതമായ താപമര്‍ദ്ദ സാന്ദ്രതകളില്‍ അടിസ്ഥാനപരമായി നാലെണ്ണം മാത്രമേയുള്ളു എന്നും ഭൗതികശാസ്ത്രം തിരിച്ചറിയുന്നു. വിദ്യുത് കാന്തബലം, ഗുരുത്വാകര്‍ഷണബലം, ശക്തബലം, ദുര്‍ബലബലം. ബലങ്ങള്‍ക്കുകീഴില്‍ വസ്തുക്കളുടേയും മറ്റും ഗതി വിവരിക്കുവാനും നിര്‍ണ്ണയിക്കുവാനുമുള്ള സങ്കേതങ്ങള്‍ ഭൗതികശാസ്ത്രം ഒരുക്കിയിരിക്കുന്നു. നാം കാണുന്നവയും നിര്‍ദ്ധാരണങ്ങളിലൂടെ ഉണ്ട് എന്നു കരുതേണ്ടിവരികയും ചെയ്യുന്നതൊക്കെ സൂക്ഷ്മത്തില്‍ എന്ത് എന്ന് അന്വേഷിക്കുകയും ചെയ്യുന്നു ഭൗതിക ശാസ്ത്രം.

 

ഞെട്ടറ്റ ആപ്പിളിനെ ഭൂമിയിലേക്ക് വീഴ്ത്തുന്ന ഗുരുത്വാകര്‍ഷണ ബലവും വരണ്ട കാലാവസ്ഥയില്‍ വരണ്ട തലമുടി ചീകിയ ചീപ്പിലേക്ക് തുണ്ടുകടലാസുകള്‍ ആകര്‍ഷിക്കപ്പെടുന്നതിലും ഇരുമ്പയിരായ മാഗ്നറ്റൈറ്റ് കഷണങ്ങള്‍ തങ്ങളില്‍ പ്രയോഗിക്കുന്ന ആകര്‍ഷണവികര്‍ഷണങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന ഇലക്ട്രിക് ചാര്‍ജ് എന്ന ഗുണമുള്ള കണികകള്‍ തങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യുത് കാന്തബലവും നാം സാധാരണ അവസ്ഥകളില്‍ പരിചയപ്പെടുന്നു. ന്യൂട്ടന്‍ ആപ്പിളില്‍ തുടങ്ങി പ്രപഞ്ചം മുഴുവന്‍ നീളുന്ന ഗുരുത്വാകര്‍ഷണബലത്തിന്റെ രഹസ്യം തിരിച്ചറിഞ്ഞതുപോലെ ചില അയിരുകള്‍, ഉദാഹരണം യുറേനിയത്തിന്റേത് പ്രദര്‍ശിപ്പിക്കുന്ന റേഡിയോ ആക്റ്റിവിറ്റി (അതിശക്തങ്ങളായ  രശ്മികള്‍ പുറപ്പെടുവിക്കുന്ന സ്വഭാവം) ആറ്റമുകളുടെ കേന്ദ്രബിന്ദുവുമായി, അതായത് ന്യുക്ലിയസ്സുമായി ബന്ധപ്പെട്ടതാണ് എന്ന മേരിക്യൂറിയുടെ തിരിച്ചറിവ് സൂക്ഷ്മകണങ്ങളുടെ ലോകത്തിലെ ബലങ്ങളെപ്പറ്റിയുള്ള അറിവുകളിലേക്കുള്ള സുവര്‍ണവാതിലായിരുന്നു.

 

പോസിറ്റീവ് ചാര്‍ജുള്ള അതിശക്ത രശ്മികളെ ലോലമായ സ്വര്‍ണ്ണപാളിയില്‍ കൂടി കടത്തിവിട്ട് റുഥര്‍ഫോര്‍ഡ് എന്ന ശാസ്ത്രജ്ഞന്‍ പരീക്ഷണം നടത്തി. രശ്മികളിലെ കണങ്ങള്‍ അധികവും വ്യതിയാനമില്ലതെ കടന്നു പോകുന്നതും ഏതാനും ചിലവയുടെ ഗതി അല്പമായി വളയുന്നതും അപൂര്‍വം ചിലവ വന്ന വഴിയെ തിരിച്ചുവിടപ്പെടുന്നതും കണ്ട് അദ്ദേഹം ആറ്റത്തിന്റെ ഘടന ന്യൂക്ലിയസ്സില്‍ കേന്ദ്രീകൃതമായിരിക്കുന്ന (ആറ്റത്തിന്റെ ഏകദേശം മുഴുവന്‍ പിണ്ഡവും വഹിക്കുന്ന, വളരെ വലിപ്പമേറിയ മുറിയില്‍ ഒരുചെറിയ കൊതുക് എന്നതുപോലെമാത്രം വലിപ്പം വരുന്ന ഒരു കേന്ദ്രത്തില്‍ ) പോസിറ്റീവ് ചാര്‍ജും, അതിനെചുറ്റി നെഗറ്റീവ് ചാര്‍ജുള്ള ഭാരം കുറഞ്ഞ സൂക്ഷ്മമായ തുല്യ എണ്ണം ഇലക്ട്രോണുകള്‍ മുറിയില്‍ എങ്ങും ഓടി നടക്കുന്ന രീതിയില്‍ ആണെന്നും അനുമാനിച്ചു.

