Skip to main content

ഓരോന്നിനും അതിന്റെ സമയമുണ്ട് ദാസാ എന്നു പറഞ്ഞതെത്ര ശരി. സംവിധായകൻ ജോയ് മാത്യുവിന്റെ കാര്യം നോക്കുക. അമ്മ അറിയാനിൽ നായകനായി. സാമൂഹ്യപാഠത്തിൽ തിരക്കഥാകൃത്തായി. എന്നിട്ടും രക്ഷപ്പെടാതെ മാധ്യമപ്രവർത്തകനായി വിദേശത്തേക്ക് ചേക്കേറി. തിരിച്ചുവന്ന്‍ ഷട്ടർ പോലെ മികച്ചൊരു സിനിമയെടുത്ത് കഴിവു കാണിച്ചുകൊടുത്തു. ഇപ്പോഴിതാ നിന്നുതിരിയാൻ നേരമില്ലാത്ത വിധം തിരക്കോടു തിരക്ക്. സംവിധാനത്തിലല്ല. അഭിനയത്തിൽ. ആമേനിലെ പള്ളീലച്ചന്റെ വേഷമാണ് ജോയ് മാത്യുവിന് ബ്രേക്കായത്.

 

ഷട്ടറിന് പിന്നാലെ നക്‌സലുകളുടെ കഥ പറയുന്നൊരു ചിത്രമെടുക്കാൻ പ്ലാനുണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവെച്ച് സിനിമാഭിനയലഹരിയിൽ ഹരം കൊണ്ടിരിക്കുകയാണ് ജോയ് മാത്യു. ആമേൻ,  അന്നയും റസൂലും, റോസ് ഗിത്താറിനാൽ എന്നീ ചിത്രങ്ങൾക്കുശേഷം ജോയ് മാത്യു  ജിനു ഡാനിയേലിന്റെ റാസ്പുട്ടിൻ പൂർത്തിയാക്കി. ഇതിൽ വിനയ് ഫോർട്ടിന്റെ കർക്കശക്കാരനായ അച്ഛനായിട്ടാണ് വേഷം. 1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ പിതാവായും, നവാഗത സംവിധായകനായ ആദിയുടെ പ്രണയകഥ എന്ന ചിത്രത്തിൽ അഗ്രസ്സീവായ ഒരു യുവാവിന്റെ അച്ഛനായും നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയെന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ പിതാവായും ജോയ് അഭിനയിക്കുന്നു.

 

അച്ഛൻ വേഷങ്ങൾ ചെയ്യുന്നതിൽ കുഴപ്പമൊന്നും കാണുന്നില്ലെന്നും യുവാക്കൾക്കൊപ്പം അഭിനയിക്കുമ്പോൾ അവരുടെ ഊർജ്ജം തന്നിലേയ്ക്ക് കൂടി വ്യാപിയ്ക്കുകയാണെന്നുമാണ് ജോയ് പറയുന്നത്.