നാല്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റോക്ക്ഹോമില്‍ നടന്ന ഒരു ബാങ്ക് കവര്‍ച്ച ഒരു മനശ്ശാസ്ത്ര പ്രതിഭാസത്തിന്റെ പിറവി മുഹൂര്‍ത്തമായി. ഒട്ടേറെ പഠനങ്ങള്‍ക്കും, ഒപ്പം സാഹിത്യസൃഷ്ടികള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ഒക്കെ ആ പ്രതിഭാസം വഴിതുറന്നു. എന്നാല്‍, സ്റ്റോക്ക്ഹോം സിന്‍ഡ്രോം എന്ന മാനസിക പ്രതിഭാസം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന്‍ ആധികാരികമായി പറയാന്‍ കഴിവുള്ള ജാന്‍ എറിക് ഓള്‍സണ് പക്ഷെ, ഇപ്പോഴും അറിയില്ല അതെങ്ങെനെയാണ് സംഭവിച്ചതെന്ന്. മനസ്സിന്റെ വിചിത്ര വഴികള്‍!
1973-ലെ ആഗസ്ത് 23-ന് കാലത്ത് 10.15-നാണ് അന്ന്‍ 32-കാരനായ ഓള്‍സണ്‍ സ്വീഡിഷ് തലസ്ഥാനത്തിലെ നോര്‍മാംസ്റ്റോര്‍ഗ് ചത്വരത്തിലുള്ള ക്രെഡിറ്റ്ബാങ്കനിലേക്ക് ഒരു സബ്-മെഷീന്‍ ഗണ്ണുമായി കടന്നുചെന്നത്. പാര്‍ട്ടി ആരംഭിക്കുകയാണ് എന്നലറിക്കൊണ്ട് തുടങ്ങിയ കവര്‍ച്ചയില്‍ 30 ലക്ഷം സ്വീഡിഷ് ക്രൌണ്‍സിനൊപ്പം ജയിലിലുള്ള തന്റെ സുഹൃത്തിന്റെ മോചനത്തിനായി നാല് ബാങ്ക് ജീവനക്കാരെയും ഓള്‍സണ്‍ ബന്ദികളാക്കി.
ഓള്‍സണും പോലീസും തമ്മിലുള്ള നീണ്ട വിലപേശലുകള്‍ക്കിടയിലാണ് യു.എസ് മനശ്ശാസ്ത്രജ്ഞന് ഫ്രാങ്ക് ഒക്ബര്‍ഗ് പിന്നീട് നാമകരണം ചെയ്ത സ്റ്റോക്ക്ഹോം സിന്‍ഡ്രോമിന് തുടക്കമാകുന്നത്. തട്ടിക്കൊണ്ടുപോകുന്നവരും ഇരകളും തമ്മില്‍ തടവിനിടയില്‍ രൂപപ്പെടുന്ന, യുക്തിപരമായി വിശദീകരിക്കാനാകാത്ത തന്മയീഭാവവും സഹാനുഭൂതിയും.
ആറു ദിവസം നീണ്ടുനിന്ന ബന്ദിനാടകം സ്വീഡനില്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്ന ആദ്യ കുറ്റകൃത്യ വാര്‍ത്തയായി. തുടക്കത്തില്‍ ബന്ദികളുടെ മുഖത്ത് ദൃശ്യമായിരുന്ന ഭയം പിന്നീട് സങ്കീര്‍ണ്ണമായ ഭാവങ്ങള്‍ക്ക് വഴിമാറി. ആ ദിവസങ്ങളിലെ ഓരോ സംഭവവും എല്ലാ വിശദാംശങ്ങളും ഓരോ വാക്കും 72-ാം വയസ്സിലും താന്‍ ഓര്‍മ്മിക്കുന്നതായി ഓള്‍സണ്‍.
