Skip to main content
മുസഫര്‍ നഗര്‍

ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗര്‍ ജില്ലയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ 27മരണം. സംഭവവുമായി ബന്ധപ്പെട്ട് നാലു ബി.ജെ.പി എം.എല്‍.എമാരും ഒരു കോണ്‍ഗ്രസ് നേതാവും ഉള്‍പ്പടെ 40 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറു ഗ്രാമങ്ങളിലായി ഞായറാഴ്ച മാത്രം13 പേരാണ് കൊല്ലപ്പെട്ടത്. തലേദിവസങ്ങളിലായി 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. 800 സൈനികര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്.

 

അതേസമയം കലാപവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ബി.എല്‍.ജോഷി രംഗത്തെത്തി. സംസ്ഥാനത്തെ മതസൌഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ പരാജയമാണെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ബി.ജെ.പി എം.എല്‍.എ മാരായ ഹുകും സിംഗ്, സംഗീത് സോം, ഭര്‍ത്തെന്ദൂ സിംഗ്, സുരേഷ് റാണ, കോണ്‍ഗ്രസ്സ് എം.പി. ഹരേന്ദ്ര മാലിക്, ഭാരതീയ കിസ്സാന്‍ യൂണിയന്‍ നേതാവ് നരേഷ് തികത് തുടങ്ങിയവരാണ് അറസ്റ്റിലായത്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

 

ആഗസ്റ്റ്‌ 27 നു കവല്‍ ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തയാള്‍ കൊല്ലപ്പെട്ടതാണ് കലാപത്തിനു തുടക്കമായത്. പിന്നീട് ഒരു വിഭാഗം വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്തു മടങ്ങിയവര്‍ക്കെതിരെ മറ്റൊരു വിഭാഗം അക്രമം നടത്തിയതാണ് വീണ്ടും സംഘര്‍ഷത്തിനു വഴിവച്ചത്.

 

വ്യാജ പ്രചരണങ്ങളില്‍ ജനങ്ങള്‍ ഏര്‍പ്പെടരുതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മോശം പേരാണ് മുഖ്യമന്ത്രിക്കു നേടിക്കൊടുക്കുകയെന്നു അദ്ദേഹം വ്യക്തമാക്കി.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 451 വര്‍ഗീയ കലാപങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍റെ പറഞ്ഞു.