ചന്ദ്രാജിയെ നിങ്ങളറിയുമോ? കോടമ്പാക്കത്തിന്റെ അനൗദ്യോഗിക നിരീക്ഷകനായി ഇരുപത്തെട്ടു വർഷക്കാലം പഴയ മദ്രാസിലും പുതിയ ചെന്നൈയിലും ജീവിച്ച ചന്ദ്രാജി? മുച്ചീട്ടുകളിക്കാരൻ, ഇറച്ചിവെട്ടുകാരൻ, പിടിച്ചുപറിക്കാരൻ, കപടമന്ത്രവാദി, മോർച്ചറിയിലെ ശവം എന്നിങ്ങനെ ഓസ്‌ക്കാറിനു സാധ്യതയുള്ള പലവേഷങ്ങൾ കെട്ടിയാടിയ ആ പച്ച മനുഷ്യനെ നിങ്ങൾ പല സിനിമകളിലും കണ്ടിട്ടുണ്ടാവും. മലയാളത്തിൽ മേക്കപ്പാവശ്യമില്ലാത്ത ഒരേയൊരു നടൻ ചന്ദ്രാജിയായിരുന്നുവെന്ന റിക്കോർഡ് ഗിന്നസ്സിൽ കയറാത്തത് ചന്ദ്രാജിയുടെ കുറ്റമല്ലെന്ന് വായനക്കാർ മനസ്സിലാക്കുക.
മലയാളത്തിന്റെ നിറചിരിയായ ഇ.വി കൃഷ്ണപിള്ളയുടെ മകനാണ് രാമചന്ദ്രൻ നായർ എന്ന ചന്ദ്രാജി. അപ്പൂപ്പൻ (അമ്മയുടെ അച്ഛൻ) സുപ്രസിദ്ധ ചരിത്രാഖ്യായികാകാരൻ സി.വി രാമൻപിള്ള. ബ്രിട്ടിഷ് ആർമിയിൽ നിന്ന്‍ പിരിഞ്ഞശേഷം ചന്ദ്രാജി വന്നിറങ്ങിയത് തിരക്കുപിടിച്ച ബോംബേ നഗരത്തിലായിരുന്നു. അവിടെ മസിൽപിടുത്തക്കാരനായും മരണക്കിണറിലെ സൈക്കിളോട്ടക്കാരനായും മദ്യവിൽപ്പനക്കാരനായും ബിമൽറോയ് പ്രൊഡക്ഷനിലെ ചായവിളമ്പുകാരനായുമൊക്കെ ജീവിച്ചുതീർത്തശേഷമായിരുന്നു അനുജൻ അടൂർ ഭാസിയുടെ ക്ഷണം സ്വീകരിച്ച് ചന്ദ്രാജി മദ്രാസിലെത്തുത്.
ഞാൻ മദ്രാസിലെത്തിയപ്പോൾ ആദ്യം ചൂളൈമേടിലെ രാജവീഥിയിൽപ്പോയി കീഴടങ്ങിയത് ചന്ദ്രാജിച്ചേട്ടന്റെ മുന്നിലായിരുന്നു. ഞാൻ പറഞ്ഞു:
'ഗുരോ, എന്റെ പരാധീനതകൾ മനസ്സിലാക്കി എന്നെ അവിടത്തെ അംഗരക്ഷകനാക്കുമാറാകണം. കാലുവാരിയാലും കലഹിക്കില്ല. ഉറപ്പ്'
ചന്ദ്രാജി തമിഴ്‌ശൈലിയിൽ മൊഴിഞ്ഞു: 'ശരി, അപ്പടിയിരുക്കട്ടും.'
(ആ ബന്ധം മുംബെയിലെ അദ്ദേഹത്തിന്റെ അസ്തമയംവരെ നിലനിന്നു.)
അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പലപ്പോഴും പത്രക്കാരനായെത്തിയ എനിക്ക് പ്രയോജനപ്പെടുമെന്ന ഉൾവിളിയുണ്ടായിരുന്നു. അദ്ദേഹം ഭാസിയേട്ടനോടൊപ്പമാണ് താമസം. വളരെക്കാലം കഴിഞ്ഞാണ് സ്വന്തമായി വീടുവച്ച് മാറിയത്. ചന്ദ്രാജിയുടെ നിലവാരമുള്ള തമാശകളും നിരീക്ഷണങ്ങളും ജീവിതാനുഭവങ്ങളും എന്റെ ജീവിതത്തിലും കാഴ്ചപ്പാടിലും, എന്തിനധികം ഭാഷാശൈലിയിൽപ്പോലും ആഴത്തിൽ സ്പർശിച്ചിരുന്നു. മിക്കപ്പോഴും അദ്ദേഹം എന്റെ ടൂവീലറിന്റെ പിന്നിലുണ്ടാകും. അതിനാൽ ഭാസിയേട്ടൻ സ്വന്തം 'അണ്ണനെ' എന്റെ ടൂവീലറിന്റെ സ്റ്റെപ്പിനിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. മാതൃഭൂമിയിലെ എ സഹദേവനും ചന്ദ്രാജിയും ഞാനുമാണ് അത്തെ വൈകന്നേരങ്ങളിലെ സ്ഥിരം കോടമ്പാക്കം സഞ്ചാരികൾ. സിനിമരംഗത്തെ എ ടു ഇസഡ് അദ്ദേഹത്തിനറിയാം. ഞങ്ങൾക്ക് ചോദിച്ചറിയാനുള്ള കാര്യങ്ങൾ നിരവധിയാണ്. യാത്രയുടെ അവസാനം ഏതെങ്കിലും കള്ളുഷാപ്പിലായിരിക്കും. സഹദേവനു കള്ള് വർജ്ജ്യമാണ്. തികഞ്ഞ ഗാന്ധിയൻ. കള്ളുതൊടാത്തതിനാലാണ് സഹദേവൻ ഇങ്ങനെ ഈർക്കിലിപോലെ വളരുതെന്ന്‍ ചന്ദ്രാജി പറയുമായിരുന്നു. പക്ഷേ ഞങ്ങളുടെ കള്ളുകുടിയെ സഹദേവൻ നിരുത്സാഹപ്പെടുത്തില്ല. ഒപ്പം കാഴ്ചക്കാരനായിട്ടുണ്ടാവും.
തമാശകൾ പോലും തന്മയത്വമായി അവതരിപ്പിച്ച് ആൾക്കാരെ വലയ്ക്കാനുള്ള ചന്ദ്രാജിയുടെ കഴിവു പ്രസിദ്ധമാണ്. ആടിനെ പുലിയും പുപ്പുലിയുമാക്കാനുള്ള വിരുത്. തമാശയുടെ ഒരു ലാഞ്ചനപോലുമില്ലാതെ അദ്ദേഹമതു നടത്തിയിരിക്കും. (ഭാസിയേട്ടനാകട്ടെ തമാശ പറയുമ്പോഴും പറഞ്ഞശേഷവും ചിരിച്ചുകൊണ്ടിരിക്കും. പക്ഷേ തമാശയാണെന്നറിഞ്ഞ് ചുറ്റുമുള്ളവർ പൊട്ടിച്ചിരിച്ചാലും എന്തുസംഭവിച്ചു എന്ന ഗൗരവഭാവത്തോടെ ചന്ദ്രാജി നോക്കിനിൽക്കും). അച്ഛന്റെ തമാശയുടെ നൂറ്റിയൊന്നു ശതമാനവും ലഭിച്ചത് ഭാസിയേട്ടനേക്കാൾ ചന്ദ്രാജിച്ചേട്ടനായിരുന്നെന്ന് സുഹൃത്തുക്കൾ പറയുമായിരുന്നു.
ആടിനെ പുലിയും പുപ്പുലിയുമാക്കാനുള്ള കഴിവിനെക്കുറിച്ചുള്ള ഒരു തമാശ കേൾക്കുക-
ചന്ദ്രാജിക്ക് ബിസിനസ്സറിയില്ല. എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ ജീവിക്കാൻ. പരദൂഷണവും പറഞ്ഞ് നടന്നാല്‍ പോരല്ലോ. അണ്ണൻ ഒന്നു പരീക്ഷിക്കട്ടെ എന്നായി അടൂർഭാസിയുടെ നിലപാട്. മോഹൻദാസും അമ്മാവൻ മേനോനും നടത്തുന്ന ആർ.കെ ലാബിൽ (ഇന്നു വടപളനി ആദിത്യ ഹോട്ടൽ നിൽക്കുന്ന സ്ഥലം) നിക്ഷേപം നടത്താൻ അനുജൻ ഒരു ലക്ഷം രൂപ നൽകി. വീട്ടിൽ വെറുതേയിരിക്കുന്നതിനേക്കാൾ അണ്ണൻ എന്തെങ്കിലും ചെയ്യട്ടെ എന്ന ചിന്ത. മേനോന്റെ സുഹൃത്തും നിർമ്മാതാവുമായ ആർ.എസ് പ്രഭുവാണ് ഇടനിലക്കാരൻ. 'ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ 16 എം എം പ്രിന്റുകൾ എടുക്കുന്ന ചെറുകിട ലാബാണ് ആർ.കെ. അതിന്റെ വിപുലീകരണത്തിനായിരുന്നു ചന്ദ്രാജിയിൽ നിന്നു മേനോൻ ഒരു ലക്ഷം വാങ്ങിയത്. പക്ഷേ അതുകൊണ്ടു മുതൽമുടക്കുകാരനു നേട്ടമൊന്നുമില്ല. വർഷം രണ്ടുമൂന്നു കഴിഞ്ഞു. മുതലുമില്ല, പലിശയുമില്ല. ചന്ദ്രാജി മുച്ചീട്ടുകളിക്കാരനെപ്പോലെ മീശയും മുറുക്കി ലാബിന്റെ പിന്നാമ്പുറത്തൊക്കെ പലതവണ നടന്നുനോക്കി. അമ്മാവൻ മേനോനും മരുമകൻ മേനോനും ചന്ദ്രാജിയെ കണ്ടതായിപ്പോലും നടിക്കുന്നില്ല. ലക്ഷം രൂപ ബ്ലാക് ആന്റ് വൈറ്റിൽ പോയല്ലോ എന്ന വേവലാതി സഹപ്രവർത്തകർക്കിടയിൽ പിശുക്കനെറിയപ്പെടുന്ന ഭാസിയേട്ടനെ വല്ലാതെ അലട്ടി. അണ്ണൻ മുടക്കുമുതൽ മടക്കിവാങ്ങിയിട്ട് ഇങ്ങോട്ടുവന്നാൽ മതിയന്നായി അനുജൻ. ചന്ദ്രാജി പരുങ്ങലിലായി.