 

സമാന ചാര്‍ജുകള്‍ തമ്മില്‍ അടുക്കുംതോറും അധികമാകുന്ന വികര്‍ഷണമുണ്ട്. അതിനാല്‍ ഈ ചെറിയ ന്യൂക്ലിയസ്സിനുള്ളില്‍ പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടൊണുകള്‍ തമ്മില്‍ തീരെ ചെറിയ അകലങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ആകര്‍ഷണം ഉണ്ടെങ്കില്‍ മാത്രമെ അവ കൂടിച്ചേര്‍ന്ന നിലയിലുള്ള ന്യൂക്ലിയസ്സ് ഉണ്ടാവുകയുള്ളൂ എന്നും സിദ്ധിക്കുന്നു. വിദ്യുത് കാന്തബലത്തെക്കാളും ശക്തമായ ഇതിനെ സ്ട്രോങ്ങ്‌ ഫോഴ്‌സ് എന്നു വിളിക്കുന്നു. യുറേനിയത്തിന്റേതുപോലെയുള്ള ന്യൂക്ലിയസ്സുകളില്‍ നിന്നു അതിശക്തങ്ങളായ രശ്മികള്‍ പ്രസരിക്കുന്നവയില്‍ ചിലത്, ന്യുക്ലിയസ്സിനുള്ളില്‍ തന്നെ തീര്‍ത്തും ചെറിയ അകലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബലത്തിന്റെ പ്രഭാവത്താലാണെന്നു നാം മനസ്സിലാക്കി. വിദ്യുത് കാന്തബലത്തെ അപേക്ഷിച്ച് ദുര്‍ബലമായതിനാല്‍ ഇതിനെ ദുര്‍ബലബലം (Weak Force)എന്നു വിളിക്കുന്നു.

 

ഈ പ്രോട്ടോണുകള്‍ക്കൊ ഇലക്ട്രോണുകള്‍ക്കൊ ഘടകകണങ്ങള്‍ ഉണ്ടോ? എങ്ങിനെ അറിയുവാന്‍ പറ്റും? ഒരു വലിയ പന്തിനെ ബാറ്റുകൊണ്ടടിക്കുന്നതും നാല് ചെറിയ പന്തുകള്‍ പിരമിഡാകൃതിയില്‍ ഒട്ടിച്ചു വച്ചതിനെ അടിക്കുന്നതും സങ്കല്പിക്കുക. ചലനരീതിയും ബാറ്റുകൊണ്ടടിച്ചാല്‍ ചിതറുന്ന രീതിയും വച്ച് - ഘടനയുണ്ടൊ? ഘടകങ്ങള്‍ തങ്ങളിലുള്ള ബലം എന്ത്? എങ്ങിനെ? എന്നെല്ലാം അറിയാന്‍ കഴിയും.

 

