എൺപത്തഞ്ച് വർഷങ്ങൾക്കു മുമ്പാണ് തിരുവനന്തപുരത്തെ പട്ടത്ത് ആദ്യ സിനിമാസ്റ്റുഡിയോ ആരംഭിക്കുന്നത്. തന്റെ ആദ്യത്തേയും അവസാനത്തേതുമായ വിഗതകുമാരനു വേണ്ടിയായിരുന്നു ജെ.സി ഡാനിയേൽ താൽക്കാലിക ഷെഡ്ഡുകൾ കെട്ടിപ്പൊക്കി ആ സ്റ്റുഡിയോ തീർത്തത്. അതിനുശേഷം അവിടെ മറ്റൊരു സിനിമ മുളച്ചുപൊന്തിയതായി ചരിത്രമൊന്നും രേഖപ്പെടുത്തിക്കാണുന്നില്ല. പിന്നീടുള്ള സിനിമാചരിത്രങ്ങളുടെ കെട്ടുവള്ളങ്ങൾ ചെന്നടിഞ്ഞത് കോടമ്പാക്കത്തെ വിസ്മയങ്ങളുടെ വർണപ്രപഞ്ചത്തിലായിരുന്നു. ജെ.സി ഡാനിയേൽ മുതൽ പട്ടം താണുപിള്ള വരെയുള്ള നിരവധി നിർഭാഗ്യവാന്മാരും ഭാഗ്യശാലികളും ആത്മസംഘർഷങ്ങൾ അനുഭവിച്ച പട്ടത്തു നിന്നാണ് നടനും ഗായകനുമായ പട്ടം സദനും യാത്ര ആരംഭിക്കുന്നത്. സിനിമയുടെ മാസ്മരികലോകത്തെക്കുറിച്ച് നിരന്തരം സ്വപ്നം കണ്ടുനടന്ന സദന്റെ തട്ടകം തിരുവന്തപുരമായിരുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസത്തോട് യാത്ര പറഞ്ഞ് അൻപതുകളിൽ സദൻ എത്തിയത് സിനിമയുടെ വാഗ്ദത്തഭൂമിയായ കോടമ്പാക്കത്തായിരുന്നു.
ചുരുങ്ങിയ കാലത്തിനുള്ളിൽ തമിഴ്-മലയാളം സിനിമയുടെ ഭാഗമായിത്തീരാൻ പട്ടംസദനു കഴിഞ്ഞെങ്കിൽ അതിനു പിന്നിൽ ചില പ്രേരകശക്തികളുണ്ടായിരുന്നു. തമിഴിൽ നിറഞ്ഞുനിന്ന ചന്ദ്രബാബുവായിരുന്നു ഒന്നാമത്തെ ആൾ. സംഗീതസംവിധായകനായ എം.എസ് വിശ്വനാഥനാണ് അടുത്ത വഴികാട്ടി. ആദ്യകാലങ്ങളിൽ തമിഴ് നാടകവുമായി ബന്ധപ്പെട്ടായിരുന്നു സദന്റെ കലാപ്രവർത്തനങ്ങൾ. തമിഴ് സിനിമയോടൊപ്പംതന്നെ പ്രാധാന്യമുണ്ടായിരുന്നു അന്നത്തെ നാടകങ്ങൾക്ക്. അതിനാൽ പട്ടം സദൻ എന്ന നടനു സിനിമയുടെ ദന്തഗോപുരങ്ങളിലേയ്ക്ക് കയറിച്ചെല്ലാനുള്ള ഗേറ്റ്പാസ്സുണ്ടായിരുന്നു. എം.ജി.ആറും എം.എൻ നമ്പ്യാരുമൊക്കെ ബാലതാരങ്ങളായി പരിശീലിച്ച രാജമാണിക്യം നാടകക്കമ്പനിയായിരുന്നു പട്ടം സദന്റേയും ഞാറ്റടി. രാജമാണിക്യക്കാർ നാടകത്തെ സിനിമയിലേക്കുള്ള ചവിട്ടുപടിയായി കണ്ടിരുന്നു.