പണംതിരികെ വാങ്ങാൻ എന്താണ് മാർഗ്ഗം? ബിസിനസുകാരനായ മേനോൻ തന്ത്രങ്ങൾ പറഞ്ഞ് മറുകണ്ടം ചാടുകയാണ്. പണം കൊടുക്കുന്ന ലക്ഷണം കാണുന്നില്ല. അങ്ങനെയാണ് എന്നെക്കൂടി 'മടക്കൽവാങ്ങൽ' പ്രക്രിയയിൽ പങ്കുചേർക്കാൻ അണ്ണൻ ചന്ദ്രാജിയെ ചട്ടംകെട്ടുന്നത്. കാര്യമൊന്നും പറയാതെ എന്നെയും കൂട്ടി ചന്ദ്രാജി ആർ.കെ ലാബിലേയ്ക്ക് പോകുന്നു. കണ്ണാടിക്കൂടിനകത്താണ് മേനോന്റെ ഇരിപ്പിടം. അൽപം തടിയുള്ളതിനാൽ എനിക്ക് ഒരു ഗുണ്ടയുടെ ലുക്കുണ്ടെന്ന്‍ ചന്ദ്രാജി നേരത്തേ കണ്ടെത്തിയിരുന്നു. കണ്ണാടിക്കൂടിനു പുറത്തെ ബഞ്ചിലിരിക്കാൻ എനിക്ക് ചന്ദ്രാജിയുടെ കൽപന.
അകത്തുകയറുന്നതിനുമുമ്പ് പതുക്കെ എന്നാൽ സഗൗരവം എന്റെ ചെവിയിൽ പറഞ്ഞു- 'അകത്തുനിന്ന്‍ മേനോന്റെ നോട്ടംവരുമ്പോൾ അല്പം മസിൽ പിടിച്ചിരിക്കുക, കണ്ണുകൾ വിടർന്നിരിക്കണം. അൽപം ചുമപ്പിച്ചാലും തെറ്റില്ല. പിന്നെ ചിരി, പുഞ്ചിരി, വിടലച്ചിരി ഇത്യാദി പാടില്ല. ഗൗരവം ചോർന്നുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പാരിതോഷികം പിന്നാലെ. താമസിയാതെ വരാം.'
ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ അതൊക്കെ സമ്മതിച്ചു. ചന്ദ്രാജി കണ്ണാടിക്കൂടു തുറന്ന്‍ അകത്തുകയറി. എന്നെറിച്ച് മേനോനോടും എന്തോ വളരെ ഗൗരവപൂർവം പറയുന്നുണ്ട്. ഇടയ്ക്കിടെ മേനോൻ എന്നെ തുറിച്ചുനോക്കുന്നു. തുറിച്ചുനോട്ടം, കലാമണ്ഡലം കൃഷ്ണൻനായരെപ്പോലെ ആശങ്കയിലേക്കും ഭീതിയിലേക്കും തെന്നിവീഴുന്നത് എനിക്ക് കാണാം. കണ്ണാടിക്കൂടായതിനാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല. മേനോൻ ആൾക്കാരെ വിളിച്ചുകൂട്ടി എന്നെ തല്ലുമോ എന്നായി എന്റെ പേടി. കുറച്ചുകഴിഞ്ഞ് ഒരു ചെക്കുമായി ചന്ദ്രാജി പുറത്തേയ്ക്കു വരുന്നു. ഒന്നും പറയാതെ സ്ഥലംവിടാൻ ചന്ദ്രാജിയുടെ ആംഗ്യം.
