രക്തസാക്ഷി പുഷ്പൻ ഉയർത്തുന്ന ചോദ്യങ്ങൾ
കൂത്തുപറമ്പ് വെടിവെപ്പിൽ ആറാമത് രക്തസാക്ഷിയായി മാറിയ പുഷ്പൻ കേരളത്തിൻറെ സാമാന്യബുദ്ധിക്ക് മുന്നിൽ ചോദ്യചിഹ്നമാകുന്നു.പുഷ്പനെ സമരനായകൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സിപിഎം കാർ അദ്ദേഹത്തിന് വിടചൊല്ലിയത്.എന്തിനു വേണ്ടിയാണോ പുഷ്പൻ തൻറെ ജീവിതം ബലി കൊടുത്തത് ആ കാരണവും ഇപ്പോൾ ആ പാർട്ടിയുടെ അവസ്ഥയുമായി തട്ടിച്ചു നോക്കിയാണ് പുഷ്പന്റെ ജീവിതം കേരളം വിലയിരുത്തേണ്ടത്. വിശേഷിച്ചും സാമാന്യമായി ചിന്തിക്കാൻ ശേഷിയുള്ള പാർട്ടി പ്രവർത്തകർ.
പുഷ്പൻ അവസാന നിമിഷം വരെ പാർട്ടിയെന്ന വികാരം നെഞ്ചിലേറ്റിയാണ് മൂന്നു ദശാബ്ദത്തിലേറെ ഒരേ കിടപ്പിൽ കിടന്നത്. താൻ എന്തിനുവേണ്ടിയാണോ ജീവിക്കുന്ന രക്തസാക്ഷിയായത് അതിനു വിരുദ്ധമായ രീതിയിൽ പാർട്ടിയും നേതൃത്വവും നീങ്ങിയ കാഴ്ചകണ്ടാണ് പുഷ്പൻ വിടവാങ്ങിയിരിക്കുന്നത്.
സ്വാശ്രയ കോളേജുകൾക്കെതിരെയുള്ള സമരത്തിലാണ് പുഷ്പന് വെടി ഏൽക്കുകയും മറ്റഞ്ചു പേർ മരിക്കുകയും ചെയ്തത്. കിടക്കയിൽ കിടന്ന് പുഷ്പൻ കണ്ടത് പാർട്ടിയും നേതൃത്വവും സ്വാശ്രയ കോളജ് ഉൾപ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല നേതൃത്വം മൂലധന ശക്തികളുടെ ചങ്ങാത്ത വലയത്തിൽ നീങ്ങുന്നതുമാണ്. കേരളത്തിൽ സ്വാശ്രയ കോളേജുകൾ പെട്ടിക്കടകൾ പോലെ വ്യാപിച്ചു.നേതാക്കളുടെ മക്കൾ ഇത്തരം കോളേജുകളിൽ വിദ്യാർത്ഥികളായി പുറത്തിറങ്ങി വ്യവസായികളായി മാറി.