ഇതു തന്നെയാണ് നാം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ചെയ്തു നോക്കുന്നത്. ഹൈഡ്രജന്‍ വാതകമെടുത്ത് ശക്തമായ വിദ്യുത് മണ്ഡലത്തിലൂടെ കടത്തിവിട്ടാല്‍ ഇലക്ട്രോണ്‍ പറിച്ചു മാറ്റി പ്രോട്ടോണുകളുടെ രശ്മി (beam) സൃഷ്ടിക്കാം. ഇവയുടെ പാത ശക്തമായ കാന്തമണ്ഡലത്തില്‍ വളയും. ഇങ്ങനെ കാന്തമണ്ഡലങ്ങള്‍ ഉപയോഗിച്ച് പാത വട്ടത്തിലാക്കാം.  കൂട്ടം കൂട്ടമായി വരുന്ന പ്രോട്ടോണ്‍ സംഘങ്ങളെ ഉയര്‍ന്ന എ.സി വോള്‍ടേജുള്ള ഒരു മേഖലയിലൂടെ തരം പോലെ കടത്തിവിട്ട് വേഗത കൂട്ടിയെടുക്കാം. ഉയര്‍ന്ന വേഗതയില്‍ എതിര്‍ ദിശകളിലായി വരുന്ന സംഘങ്ങളുടെ പാതകള്‍ ഒരേ ബിന്ദുവില്‍ കൂടി കടന്നു പോകുന്ന രീതിയില്‍ ഒന്നു ചരിച്ചു കൊടുത്താല്‍ നേര്‍ക്ക്‌നേരെ ആകുന്ന പ്രോട്ടോണുകള്‍ തങ്ങളിലുള്ള വിദ്യുത് വികര്‍ഷണത്തെ മറികടന്ന് ശക്ത ബലത്തിന്റെ ആകര്‍ഷണവലയത്തിനുള്ളിലായി കൂട്ടിയിടിക്കാനുള്ള സാഹചര്യം ഒരുക്കാം.

 

27 കി. മി. ചുറ്റളവുള്ള വാക്വം തുരങ്കം. 10^-14 അന്തരീക്ഷ മര്‍ദ്ദം. 1.9 കെല്‍വിന്‍ താപനില. ഉള്ളില്‍കൂടി പ്രകാശവേഗത്തിനും, അതായത് സെക്കന്റില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ എന്നതിന്, വെറും മൂന്നു മീറ്റര്‍ പെര്‍ സെക്കന്റ് മാത്രം കുറവ് വേഗതയില്‍ പായുന്ന പ്രോട്ടോണ്‍ ബീമുകള്‍! പാത വളക്കാന്‍ ഏകദേശം പതിനായിരം സുപ്പര്‍ കണ്ടക്റ്റിംഗ് കാന്തങ്ങള്‍. ബീമുകളുടെ കൂട്ടിയിടിയില്‍ ചിതറിത്തെറിക്കുന്ന കണികകളുടെ പാതകളെ പ്രകാശകണങ്ങളാക്കി മാറ്റുവാന്‍ കഴിവുള്ള നാലിനം ഡിറ്റക്ടര്‍പ്പാളികളാല്‍ സൃഷ്ടിക്കപ്പെട്ട പരീക്ഷണക്കൂടുകള്‍ക്കുള്ളിലാണ് കൂട്ടിയിടിക്കാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നത്. കണികകളുടെ പഥങ്ങള്‍ അവയുടെ ഊര്‍ജം ഇവ പഠിക്കുവാനുള്ള ഭൗതികശാസ്ത്രകണക്കുകൂട്ടലുകളുടെ പശ്ചാത്തലം ഉപയോഗിച്ച് കണികാപഥവിവരങ്ങളെ കമ്പ്യൂട്ടറില്‍ ശേഖരിച്ച് വിശകലനം ചെയ്യുന്നു. വര്‍ഷം ഏകദേശം പതിനഞ്ച് പെറ്റാബൈറ്റ് ഡാറ്റാ സ്വീകരിക്കുന്നു. മില്ല്യണ്‍ കണക്കിനു സെന്‍സറുകളാല്‍ നിര്‍മ്മിക്കപ്പെട്ട ആയിരക്കണക്കിനു ടണ്‍ പിണ്ഡമുള്ള പരീക്ഷണക്കൂടുകള്‍ നല്‍കുന്ന വിവരം. നൂറോളം രാജ്യങ്ങളില്‍ നിന്നായുള്ള പതിനായിരത്തോളം ശാസ്ത്രജ്ഞര്‍ ചേര്‍ന്നുള്ള യജ്ഞം. അതാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍.

 

