Skip to main content
Kochi

KM Mani

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചി ലെക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 86 വയസ്സായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് രാവിലെ അല്‍പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയോടെ സ്ഥിതി വീണ്ടും മോശമാവുകയായിരുന്നു.

 

നിലവില്‍ പാലാ എം.എല്‍.എയായ കെ.എം മാണി തുടര്‍ച്ചായായി പതിമൂന്നാം തവണയാണ് അവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ ആയതിന്റെയും ഒരേ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചതിന്റെയും റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് അവതരിപ്പിച്ചതും ഏറ്റവും കൂടതല്‍ കാലം മന്ത്രിയായിരുന്നതിന്റെയും റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്.

 

1965 ലാണ് കെ.എം. മാണി ആദ്യമായി പാലായില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമായി മന്ത്രിയാകുന്നത് 1975 ലും. ധനകാര്യമായിരുന്നു ആദ്യം കൈകാര്യം ചെയ്ത വകുപ്പ്. തുടര്‍ന്ന് ആഭ്യന്തരം, റവന്യൂ, ജലസേചനം, നിയമം, ഭവനം, വിദ്യുച്ഛക്തി തുടങ്ങിയ വകുപ്പുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

 

മൃതദേഹം ഇന്ന് രാത്രി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം നാളെ രാവിലെയാണ് പാലായിലേക്ക് കൊണ്ടുപോവുക. കോട്ടയത്ത് പാര്‍ട്ടി ഓഫീസിലും മൃതദേഹം എത്തിക്കുമെന്ന് അറിയുന്നു. തുടര്‍ന്ന് വ്യാഴാഴ്ചയാണ് സംസ്‌കാരം നടക്കുക. 

 

 

 

 

Tags