ഓണത്തിന് നിങ്ങളുടെ വീട്ടുമുറ്റത്തിടുന്ന ജമന്തിയും ബന്ദിയും മല്ലിയുമെല്ലാം കാണുമ്പോള്‍ ഒരു നിമിഷം ഓർക്കുക, ഇതെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന്. തുമ്പയും അരിപ്പൂവും പറിച്ച് കളമൊരുക്കിയിരുന്ന പഴയകാലം തിരിച്ചുവരുമെന്നോർക്കണ്ട. കാലത്തിനനുസരിച്ച് നമ്മളും മാറിയേക്കാം. അപ്പോള്‍ പിന്നെ നമുക്ക് പൂക്കളമൊരുക്കാൻ മണ്ണിനോട് പടവെട്ടി നിലമൊരുക്കി കൃഷി ചെയ്യുന്ന നാട്ടിലേക്കൊന്നു പോയാലോ.
കോഴിക്കോട് വണ്ടിയിറങ്ങുക. മൈസൂരിലേക്കുളള ബസോ ബത്തേരിക്കുള്ള ബസോ പിടിക്കുക. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുവരെ ഓട്ടോയ്ക്ക് പോയാൽ മതി. ഇനി കാശു കയ്യിലുണ്ടെങ്കിൽ തേൻമാവിൻ കൊമ്പത്തെ കുതിരവട്ടം പപ്പു സ്റ്റെലിൽ ടാസ്കി വിളിച്ചും പോകാം.
വയനാട് റോഡ് കുണ്ടും കുഴിയുമില്ലാത്ത നല്ല റോഡാണ്. ഇതെഴുതുന്നതുവരെ. പിന്നെ കുണ്ടു കണ്ടാൽ മെക്കിട്ട് കേറാൻ വരരുത്. നമ്മുടെ പൊതുമരാമത്ത് വകുപ്പാണ് റോഡ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തവണത്തെ മഴയും എങ്ങിനെയായിരുന്നെന്ന് പറയാതെ തന്നെ അറിയാലോ.
വെള്ളിമാട് കുന്ന്, കുന്നമംഗലം, താമരശ്ശേരി, അടിവാരം - പ്രസിദ്ധമായ വയനാടൻ ചുരം തുടങ്ങുകയായി. ഒമ്പത് മുടിപിൻ വളവുകൾ താണ്ടി ചുരം കയറിയാൽ തൊട്ടടുത്താണ് പൂക്കോട് ശുദ്ധജല തടാകം. ഒന്നു കാണണമെങ്കിൽ കയറാം. പക്ഷെ നമ്മുടെ ലക്ഷ്യമതല്ലല്ലോ. നേരെ വിടുക. കൽപ്പറ്റ, സുൽത്താൻബത്തേരി - വരുന്ന വഴികളെല്ലാം സുന്ദരമാണ്. കുട ചൂടാൻ കാടുണ്ടായിരിക്കും. കണ്ണിന് കുളിരേകാൻ പൂക്കളും പച്ചപ്പുമുണ്ടായിരിക്കും. ബത്തേരി കഴിഞ്ഞാൽ കാടൊന്നു കൂടെ കനം വെക്കും. ആന, മാൻ ഇത്യാദി മൃഗങ്ങളെ കാണാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കണ്ണും കാതും മനസും തുറന്നു പിടിക്കുക. മുത്തങ്ങ വന്യജീവി സങ്കേതം താണ്ടി നാം കന്നഡമണ്ണിലെത്തിക്കഴിഞ്ഞു. ഇവിടെ നിന്നങ്ങോട്ടും കുറേ ദൂരം ഹരിതകാനനചോല കൂടയുണ്ടാവും. മണ്ണിന്റെ നിറം മാറാൻ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കുക. ഇനി പൂപ്പാടങ്ങളുടെ നാടാണ്, ഗുണ്ടൽപേട്ട. പച്ചക്കറികളും സൂര്യകാന്തിപൂക്കളും ചെണ്ടുമല്ലി ജമന്തി, ബന്ദിപ്പൂക്കളും ഇവിടെയാണ് ഉണ്ടാവുന്നത്. നമുക്ക് പൂക്കളം തീർക്കാൻ മാത്രമല്ല പെയിന്റ് കമ്പനികളും ഇവിടെ വന്ന് അവരുടെ പെയിന്റുകൾക്ക് നിറം ചാർത്താൻ പൂപ്പാടങ്ങൾ ഒന്നാകെ വിലയ്ക്കു വാങ്ങും.
പൂക്കളും മണ്ണിന്റെ സൗന്ദര്യവും കാണുമ്പോൾ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ മനസിലെത്തിയാൽ കുറ്റം പറയാൻ പറ്റില്ല. അതിവിടെയാണ് ചിത്രീകരിച്ചത്. അതുപോലെ എത്രയോ സിനിമകളിലെ പാട്ടുസീനുകളിലും ഈ മണ്ണും പ്രകൃതിയും നിങ്ങളുടെ മനസിൽ പതിഞ്ഞിട്ടുണ്ടാവും. അതിലെല്ലാം കണ്ടതിനേക്കാൾ എത്രയോ മനോഹരമാണിവിടമെന്ന് തോന്നുന്നുണ്ടാവും. ക്യാമറ ഫ്രെയിമിനപ്പുറമാണ് അല്ലെങ്കിലും സൗന്ദര്യം.