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ വരെ എത്തിനില്‍ക്കുന്ന പരീക്ഷങ്ങള്‍ നമുക്കു തന്ന അറിവെന്താണ്? നാം പ്രത്യക്ഷമായോ പരോക്ഷമായോ കണ്ടറിയുന്ന എല്ലാം അടിസ്ഥാനപരമായി പന്ത്രണ്ട് കണങ്ങളാലും അവയുടെ പ്രതികണങ്ങളാലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.  ഫെര്‍മിയോണുകളായ ആറ് ക്വാര്‍ക്കുകളും ആറ് ലെപ്‌ടോണുകളും മാത്രം മതി എന്ന്. ഉദാഹരണം, മൂന്നു ക്വാര്‍ക്കുകള്‍ ചേര്‍ന്ന പ്രോട്ടോണ്‍, ഒരു ലെപ്‌ടോണായ ഇലക്‌ട്രോണ്‍.  കണങ്ങള്‍ തങ്ങളിലുള്ള ബലമായി പ്രത്യക്ഷപ്പെടുന്നത് ഫെര്‍മിയോണുകള്‍ തങ്ങളില്‍ നാലിനം ബോസോണുകള്‍ കൈമാറുന്ന പ്രക്രിയയാണ്. വിദ്യുത്കാന്തബലത്തില്‍ ഫോട്ടോണ്‍ പ്രകാശകണത്തിന്റെ കൈമാറ്റവും ദുര്‍ബലബലത്തില്‍ W+,W-,Z  എന്നീ ബോസോണുകളുടെ കൈമാറ്റവും ശക്തബലത്തില്‍ ഗ്ലൂഓണുകളുടെ(Gluons) കൈമാറ്റവും ആണെന്നാണ് കണ്ടിരിക്കുന്നത്. ഗ്ലൂഓണുകള്‍ എട്ടിനമുണ്ട്. ഗുരുത്വാകര്‍ഷണം ഇത്തരം സൂക്ഷ്മകല്‍പ്പനകള്‍ക്ക്, ഭൗതികശാസ്ത്രഭാഷയില്‍ ക്വാണ്ടം കല്‍പ്പനകള്‍ക്ക്, വഴങ്ങാതെ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. പക്ഷേ ഗുരുത്വാകര്‍ഷണം എന്നാല്‍ ഗ്രാവിറ്റോണ്‍ എന്ന കണത്തിന്റെ കൈമാറ്റം എന്നു പേരിട്ടുവച്ചിട്ടുണ്ട്.

 

ഗണിതശാസ്ത്ര കല്‍പ്പനകള്‍ ഉപയോഗിച്ചാണ് ഭൗതികശാസ്ത്രം ഈ സൂക്ഷ്മലോകചിത്രം വരച്ചെടുത്തിരിക്കുന്നത്. ഇതിനെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്നു വിളിക്കുന്നു. കൊളൈഡര്‍ കൂട്ടിയിടികളില്‍ തെറിക്കുന്ന കണങ്ങളെയെല്ലാം വിവരിക്കുവാനും അവയുടെ സഞ്ചാരഗതികളും വിഘടനങ്ങളും (decays) പ്രവചിക്കുവാനും കഴിവുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലിന് ഒരു ന്യൂനത. ഇതിലെ ക്വാര്‍ക്കുകള്‍ക്കും ലെപ്‌ടോണുകള്‍ക്കും പിണ്ഡമില്ല. നാം പരീക്ഷണങ്ങളില്‍ കാണുന്നവയ്ക്ക് പിണ്ഡമുണ്ടുതാനും. ഈ ന്യൂനത പരിഹരിക്കുവാനായി സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ കൂട്ടിച്ചേര്‍ത്ത   ഒരു ഗണിതശാസ്ത്ര കല്‍പ്പനയാണ് ഹിഗ്‌സ് ഫീല്‍ഡ്. ഇതിലെ നാലിനം ബോസോണ്‍ കണങ്ങള്‍ സാധാരണ കണങ്ങളോട് ചങ്ങാത്തം കൂടുന്നതിനാല്‍ കുഞ്ഞുപിടിച്ചു തൂങ്ങുമ്പോള്‍ അമ്മയ്ക്ക് നീങ്ങുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുപോലെ കണങ്ങള്‍ക്ക് പിണ്ഡം സംജാതമാകുന്നുവെന്ന് സിദ്ധാന്തം. ബലം പ്രയോഗിക്കുമ്പോള്‍ ഒരു വസ്തു അതിന്റെ ചലനാവസ്ഥ മാറുന്നതിന് കാണിക്കുന്ന വൈഷമ്യത്തേയാണല്ലോ നാം പിണ്ഡമെന്നു വിളിക്കുന്നത്.

 

സിദ്ധാന്തം പ്രവചിക്കുന്ന നാലു ഹിഗ്‌സ് ബോസോണുകളിലൊന്ന് കൂട്ടിയിടിയില്‍ ഉണ്ടാക്കപ്പെട്ടതിന്റെ ലാഞ്ചനയാണ് ലാര്‍ജ് ഹാഡ്രോണ്‍  കൊളൈഡര്‍ പ്രവര്‍ത്തിപ്പിക്കുന്ന സേണ്‍(CERN) സംഘം 2012 ജൂലായ് നാലിന് പ്രഖ്യാപിച്ചത്. അതിസാന്ദ്രതയില്‍ ട്രില്ല്യണ്‍ ഡിഗ്രി താപനിലയിലുള്ള ക്വാര്‍ക്ക് ഗ്ലൂഓണ്‍ പ്ലാസ്മ- ഒരു മിനി ബിഗ്-ബാംഗ് തന്നെ പഠിക്കുവാനും ഇവിടെ അവസരമുണ്ടായി.

