Skip to main content

Pullipulikalum Aattinkuttiyum

സിന്ധുരാജിന്റെ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്ത പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും കണ്ടപ്പോള്‍ ആദ്യം തോന്നിയത് ഈ തിരക്കിട്ട് എഴുതുന്നതാണോ തിരക്കഥ എന്ന്‍ പണ്ടാരോ ചോദിച്ചതാണ്. കുമാറിന്റെ ക്യാമറാവൈദഗ്ധ്യവും ലാൽജോസിന്റെ ദൃശ്യചാരുതാവിന്യാസവും കൊണ്ട് തയ്യാറാക്കിയ ഈ പാവം കുട്ടനാടൻ സിനിമ തിരക്കഥയില്ലായ്മകൊണ്ട് പാളിപ്പോയ ഒരു സംരംഭമാണ്.

 

മൂന്നു പുലികളുടെ കഥ പറഞ്ഞാണ് തുടങ്ങുന്നത്. അവരുടെ ഒരേയൊരു കുഞ്ഞനിയനാണ് കഥയിലെ ആട്ടിൻകുട്ടി. കള്ളുകുടിയും തല്ലുകൊള്ളിത്തരങ്ങളുമായി പുര നിറഞ്ഞുനിൽക്കുന്ന മൂന്നു സഹോദരൻമാരെയും തീറ്റിപ്പോറ്റി കുത്തുപാളയെടുത്തു നിൽക്കുന്ന ആട് ഗോപൻ എന്ന ചക്ക ഗോപൻ. അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന കൈനകരി ജയശ്രി എന്ന നർത്തകിയും അവളുടെ സ്റ്റേജ് ആർട്ടിസ്റ്റായ അമ്മയും. മൂന്നു തല്ലുകൊള്ളി ചേട്ടൻമാരേയും പെണ്ണ്‌കെട്ടിച്ച് അവരെ മൂലയ്ക്കാക്കി ആട്ടിൻകുട്ടികളാക്കി ആട്ടിൻകുട്ടി പുലിയാവുകയാണ്. അതോടെ കഥ കയ്യീന്ന്‍ പോയപോലായി. ഈ ചിത്രത്തിന്റെ പ്രശ്നവും അതു തന്നെ. അമ്മയായി കെ.പി.എ.സി ലളിതയും മൂന്നു ചേട്ടൻമാരായി ഇർഷാദ്, ഷിജു, ജോജോയും തിളങ്ങുമ്പോൾ കൂറ്റൻ ഹൗസ് ബോട്ടുകളുടെ നടത്തിപ്പുകാരനായി ഷമ്മി തിലകന്റെ കുര്യച്ചനും കൈയടി നേടുന്നു. നായകനും നായികയും നിഷ്പ്രഭരാവുകയാണ് ഇത്തരം കഥാപാത്രങ്ങൾക്കിടയിൽ. എല്ലാത്തിനും മീതെ നിൽക്കുന്നതാവട്ടെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച എന്തിനും ഏതിനും മാമച്ചൻ എന്ന കഥാപാത്രവും. ചിരിക്കാനുള്ള വകയ്‌ക്കൊപ്പം ചിന്തിക്കാനുള്ള നുറുങ്ങുകളും ഈ കഥാപാത്രത്തിലുണ്ട്.

 

മണ്ടത്തരങ്ങളും യുക്തിരാഹിത്യവും അതിനാടകീയതയുമാണ് ചിത്രത്തിന്റെ ജീവൻ കെടുത്തുന്നത്. നല്ല ദൃശ്യവിന്യാസങ്ങളും കുട്ടനാടിന്റെ മഴയിൽ നിറഞ്ഞ പ്രകൃതിയും ഇടയ്ക്ക് ചിരിച്ചും കളിച്ചും സമയംകൊല്ലാനുള്ള മൂഹൂർത്തങ്ങളുമുണ്ടെങ്കിലും തിയേറ്ററിൽ നിന്നിറങ്ങുന്നതോടെ കൂടെ കൊണ്ടുപോകാനൊന്നുമില്ലാത്ത സിനിമയായിപ്പോയി ഇത്. പാട്ടുകളും ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല. അല്ലെങ്കിലും ലാൽജോസ് ഇങ്ങനെയാണ്. ഒരു നല്ല സിനിമയൊരുക്കിയാൽ പിന്നെ രണ്ടെണ്ണം ഇങ്ങനെയുള്ള പടപ്പുകളായിരിക്കും. മീശമാധവൻ കഴിഞ്ഞാൽ ഒരു പട്ടാളമിറക്കാതെ പുള്ളിക്കാരന് സമാധാനമുണ്ടാവില്ല.

Tags