അവിടെ നടന്ന ഡയലോഗിന്റെ പൂർണരൂപം അതിനുശേഷം മദ്യഷാപ്പിലാണ് വെളിവാകുത്. (ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ).
ഡയലോഗ് ഇങ്ങനെ:
ചന്ദ്രാജി: ഹലോ, മിസ്റ്റർ മേനോൻ നിങ്ങൾക്ക് ഇത്തിക്കര പക്കിയെ അറിയാമോ?
മോനോൻ: ഇല്ല.
ചന്ദ്രാജി: കായങ്കുളം കൊച്ചുണ്ണി?
മോനോൻ: ഇല്ല. സിനിമയിൽ കേട്ടിട്ടുണ്ട്.
(ചരിത്രമോ പുരാണമോ എന്തിനു ഐതിഹ്യമാലപോലും വായിച്ചിട്ടില്ലാത്ത പാലക്കാടൻ മേനോൻ പണ്ടേ കേരളം വിട്ട സാധുവാണ് അയാൾക്കെന്ത് ഇത്തിക്കരപ്പക്കി, കായങ്കുളം കൊച്ചുണ്ണി?)
ചന്ദ്രാജി: അറിയാത്തതു നന്നായി. അതല്ല കാര്യം. ഇവർ രണ്ടുപേരും മദ്രാസ് നഗരത്തിലെ ഭീകര പിടിച്ചുപറിക്കാരായിരുന്നു. നഗരത്തെ കിടുകിടാ വിറപ്പിച്ച ഗുണ്ടകൾ. എന്തുകാര്യവും അവർ വിചാരിച്ചാൽ സാധിക്കും. കിട്ടാക്കടമൊക്കെ ഒറ്റമണിക്കൂർ കൊണ്ട് അവർ പിരിച്ചെടുത്ത ചരിത്രമുണ്ട്. (പുറത്ത് മസിൽസ് പിടിച്ചിരിക്കുന്ന എന്നെ ചൂണ്ടിക്കാണിക്കുന്നു) ആ ഇരിക്കുന്ന മാന്യനെ അറിയുമോ?
മോനോൻ: (പുറത്തേയ്ക്ക് സാകൂതം നോക്കുന്നു) ഇല്ല.
ചന്ദ്രാജി: എന്നാൽ അറിയണം. കൊച്ചുണ്ണിയുടേയും പക്കിയുടേയും ചെറുമകനാണ്. പാലോട് ശ്രീനി. അറിയില്ലേ? കുപ്രസിദ്ധനായ പ്രശ്‌നപരിഹാരി, തൊട്ടാല്‍ മിച്ചംകാണില്ല. കൈയിൽ എപ്പോഴും ഇടിക്കട്ടയുണ്ടാകും. കണ്ടില്ലേ ആ ഇരിപ്പ്? നൂറ്റിയിരുപത്തേഴ് കേസ്സുകൾ നിലവിലുണ്ട്. അതിൽ മുപ്പത്തേഴെണ്ണം മാത്രമേ കൊലപാതകമുള്ളു. പണം മടക്കിക്കൊടുക്കാത്തവരെ വരച്ചവരയിൽ നിർത്തി കത്തിചൂണ്ടി കേസ്സൊതുക്കിയതാണ് അവയിൽ പതിനേഴെണ്ണം. തങ്കപ്പെട്ട മനുഷ്യൻ. ഉപകാരിയാണ്. വിളിക്കട്ടെ. ഒന്നു പരിചയപ്പെട്ടിരിക്കുന്നത് ആയുസ്സിനു നല്ലതാണ്.
ചന്ദ്രാജി പുറത്തിറങ്ങി എന്നെ വിളിക്കാൻ മുതിരുന്നത് ഞാൻ കാണുന്നുണ്ട്. ഉടൻ ചന്ദ്രാജിയെ തടഞ്ഞുകൊണ്ട് മോനോൻ പറഞ്ഞു: നോ നോ, മിസ്റ്റർ ചന്ദ്രാജീ, വേണ്ട, വേണ്ട, ദയവുചെയ്തു ഇത്തരം ഇൻഡീസന്റ് പാർട്ടികളെ ഇങ്ങോട്ട് കൊണ്ടുവരരുത്. പ്ലീസ്. ഡോൻഡ് റിപ്പീറ്റിറ്റ്. മൊത്തം തുകയുടേയും ചെക്ക് ബാങ്ക്പലിശസഹിതം ഇപ്പോൾത്തന്നെ വാങ്ങിക്കോളൂ. നോ പ്രാബ്‌ളം, മിസ്റ്റർ ചന്ദ്രാജി.
ആ സംഭവത്തിനുശേഷം ചന്ദ്രാജിക്ക് ആർ കെ ലാബിൽ നല്ല സ്വീകരണമാണ് ലഭിച്ചതെ് കോടമ്പാക്കത്തെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയതായി അടൂർ ഭാസി