
സംവിധായകന്‍ ആഷിക് അബുവും നടി റീമ കല്ലിങ്കലും വിവാഹിതരായി. എറണാകുളം കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വെള്ളിയാഴ്ചയായിരുന്നു വിവാഹം. അനാര്‍ഭാടത്തിന്റെ കാര്യത്തില്‍ ഏറെ മാധ്യമശ്രദ്ധ നേടിയ താര വിവാഹമായിരുന്നു റീമയുടെയും ആഷിക് അബുവിന്റെയും. ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
റീമയുടെ ഫേസ് ബുക്ക് വാളിലാണ് വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആ പണം അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കായ് നല്‍കാന്‍ കഴിഞ്ഞ ദിവസം ഇരുവരും എറണാകുളം ജനറല്‍ ആസ്പത്രിയിലെത്തിയിരുന്നു. സിനിമാ രംഗത്തു നിന്ന് മണിയന്‍പിളള രാജുവും രഞ്‌ജിത്തും പി രാജീവ് എം.പി അടക്കമുളള അടുത്ത സുഹൃത്തുക്കളും നേരത്തെ തന്നെ ചടങ്ങില്‍ പങ്കെടുക്കാനായെത്തിയിരുന്നു.