അൻപതുകളിൽ ചന്ദ്രബാബുവും സദനും തമിഴ് ചിത്രങ്ങളിൽ പുതിയ ചേരുവ സൃഷ്ടിച്ചു. പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റാൻ അവരുടെ അസാധാരണമായ പ്രകടനങ്ങൾക്ക് കഴിഞ്ഞു. നടൻ മാത്രമല്ല താനൊരു ഗായകനും മിമിക്രി കലാകാരനുമാണെന്നും സദൻ തെളിയിച്ചു. ഏതാണ്ട് ഇരുപതുവർഷക്കാലം സദൻ മലയാളം-തമിഴ് സിനിമകളിൽ നിറഞ്ഞു നിന്നു. കുഞ്ഞുണ്ണിമാഷിനെപ്പോലെ 'പൊക്കമില്ലാത്തതാണെന്റെ പൊക്കം' എന്നു വിശ്വസിച്ചിരുന്ന സദനു നായകന്റെ പിന്നാലെ ചുറ്റിക്കളിക്കുന്ന കോമഡി കഥാപാത്രങ്ങൾക്ക് അനുയോജ്യമായ മെലിഞ്ഞ ശരീരപ്രകൃതമാണുണ്ടായിരുന്നത്. എം.ജി.ആർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ തുടങ്ങിയവരോടൊപ്പം സദൻ പാടിയും ആടിയും അഭിനയിച്ചു. മലയാളത്തിലും തന്റെ മുദ്രകൾ ചാർത്തിക്കൊണ്ട് പട്ടം സദൻ പടർന്നുകയറി.
സംഗീതസംവിധായകൻ 'മെല്ലിശ്ശൈമന്നൻ' എം.എസ് വിശ്വനാഥന്റെ സംഘത്തിലെത്തിയതോടെയാണ് പട്ടം സദന്റെ പുതിയൊരു മുഖം പ്രേക്ഷകർക്ക് കാണുന്നത്. അവൾ ഒരു തുടർക്കഥയിലെ ദൈവം തന്ന വീട്, വീഥിയെനിക്ക് (തമിഴിൽ- കടവുൾ അമൈത്തിവച്ച വീട്) എന്ന ഹിറ്റായിത്തീർന്ന പാട്ടിലെ പക്ഷിമൃഗാദികളുടെ ശബ്ദവും സ്പെഷ്യൽ ഇഫക്ടുമൊക്കെ നൽകിയത് പട്ടം സദനായിരുന്നു. പോനാൽ പോകട്ടും പോടാ തുടങ്ങി അത്തരത്തിലുള്ള ഇരുപതിലധികം തമിഴ് പാട്ടുകൾക്ക് സദൻ മിമിക്രി ശൈലിയിലുള്ള ശബ്ദങ്ങൾ നൽകി. 1963 ൽ പുറത്തുവന്ന നിത്യകന്യകയെന്ന മലയാളസിനിമയിലെ കൈയിൽ നിന്നെ കിട്ടിയാലൊരു കലാകാരിയാക്കും എന്ന ഗാനം പട്ടം സദനും ടി.എസ് കുമരേശനും കൂടി പാടി. ജീവിക്കാൻ അനുവദിക്കൂ എന്ന ചിത്രത്തിനു വേണ്ടി യേശുദാസും സദനും പാടിയ അരപ്പിരിയിളകിയതാർക്കാണ് ആർക്കാണ്. എന്ന ഗാനം അക്കാലത്ത് ഉത്സവപ്പറമ്പുകളിലെ 'റെക്കോർഡ് ഡാൻസി'ലെ പ്രധാന ഇനമായിരുന്നു. ഭാര്യയിലെ പഞ്ചാരപ്പാലുമിട്ടായി എന്ന ഗാനരംഗത്ത് സദൻ അഭനയിക്കുകയും ചെയ്തു.
