Skip to main content

election

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മുഖ്യമായും മനുഷ്യാവകാശമാണ്. അതിനെ മുന്‍ നിര്‍ത്തിക്കൊണ്ടാണ് പൊതു സമൂഹത്തിലെ അവരുടെ എല്ലാ പ്രവര്‍ത്തികളും. എന്നാല്‍ മുസ്ലീം സമുദായത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം ഈ സംഘടനകള്‍ക്കെതിരെ ഉയര്‍ത്തപ്പെടുന്നു. അതേറ്റവും ശക്തമായി തന്നെ ഉയര്‍ത്തിയത് മുസ്ലീം ലീഗ് നേതൃത്വമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും തങ്ങള്‍ സന്ദര്‍ഭം നോക്കിയിട്ട് വോട്ട് നല്‍കിയിട്ടുണ്ടെന്ന് എസ്.ഡി.പി.ഐ നേതാവ് അബ്ദുള്‍ മജീദ് ഫൈസി മാര്‍ച്ച് 15 ന് നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുകയുണ്ടായി. കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഗസ്റ്റ് ഹൗസില്‍ എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ചാനല്‍ ചര്‍ച്ച.

Image result for എസ്.ഡി.പി.ഐ iuml

തങ്ങള്‍ നടത്തിയത് രഹസ്യ ചര്‍ച്ചയല്ലെന്നും വെറും സൗഹൃദ ചര്‍ച്ചയാണെന്നും ലീഗ് നേതൃത്വം വിശദീകരണം നല്‍കി. ഞങ്ങള്‍ എസ്.ഡി.പി.ഐയോട് സംസാരിച്ചാല്‍ അതില്‍ എന്താണ് ഇത്ര വലിയ കുഴപ്പം എന്നാണ് രാഷ്ട്രീയ ചര്‍ച്ച നടന്നതിനെ സ്ഥിരീകരിച്ചുകൊണ്ട് മുസ്ലീംലീഗ് നേതാവ് പറഞ്ഞത്. ആ ഒരു നിലപാടാണ് അദ്ദേഹം ചര്‍ച്ചയിലുടനീളം ബോധപൂര്‍വ്വം ആവര്‍ത്തിച്ചത്. എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് സംവിധാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി പലകുറി മാധ്യമങ്ങളില്‍ വന്നു. അതിനേക്കാള്‍ വിശ്വാസ്യതയാണ് മുസ്ലീം ലീഗ് നേതൃത്വം തന്നെ ഇവര്‍ തീവ്രവാദ സ്വഭാവം പുലര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കുകയും അതിനെതിരെ ലീഗ് പോരാടുന്നു എന്നും പറയുന്നതിന്.

 

കേരളത്തില്‍ മുസ്ലീം തീവ്രവാദപ്രവര്‍ത്തനം ഗുരുതരമായ രീതിയില്‍ നടന്നതിന്റെയും നടക്കുന്നതിന്റെയും ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരും കാശ്മീരില്‍ കൊല ചെയ്യപ്പെട്ടതും ഒക്കെയായ സംഭവങ്ങള്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ പശ്ചാത്തലത്തില്‍ മുസ്ലീം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ അനുകൂലമായ സാഹചര്യങ്ങള്‍ സംജാതമായിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നതിനും അത് ഒരു പരിധിവരെ കാരണമാകുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തെ പൊതുമണ്ഡലത്തിലേക്ക് തന്ത്രപൂര്‍വം കൊണ്ടുവരിക എന്നുള്ളതാണ് എസ്.ഡി.പി.ഐയുടെ രീതിശാസ്ത്രം. മതേതരത്വത്തെ പരിചയാക്കിക്കൊണ്ട് തീവ്ര സമീപനം പിന്തുടര്‍ന്ന് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് അവരുടെ സമീപനം. ഈ തിരഞ്ഞെടുപ്പിലൂടെ ആ സമീപനത്തിന് പൊതുസമൂഹ അംഗീകാരം പരമാവധി നേടിയെടുക്കുക എന്നുള്ളതാണ് എസ്.ഡി.പി.ഐയുടെ ശ്രമം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും ഐക്യജനാധിപത്യമുന്നണിയുടെയും നിലപാടുകളാണ് എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വളര്‍ച്ചയ്ക്ക് കേരളത്തില്‍ അനുകൂലമായ സാഹചര്യമൊരുക്കിയത്. എസ്.ഡി.പി.ഐ മതേതരത്വത്തെ ഉപയോഗിച്ചുകൊണ്ട് തീവ്രവാദസ്വഭാവത്തില്‍ ഏര്‍പ്പെടുന്നതുപോലെയാണ് ഇരുമുന്നണികളും വര്‍ഗീയതക്കെതിരെ പറഞ്ഞുകൊണ്ട് ഇത്തരം ശക്തികള്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളരാന്‍ ഇതാകട്ടെ വളവും.

 

 

Tags