 

ഇന്ദ്രിയഗോചരമായ ലോകവും അതിന്റെ പ്രവര്‍ത്തനങ്ങളും നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതികളുടെ ഉള്ളില്‍ നില്‍ക്കുന്നവ മാത്രമാണ്. സൂക്ഷ്മതരവും സ്ഥൂലതരവും അത്യധികവേഗത്തില്‍ നീങ്ങുന്നവയും പരീക്ഷണനിരീക്ഷണ മനനങ്ങളിലൂടെ തെളിയുന്ന ചിന്തകളില്‍നിന്നും ഉരുത്തിരിയുന്ന സിദ്ധാന്തങ്ങള്‍ വഴിയാണ് നാം നമുക്കു കണക്കുകൂട്ടിയെടുക്കാവുന്ന രീതിയിലാക്കുന്നത്.

 

ഈ രീതിയില്‍ ദൂരദര്‍ശിനികള്‍ വഴിയുളള വാനനിരീക്ഷണം ഭൂമിയില്‍ നടത്തപ്പെടുന്ന പരീക്ഷണനിരീക്ഷണങ്ങളിലൂടെ നമുക്കു ലഭിച്ച അറിവിന്റെ പരിധിക്കുള്ളിലൊതുങ്ങാത്ത പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. സ്വഗുരുത്വാകര്‍ഷണത്തിന് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതിനും അധികം വേഗത്തില്‍ കറങ്ങുന്നുണ്ടെങ്കിലും ചിതറിപ്പോകാതെ നില്‍ക്കുന്ന പിരിയന്‍ ഗാലക്‌സികളുണ്ട്. നമുക്കു കാണുവാന്‍ കഴിയാത്ത ഏതോ ശ്യാമപിണ്ഡ (dark matter) ത്തിന്റെ ഗുരുത്വാകര്‍ഷണമാണോ അവയെ ചിതറാതെ നിര്‍ത്തുന്നത്? മുകളിലേക്കെറിയുന്ന കല്ലിന്റെ വേഗത ഭൂമിയുടെ ആകര്‍ഷണം കൊണ്ട് കുറഞ്ഞുവരുന്നതുപോലെ, വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് നാം അനുമാനിച്ചറിയുന്ന ഈ പ്രപഞ്ചം, സ്വഗൂരുത്വാകര്‍ഷണത്താല്‍ വികാസവേഗം കുറയ്ക്കുന്നതായി കാണുന്നതിനു പകരമായി - ഏതോ ശ്യാമോര്‍ജത്തിന്റെ (dark energy)സാന്നിദ്ധ്യത്താലാണോ - വികാസവേഗം കൂടുന്നതായി നാം കാണുന്നുവല്ലോ! സ്റ്റാന്‍ഡേര്‍ഡ് മോഡലിനു വിപരീതമായി ന്യൂട്രിനോകള്‍ എന്ന ലെപ്‌ടോണുകള്‍ക്ക് പിണ്ഡമുണ്ടെന്ന് ജ്യോതിശാസ്ത്രപഠനങ്ങള്‍ കാണിക്കുന്നുവല്ലോ. സൂപ്പര്‍ സിമിട്രി അനുസരിക്കുന്നുണ്ടോ പ്രപഞ്ചം? അറിയും തോറും ഏറിവരുന്ന നിഗൂഢതകളും അവയുടെ ഗാഢതയും. കൊച്ചു കുഞ്ഞു താന്‍ ജനിച്ചുവീണ ഈ പ്രപഞ്ചത്തെ അറിയുവാന്‍ ശ്രമിക്കുന്ന അതേ ബഹ്മജിജ്ഞാസ തന്നെയല്ലേ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലൂടെയും അതിനും അപ്പുറത്ത് വരാന്‍ പോകുന്ന സംവിധാനങ്ങളിലൂടെയും മനുഷ്യരാശി പ്രകടമാക്കുന്നത്.

 

Dr. K. Indulekhaകോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ് ഫിസിക്സില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ് കെ. ഇന്ദുലേഖ. ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത പ്രഭാഷണത്തിന്റെ ലേഖന രൂപം.