മൂന്നാം ദിവസം ഓള്‍സണും ബന്ദികളും പുറത്തുനില്‍ക്കുന്ന പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ബാങ്കിന്റെ കൂടുതല്‍ ഉള്ളിലേക്ക് മാറി. അതുവരെ അണിഞ്ഞിരുന്ന ഒരു അറബ് തീവ്രവാദിയുടെ വേഷം, വിഗ്ഗും മേക്കപ്പും, ഓള്‍സണ്‍ അഴിച്ചുമാറ്റി. തുടര്‍ന്ന് അവര്‍ സംസാരിക്കാന്‍ തുടങ്ങി. അവരുടെ ജീവിതങ്ങളെ കുറിച്ച്, അവരുടെ സ്വപ്നങ്ങളെ കുറിച്ച്, അവരുടെ ഭയങ്ങളെ കുറിച്ച്.
ബന്ദികളിലോരാള്‍ കക്കൂസില്‍ പോകാന്‍ അനുവാദം ചോദിച്ചതാണ് കാര്യങ്ങള്‍ മാറുന്നതിന്റെ അടയാളമായത്. ഓള്‍സണ്‍ ക്ഷീണിതനായിരുന്നു. കക്കൂസ് പോലീസ് നില്‍ക്കുന്നതിന്റെ സമീപമാണെന്നും അയാള്‍ രക്ഷപ്പെട്ടേക്കാമെന്നും അറിഞ്ഞിട്ടും പൊയ്ക്കോളൂ, എന്നാല്‍ തിരിച്ചുവരണം എന്നുപറയുകയാണ് ഓള്‍സണ്‍ ചെയ്തത്. ആദ്യത്തെ അത്ഭുതം, അയാള്‍ തിരിച്ചുവന്നു. ഓടിരക്ഷപ്പെടാനുള്ള പോലീസിന്റെ പദ്ധതികള്‍ അവഗണിച്ച്.
പിന്നീട്, സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാമെ ബാങ്കിലേക്ക് ഫോണ്‍ ചെയ്തു. ക്രിസ്റ്റിന്‍ എന്മാര്‍ക്കേലിന്റെ അപ്രതീക്ഷിതമായ മറുപടി പൊതുജനാഭിപ്രായത്തെ പിടിച്ചുകുലുക്കുന്നതായിരുന്നു. ‘ഞാന്‍ അയാളെ ഭയക്കുന്നില്ലെന്ന് താങ്കള്‍ക്കറിയാമോ? പോലീസിനെ മാത്രമാണ് ഞങ്ങള്‍ക്ക് പേടിയെന്ന് താങ്കള്‍ക്കറിയാമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞങ്ങള്‍ക്കിവിടെ സുഖമാണ്.’ അവര്‍ പറഞ്ഞു.
ആത്യന്തികമായി, അന്നത്തെ സംഭവങ്ങള്‍ക്ക് അവസാന നിഗമനം എഴുതിയത് യു.എസ് മനശ്ശാസ്ത്രജ്ഞന് ഫ്രാങ്ക് ഒക്ബര്‍ഗാണ്. സ്റ്റോക്ക്ഹോം സിന്‍ഡ്രോം എന്ന പേരില്‍ തടവിലാക്കപ്പെട്ടവര്‍ക്കും തടവിലാക്കിയവര്‍ക്കും ഇടയിലെ അളക്കാനാവാത്ത ബന്ധത്തിന് രോഗലക്ഷണശാസ്ത്രപരമായ വിശദീകരണം നല്‍കിയത് ഒക്ബര്‍ഗാണ്. തട്ടിക്കൊണ്ടുപോകലിന് ഇരയായവരുടെ ഇടയിലാണ് തന്റെ ജീവിതകാലം മുഴുവന്‍ ഒക്ബര്‍ഗ് ചിലവഴിച്ചത്. നവംബര്‍ 1979 മുതല്‍ ജനുവരി 1982 വരെ 444 ദിവസം തെഹ്രാനിലെ യു.എസ് സ്ഥാനപതി കാര്യാലയത്തില്‍ ബന്ദികളാക്കപ്പെട്ടവര്‍ മുതല്‍ 1999-ല്‍ കൊളംബിയന്‍ സ്കൂള്‍ വെടിവെപ്പിനെ അതിജീവിച്ചവര്‍ വരെയുള്ളവര്‍ ഇതില്‍പ്പെടുന്നു.