ഇനി ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഗ്രാമവീഥികളിലൂടെ നമുക്കൊരു കുന്നിൻ പുറത്തേക്കു പോകാം. ഗോപാലസ്വാമിബേട്ടയിലേക്കുള്ള വഴി ചോദിച്ചാൽ മതി. ആരും പറഞ്ഞുതരും. റോഡ് അൽപ്പം മോശമാണ്. സൂക്ഷിച്ചോടിക്കാൻ ഡ്രൈവറോട് പറയുക. വളവുതിരിവുകൾ പിന്നിടുമ്പോള്‍ പൂപ്പാടങ്ങളുടെ വിദൂരകാഴ്ചയുണ്ടാവും. താഴെത്തെ ജലാശയങ്ങളും കാണാം. മുകളിലെത്തുമ്പോഴേക്കും മിക്കവാറും നിങ്ങളെ സ്വാഗതം ചെയ്യാൻ കോട കാടിറങ്ങി വന്നിട്ടുണ്ടാവും. ഗോപാലസ്വാമിബേട്ട ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. അതുകൊണ്ടു പ്രവേശന കവാടത്തിൽ വനം ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ട്. അവിടെ നിന്ന് പിന്നെ ഭൂമിയുടെ ഓരോ തട്ടുകളായി കയറും പോലത്തെ കയറ്റമാണ്. അൽപ്പം കൂടി സഞ്ചരിച്ചാൽ ഗോപാലസ്വാമിബേട്ട എന്ന കാനനക്ഷേത്രമായി. ഭക്തിയില്ലാത്തവർക്കു മുന്നില്‍ പോലും ഈ പ്രകൃതി ക്ഷേത്രം തുറക്കുന്നത് ആത്മശാന്തിയുടെ വാതായനങ്ങളാണ്. പ്രാർഥിക്കുക ഈ സുന്ദരഭൂമിക്ക് നന്ദി പറയാൻ വേണ്ടിയെങ്കിലും.
തൃക്കണാമ്പി ആസ്ഥാനമായി വാണ പ്രാദേശിക രാജവംശത്തിൽ പെട്ട മഞ്ചദണ്ഡനായകൻ എന്ന രാജാവിനെതിരെ സഹോദരങ്ങൾ തന്നെ പട നയിച്ചതോടെ പരാജയം മുന്നിൽ കണ്ടപ്പോൾ കുതിരപ്പുറത്തുകയറി ഗോപാൽസ്വാമിബേട്ടയിൽ നിന്നും കുതിരയോടെ താഴോട്ട് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കഥയുണ്ട്. ഈ മണ്ണിൽ നിൽക്കുമ്പോൾ ആ കഥ കൂടി ഓർക്കുക. 14-ാം നൂറ്റാണ്ടിൽ ഈ രാജവംശത്തിൽ പെട്ട മാധവ ദണ്ഡനായകനെന്ന രാജാവാണ് ഈ ക്ഷേത്രം പണിതത്. പിന്നീട് ഈ ക്ഷേത്രം മൈസൂരിലെ വോഡയാർ രാജാക്കൻമാരുടെ സംരക്ഷണയിലായിരുന്നു. കാടടക്കിവാണ വീരപ്പനും ഈ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്നു.
ഇവിടുത്തെ മടഹള്ളി ഒരു പ്രതീകവും മാതൃകയുമാണ്. കുറ്റകൃത്യങ്ങളില്ലാത്ത ഗ്രാമമാണത്. ഗുണ്ടൽപേട്ടയിൽ നിന്ന് മൂന്നു കിലോമീറ്ററിനുള്ളിലാണ് ഈ ഗ്രാമം. നാലായിരത്തിനടുത്ത് ജനസംഖ്യയുള്ള ഗ്രാമത്തിൽ ഇതുവരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ആരെങ്കിലും തെറ്റു ചെയ്താൽ ഗ്രാമസഭ അയാൾക്ക് ഊരുവിലക്ക് കൽപിച്ച് നാടു കടത്തും. പിന്നെ കുറ്റം ഏറ്റ് പറഞ്ഞ് ഗ്രാമത്തിൽ തിരിച്ചെത്തും. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ ഈ ഗ്രാമം മുന്നിലാണ്. പുകവലി, മദ്യപാനം, ചൂതാട്ടം, ഇതൊന്നും ആ ഗ്രാമത്തിലില്ല. നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഈ മലനിരകൾക്കു ചുറ്റും കാണുന്ന പുരാതനമായ കോട്ടയുടെയും അതിനെ ചുറ്റിയുള്ള കിടങ്ങുകളുടെയും അവശിഷ്ടങ്ങൾ ചരിത്രാന്വേഷകരെ ആകർഷിക്കുന്നവയാണ്.
സമയമുണ്ടെങ്കിൽ വൈകുന്നേരം വരെയിരുന്നാൽ നല്ലൊരു അസ്തമയ കാഴ്ചയും കാണാം. തിരിച്ചുവരാൻ പറ്റില്ലെന്നു മാത്രം. കാരണം ബത്തേരിക്കുള്ള റോഡ് രാത്രി അടയ്ക്കും. ഗുണ്ടൽപേട്ടയിൽ തങ്ങേണ്ടി വരും. അതിനായി ഒരു ഹോട്ടലുണ്ടവിടെ. നേരത്തെ പോന്നാൽ തിരിച്ചു വരുമ്പോഴും ആനയെ കാണാനുള്ള ഭാഗ്യം കിട്ടിയെന്നിരിക്കും. ഒറ്റയടിക്ക് യാത്ര ചെയ്യാൻ മടിയുള്ളവർക്ക് ബത്തേരിയിൽ താമസിക്കാം. അവിടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് നല്ലൊരിടമാണ്. വനംവകുപ്പിന് മുത്തങ്ങയിലൊരു സ്രാമ്പിയുണ്ട്. കാടിനോട് ചേർന്നാണത്. അവിടെയും രാത്രികാലവാസമാവാം. ബത്തേരിയിൽ നിന്ന് 60 കിലോമീറ്ററാണ് കോഴിക്കോട്.