Skip to main content
മുംബൈ

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും സാക്ഷി മൊഴികളെ വിസ്തരിക്കുന്നതിനുമായി പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയിലെത്തി. വാഗാ അതിർത്തി വഴി ഏഴു ദിവസത്തെ വിസാ കാലാവധിയിലാണ് പാക് സംഘം എത്തിയത്. ഇത് രണ്ടാംതവണയാണ് മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് സംഘം ഇന്ത്യയില്‍ എത്തുന്നത്.

 

2012 മാര്‍ച്ചില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി തള്ളിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് റിപ്പോര്‍ട്ട്‌ തള്ളിയതെന്നാണ് കോടതി വിശദീകരണം. ഏഴു ദിവസം കൊണ്ട് കമ്മീഷൻ കേസിലെ സാക്ഷികളിൽ നിന്നും മൊഴിയെടുക്കും. പൊലീസുകാർ,​ കേസ് പരിണഗിച്ച അതിവേഗ ജഡ്ജി എം.എൽ.തഹിലിയാനി എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

 

2008 നവംബര്‍ 26-നാണ് മുംബൈയില്‍ ഭീകരാക്രമണമുണ്ടായത്. പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയിബയായിരുന്നു ആക്രമണത്തിനു പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അജ്മല്‍ കസബിനെ കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയിരുന്നു.

Tags