Skip to main content
മാലി

മാലിദ്വീപില്‍ ശനിയാഴ്ച നടത്താനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് വീണ്ടും റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ തിരഞ്ഞെടുപ്പ് നടപടികള്‍ പോലീസ് നിര്‍ത്തിവക്കുകയായിരുന്നെന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഫുവാദ് തൗഫീക്ക് അറിയിച്ചു. പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഓഫീസില്‍ നിന്ന് മാറ്റരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് പോലീസ് നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഏഴിന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. മാത്രമല്ല ഈ മാസം 20-നു മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

 

നിലവിലുള്ള പ്രസിഡനറിന്റെ കാലാവധി അടുത്തമാസം 11-നു അവസാനിക്കുമെങ്കിലും ഇപ്പോഴുള്ള സാഹചര്യത്തില്‍ അതിനു മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം സംശയമാണെന്ന് ഫുവാദ് തൗഫീക്ക് പറഞ്ഞു. പോലീസ് കമ്മീഷന്റെ അധികാരത്തില്‍ കൈകടത്തുകയാണെന്നും പോലീസ് തടയുന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടു പോവാന്‍ സാധിക്കുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.