ഇരുനൂറിലധികം തമിഴ്-മലയാളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പട്ടം സദന്റെ ജീവിതം ആശാവഹമായിരുന്നില്ല. ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബം അല്ലതില്ലാതെ പോയത് ഭാര്യക്കുണ്ടായിരുന്ന ചെറിയ ജോലിയുടെ നേട്ടം കൊണ്ടായിരുന്നു. മക്കളോ കുടുംബകാര്യങ്ങളോ സദനെ സംബന്ധിച്ച് പ്രശ്നമായിരുന്നില്ല. പലപ്പോഴും രാവിലെ പോയതുപോലെ സദൻ മടങ്ങി വന്നിട്ടില്ലെന്നതാണ് ഭാര്യയുടെ സങ്കടം. കിട്ടുന്ന പണമൊക്കെ ലക്കില്ലാതെ മദ്യത്തിനുപയോഗിച്ചു. സാധുവായ ആ മനുഷ്യനെ കേന്ദ്രീകരിച്ച് നിരവധി കഥകൾ കോടമ്പാക്കത്ത് പ്രചരിച്ചു. അതൊക്കെ മദ്യാസക്തിയുടെ കഥകളായിരുന്നു. വടപളനി മുരുകൻ കോവിലിനു പിന്നിലെ കുമരൻ കോളനിയിലായിരുന്നു സദന്റെ വീട്. മഴ പെയ്താൽ ഇടവഴി, കുളവും തോടുമാകും. രാത്രിയായാൽ വീട്ടിലെത്താൻ ബുദ്ധിമുട്ടാകും. അൽപം 'സ്മാൾ' അകത്തുണ്ടെങ്കിൽ പറയാനുമില്ല.
ഒരു രാത്രിയിൽ വീട്ടിലേക്കുള്ള സാഹസികയാത്രയിൽ സദനു വഴിതെറ്റി. അയൽക്കാരുടെ സഹായത്തോടെ ഒടുവിൽ വീട്ടിലെത്തിയപ്പോഴാണ് തന്റെ വീട്ടിലേക്കുള്ള വഴിക്ക് പേരില്ലെന്ന വിവരം സദൻ മനസ്സിലാക്കുന്നത്. രാവിലെ ഒരു പലകക്കഷണത്തിൽ 'സദൻതെരു' എന്നെഴുതി വഴിയുടെ തുടക്കത്തിൽ സ്ഥാപിക്കുന്നു. മഴ പെയ്തൊഴിഞ്ഞ ദിവസം കോർപ്പറേഷൻ ജീവനക്കാർ വന്നു റോഡുകൾ മെച്ചപ്പെടുത്തി ടാറിട്ടു. പലകക്കഷണം മാറ്റി അവിടെ മഞ്ഞപ്പലകയിൽ കോർപ്പറേഷന്റെ പുതിയ ബോർഡുവന്നു- 'സദൻതെരു'.
ഇരുപതു വർഷക്കാലം പട്ടം സദൻ സിനിമയുടെ തണലിൽ ജീവിച്ചു. 1992 ൽ അഭിനയിച്ച സിംഹധ്വനി ആയിരുന്നു അവസാനചിത്രം. പക്ഷേ സദനു ജീവിതം എന്നുമൊരു കീറാമുട്ടിയായിരുന്നു. കിട്ടിയ പണമൊക്കെ മദ്യഷോപ്പുകളിൽ ചിലവിട്ടു. വാടകവീടായിരുന്നു അവസാനംവരെ ശരണം. വടപളനിയിലെ സ്വകാര്യാശുപത്രിയിൽ ഈ സാധുമനുഷ്യൻ അന്തരിക്കുമ്പോൾ ചികിത്സക്കു ചിലവിട്ട ബില്ലുകൾ കൊടുക്കാൻപോലും വകയില്ലായിരുന്നു. സഹപ്രവർത്തകർ പിരിച്ചെടുത്ത പണംകൊണ്ടായിരുന്നു ആശുപത്രിയിൽനിന്ന് മൃതശരീരം പുറത്തെടുക്കാനായത്. എവിഎം ശ്മശാനത്തിൽ സദൻ എരിഞ്ഞടങ്ങുമ്പോൾ ദുഃഖിക്കാൻ ആരുമുണ്ടായില്ല. ജീവിതത്തെ നിസ്സാരമായി തട്ടിക്കളിച്ചുകൊണ്ടാണ് സദൻ കോടമ്പാക്കത്തോടു യാത്രപറഞ്ഞത്.