Skip to main content

ഇന്ത്യയിലെ പ്രഖ്യാപിത ബുദ്ധിജീവികൾ അടങ്ങിയ സിപിഎം സംസ്ഥാന സമിതി കണ്ടെത്തിയിരിക്കുന്നു തങ്ങളുടെ പ്രവർത്തകർക്ക് ജനമനസ്സ് അറിയില്ലെന്ന്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം കിട്ടുമെന്നായിരുന്നു ബൂത്തു തലത്തിൽ നിന്ന് നേതൃത്വത്തിന് ലഭിച്ച റിപ്പോർട്ടുകൾ. അത് അപ്പടി വിശ്വസിക്കുകയും ചെയ്തു. ഫലം വന്നപ്പോൾ നേർവിപരീതം .അതാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് ആധാരമായി പ്രവർത്തിച്ചിരിക്കുന്നത് .സിപിഎം നേതൃത്വത്തിന് ഒഴികെ കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ അറിയാമായിരുന്ന ഒരു തെളിഞ്ഞ വസ്തുതയായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കുമെന്ന് .അതിനർത്ഥം കേരളമെന്ന സമൂഹത്തിൽ സിപിഎം നേതൃത്വവും സി പി എം ഒരു തുരുത്തായി മാറി കഴിഞ്ഞിരിക്കുന്നു എന്നതാണ്.
തുരുത്ത് അതിനുള്ളിലെ പ്രവർത്തകരുടെ പ്രവർത്തന രസതന്ത്രങ്ങളാൽ ഉലയുന്നു. ആ ഉലച്ചിൽ നാലുഭാഗത്തുനിന്നും ഉയരുന്ന തിരകൾ തുരുത്തിലേക്ക് ആഞ്ഞടിക്കുന്നു. മണൽച്ചാക്കു മറ്റും ഇട്ട് ഇത് തടയാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം.
ഒരു സംഘടനയുടെ ശരീരത്തിലെ കൈകാലുകൾ ആണ് അതിൻറെ പ്രവർത്തകർ . ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മസ്തിഷ്കമാണ് നേതൃത്വം. ഇവ രണ്ടിനെയും കൈകാലുകളും ആയി ബന്ധിപ്പിക്കുന്നു നാഡീവ്യൂഹം അഥവാ ഞ രമ്പുകൾ .കൈ കാലുകൾക്ക് മരവിപ്പ് വന്നുകഴിഞ്ഞാൽ രണ്ട് കാരണങ്ങളാണ്. ഞരമ്പുകൾക്ക് രോഗം അല്ലെങ്കിൽ മസ്തിഷ്കത്തിന് തകരാറ് സംഭവിച്ചിരിക്കുന്നു. മസ്തിഷക്കത്തിന് തകരാറ് സംഭവിച്ചുകഴിഞ്ഞാൽ ഞരമ്പ് വ്യവസ്ഥയെ മാത്രമല്ല ശരീരത്തെ മുഴുവൻ ബാധിക്കും.
സിപിഎമ്മിൽ ഞരമ്പുരോഗം കടമായിട്ട് നാളേറെയായി. ഇപ്പോൾ മസ്തിഷ്കത്തിന് കാതലായ കേട് സംഭവിച്ചു.അതുകൊണ്ടുതന്നെയാണ് സ്വാഭാവികമായും മുട്ടൻ ബുദ്ധിജീവികൾ ആയിട്ടുപോലും പാർട്ടി ശരീരത്തിനു സംഭവിച്ച മരവിപ്പ് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്.