കാരണത്തെ മറച്ച്, ദുരന്തത്തെ ആഘോഷിക്കുന്ന കേരളം
വയനാട് മുണ്ടക്കൈയ്യിലെ ദുരന്തം മനുഷ്യനിർമ്മിതമെന്ന് തിരിച്ചറിയേണ്ട വേളയാണ് പുനരധിവാസ ശ്രമങ്ങൾക്കൊപ്പം ഉണ്ടാകേണ്ടത്. മറിച്ച് പുനരധിവാസത്തിനുള്ള ശ്രമങ്ങൾക്കിടയിൽ ദുരന്തകാരണം വിസ്മരിക്കപ്പെട്ടാൽ നിരപരാധികളായ നൂറുകണക്കിനാളുകൾ വരും നാളുകളിൽ സമാനമായ ദുരന്തങ്ങൾക്കിരയാകും. അതിൽ ആരെന്ന് ഉറപ്പിക്കാൻ പറ്റില്ല. അതാരുമാകാം. ഇതു കുറിക്കുന്ന വ്യക്തി മുതൽ വായിക്കുന്ന വ്യക്തി വരെ ആകാം. അത് മലയിലോ സമതലത്തിലോ തീരത്തുള്ളവരോ ആകാം.
കേരളത്തിൽ സമീപ വർഷങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളെല്ലാം മനുഷ്യ നിർമ്മിതമാണ്. എന്നാൽ ഓരോ ദുരന്തമുണ്ടാകുമ്പോഴും അതിലെ വൈകാരികാന്തരീക്ഷത്തെ ഒരു മൂടുപടം പോലെ ഉപയോഗിച്ച് കാരണത്തെ മൂടിക്കൊണ്ടിരിക്കുന്നു. അതിൽ സർക്കാർ വിജയിക്കുകയും ചെയ്യുന്നു. തുടർന്ന് ദുരന്തത്തെ ഒരുതരത്തിൽ പൈങ്കിളി ആഘോഷമാക്കുന്ന വിധമാണ് കേരളം പെരുമാറുന്നത്.
കേരളം ദുരന്തത്തെ ആഘോഷിക്കുന്ന നാടുപോലെ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് സമീപകാലത്തെ അനുഭവങ്ങളിലൂടെ നോക്കിയാൽ മനസ്സിലാകുന്നത്. 2018 ലെ പ്രളയമായാലും, പിന്നീടു വർഷം തോറും അരങ്ങേറുന്ന ദുരന്തങ്ങളിലുമെല്ലാം കണ്ടു വരുന്നത് അതാണ്.