ഇന്ന്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സ്റ്റോക്ക്ഹോം സിന്‍ഡ്രോമിന് ആസ്പദമായി മൂന്ന്‍ ഘടകങ്ങളെയാണ് ഒക്ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്. ആദ്യഘടകം ഇരകള്‍ തടവിലാക്കിയവരുമായി വൈകാരിക ബന്ധം സ്ഥാപിക്കാന്‍ തുടങ്ങുന്നതാണ്. ഇത് പ്രണയം തന്നെയായി മാറാമെന്ന് ഒക്ബര്‍ഗ്. തടവിലാക്കിയവര്‍ ഈ ബന്ധത്തോട് പ്രതികരിക്കാന്‍ തുടങ്ങുന്നതാണ് രണ്ടാമത്തെ ഘടകം. ഇരയുടെ പരിചരണത്തിനും സുരക്ഷക്ക് തന്നെയും ഇതോടെ ഇവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. മൂന്നാമത്തെ ഘടകം ഇരുകൂട്ടര്‍ക്കും പുറത്തെ ലോകത്തോടുള്ള പൊതുവായ വെറുപ്പാണ്.
തങ്ങള്‍ ഉറപ്പായും കൊല്ലപ്പെടുമെന്ന് കരുതുന്ന ബന്ദികളില്‍ സിന്‍ഡ്രോം വളരെപ്പെട്ടെന്ന് സംഭവിക്കുമെന്ന് ഒക്ബര്‍ഗ് പറയുന്നു. തങ്ങളെ കാത്തുസൂക്ഷിക്കുകയാണെന്ന് തിരിച്ചറിയുമ്പോള്‍, ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഒക്കെ അനുവദിക്കുമ്പോള്‍ എല്ലാത്തിനും ഉപരിയായി അവരില്‍ കൃതജ്ഞത അനുഭവപ്പെടുന്നു. അമ്മയില്‍ പരിപൂര്‍ണ്ണമായി ആശ്രയം കണ്ടെത്തുന്ന നവജാതശിശുക്കളെപ്പോലെ അവര്‍ സ്വയം കരുതുന്നു. പിന്നീട് സ്വതന്ത്രമാക്കപ്പെടുമ്പോഴും തങ്ങളുടെ കുടുംബത്തേക്കാളും തട്ടിക്കൊണ്ടുപോയവരോട് അവര്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപ്പെടും. തങ്ങളുടെ കുടുംബം തങ്ങളെ ഉപേക്ഷിച്ചതായ തോന്നല്‍ അവരുടെ അബോധമനസ്സില്‍ ശക്തി പ്രാപിക്കുന്നതാണ് ഇതിന് കാരണം.
ഇടവേളകളില്‍ ഉപയോഗിച്ച കാറുകളുടെ വില്‍പ്പനക്കാരനായി ജോലി നോക്കുന്ന, ഒന്‍പത് കുട്ടികളുടെ അച്ഛനായ, ഓള്‍സണിന്റെ ജീവിതം 72-ാം വയസ്സില്‍ ശാന്തമാണ്. പത്തു വര്‍ഷം നീണ്ട ശിക്ഷാ കാലയളവില്‍ ബന്ദികളില്‍ രണ്ടുപേര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചതായി ഓള്‍സണ്‍ പറയുന്നു. ഇപ്പോഴും തന്റെ ബന്ദികളെ ഇടക്കിടെ ഓള്‍സണ്‍ കാണുന്നു. സ്റ്റോക്ക്ഹോമില്‍ പോകുന്ന അവസരങ്ങളില്‍ ക്രെഡിറ്റ്ബാങ്കനിലും കയറാന്‍ ഓള്‍സണ്‍ മറക്കാറില്ല. “അതേ ആളുകള്‍ അവിടെ ഇപ്പോഴും ജോലി നോക്കുന്നു. അവരെന്നെ ഒരു സുഹൃത്തിനെപ്പോലെ സ്വാഗതം ചെയ്യും.”
കടപ്പാട്: ലാ സ്റ്റാമ്പ