Skip to main content
കൊച്ചി

മുഖ്യമന്ത്രിയുടെ മുന്‍ പെഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍, നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ എന്നിവര്‍ ശനിയാഴ്ച ജയില്‍ മോചിതരായി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഇരുവര്‍ക്കം വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

 

പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന്‍ പുറത്തേക്ക് വരുന്ന വഴി തടിച്ചുകൂടിയ ജനം ജോപ്പന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം ജോപ്പന് പ്രത്യേക സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കനത്ത പോലീസ് അകമ്പടിയോടെയാണ് പത്തനാപുരത്തെ വീട്ടിലേക്ക് ജോപ്പന്‍ പോയത്.

 

തിരുവനനന്തപുരത്തെ അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന്‍ പുറത്തേക്ക് വരുന്ന വഴി ശാലു മേനോന് നേരെയും ജനം പരിഹാസ വാക്കുകള്‍ പ്രയോഗിച്ചു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത എസ്. നായരെ ഭീഷണിപ്പെടുത്തി എന്ന പരാതി ശാലുവിനെതിരെ നിലവിലുള്ളതിനാല്‍ മോചനത്തിന്റെ കാര്യത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. എന്നാല്‍, സരിതയുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല എന്ന്‍ പോലീസ് വ്യക്തമാക്കിയതോടെയാണ് ശാലുവിനെ വിട്ടയച്ചത്.

 

സോളാര്‍ തട്ടിപ്പ് കേസുകളിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണനൊപ്പം 70 ലക്ഷം രൂപ വെട്ടിച്ചെന്ന റഫീക്ക് അലി എന്നയാളുടെ പരാതിയിലാണ് ശാലുവിനെതിരെ കേസുള്ളത്. സരിതയുടെ അറസ്റ്റിനെ തുടര്‍ന്ന് ബിജുവിനെ സംസ്ഥാനം വിടാന്‍ സഹായിച്ചതിന്റെ പേരിലും ശാലുവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ജൂലായ്‌ ആറിനാണ് ശാലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

കോന്നി സ്വദേശിയായ ആര്‍. ശ്രീധരന്‍ നായരില്‍ നിന്ന്‍ 40 ലക്ഷം വെട്ടിച്ച കേസിലെ മൂന്നാം പ്രതിയാണ് ജോപ്പന്‍. കഴിഞ്ഞ 57 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.