Skip to main content

km mani-jose k mani

അഴിമതി എന്നാല്‍ കാശ് കൈക്കൂലി വാങ്ങുക, അല്ലെങ്കില്‍ പെട്ടെന്ന് രൂപയാക്കി മാറ്റാന്‍ കഴിയുന്ന ദ്രവ്യം സ്വീകരിക്കുക. ഇതാണ് മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലൂടെ അഴിമതി എന്ന സമവാക്യത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ നല്‍കുകയാണെങ്കില്‍ അത് അഴിമതിയും ശിക്ഷാര്‍ഹവുമാണ്. അത് കണ്ടെത്താനായി സംവിധാനവുമുണ്ട്. ഒരു നേതാവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആവശ്യത്തിലേക്കായി പണം വാങ്ങുകയാണെങ്കിലും അത് അഴിമതിയാണ്. ചിലപ്പോള്‍ അത്തരത്തില്‍ പണം സ്വരൂപിക്കല്‍ നടക്കുന്നത്  അവര്‍ ഏതെങ്കിലും അധികാരസ്ഥാനത്തിരിക്കുമ്പോഴാകും. പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്നവരാണെങ്കില്‍ വാങ്ങുന്നതിന്റെ തോത് വളരെ വലുതാകും. പാര്‍ട്ടിയുടെ നടത്തിപ്പിനും ഇത്തരം നേതാക്കള്‍ പണം സ്വരൂപിക്കുന്നു. വാങ്ങുന്നത് പരസ്യമായാല്‍ അത് അഴിമതിയായി. ഇപ്പോള്‍ അത്തരം ആരോപണങ്ങളുടെ പേരില്‍ ആരും മന്ത്രിസ്ഥാനമോ ഔദ്യോഗിക സ്ഥാനമോ രാജിവയ്ക്കില്ലെങ്കിലും, അവര്‍ തല്‍ക്കാലത്തേക്കെങ്കിലും പ്രതിരോധത്തിലാകും. മുന്‍പൊക്കെ അത്തരം ആക്ഷേപങ്ങള്‍ തെളിവോടെ വന്നിരുന്നപ്പോള്‍ ആരോപണവിധേയരായവര്‍ സ്ഥാനം രാജിവയ്ക്കാറുണ്ടായിരുന്നു.
          

 

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് ബാര്‍ക്കോഴ വിവാദത്തില്‍ പെട്ടത്. ബാര്‍ അസ്സോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് കോഴ തന്റെ വീട്ടില്‍ വച്ച് വാങ്ങിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് കോടതി പരാമര്‍ശമുണ്ടായപ്പോഴാണ് അദ്ദേഹം രാജിവച്ചത്. കോഴ കൊടുത്തത് തങ്ങളാണെന്ന് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു ബാറുടമ ബിജു രമേശ്‌ ആരോപണമുന്നയിച്ചത്. ഇപ്പോഴും ആ ആരോപണത്തില്‍ നിന്ന് മാണി മുക്തനായിട്ടില്ല. യു.ഡി.എഫ് വിട്ട് പുറത്തു പോയ അദ്ദേഹവും പാര്‍ട്ടിയും വീണ്ടും മുന്നണിയിലേക്ക് തിരിച്ചു വന്നു. വന്നതിന് ഉപാധിയായി അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും നേടിയെടുത്തത് ഒരു രാജ്യസഭാംഗത്വമാണ്. യു.ഡി.എഫിലെ ഘടകകക്ഷി നേതാവായ മുസ്ലീംലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയാണ് മാണിക്ക് അത് സാധ്യമാക്കിക്കൊടുത്തതും. മുന്നണിയിലേക്ക് തിരിച്ചുവരുന്നതിന് എം.പി സ്ഥാനം വാങ്ങിയത് അഴിമതിയല്ലാതാകുന്നില്ല. രാജ്യസഭാംഗ്വത്വം മാണി തന്റെ മകന് അത് കൊടുക്കുകയും ചെയ്തു. ജോസ് കെ മാണിക്ക് ലോകസഭയില്‍ ഒരുവര്‍ഷം അവശേഷിക്കെയാണ് ഈ രാജ്യസഭാംഗത്വം നല്‍കല്‍.
         

 

യു.ഡി.എഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് രാജ്യസഭാംഗത്വം കൈക്കലാക്കിയത് രാഷ്ട്രീയത്തില്‍ സ്വാഭാവികമായ ഒന്നാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസഫ് എം. പുതുശ്ശേരി ചാനല്‍ ചര്‍ച്ചയില്‍ പറയുകയുണ്ടായി. ഇത് മാധ്യമറിപ്പോര്‍ട്ടിംഗിന്റെ സാംസ്‌കാരിക നിര്‍മ്മിതിയാണ്. ജനായത്ത സംവിധാനത്തെ സ്വകാര്യലാഭത്തിന് വിനിയോഗിക്കുന്നതിനെ രാഷ്ട്രീയമായി കണ്ട് രാഷ്ട്രീയ റിപ്പോര്‍ട്ടിംഗ് നടത്തി വന്നതിന്റെ ഫലമായുണ്ടായ സംസ്‌കാരം. ഇങ്ങനെയുള്ള രാഷ്ട്രീയ നേതാക്കള്‍ മന്ത്രിമാരാകുമ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് പക്ഷപാതമോ സ്വജനപക്ഷപാതമോ ഇല്ലാതെ തന്നില്‍ നിക്ഷിപ്തമായ കൃത്യം നിര്‍വ്വഹിക്കുമെന്ന് പറഞ്ഞാണ്. ജനപ്രതിനിധി സ്ഥാനത്തേക്ക് തന്നെ സ്വജനപക്ഷപാതത്തിലൂടെ എത്തിയ വ്യക്തിയുടെ ഈ സത്യപ്രതിജ്ഞയ്ക്ക് എന്താണ് പ്രസ്‌ക്തിയെന്നുള്ള ചിന്തയിലേക്ക് വായനക്കാരെയും പ്രേക്ഷകരെയും നയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വന്ന പരാജയമാണ് ഇത്തരം നഗ്നമായ അഴിമതി വ്യവസ്ഥാപിതമെന്നോണം നടത്താന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ധൈര്യം പകര്‍ന്നിട്ടുള്ളത്. കാരണം ഇതൊക്കെയാണ് രാഷ്ട്രീയമെന്ന് ജനം വിശ്വസിച്ചുകൊള്ളും എന്നവര്‍ക്കുറപ്പുണ്ട്.

 

ഹിമാലയത്തിന്റെ മുന്നില്‍ വെറും മണ്‍കൂനയെന്നതുപോലെയാണ് ഇത്തരത്തിലുള്ള ബ്ലാക്ക്‌മെയിലിംഗ് രാഷ്ട്രീയത്തിന്റെ മുന്നില്‍ അഞ്ചോ പത്തോ ലക്ഷം രൂപയൊക്കെ കൈക്കൂലി വാങ്ങുന്നത്. സ്ഥാനലബ്ധി ഉറപ്പിക്കാനായി കൈക്കൂലി വാങ്ങുന്നതും സ്ഥാനം തന്നെ സമ്മര്‍ദ്ദം ചെലുത്തി വാങ്ങുന്നതിനെയും കുറിച്ചാലോചിച്ചാല്‍ അതു വ്യക്തമാകും. പൊതുകുളിമുറിയില്‍ എല്ലാവരും നഗ്നരാകുമ്പോള്‍ ആര്‍ക്കും അത് പ്രശ്‌നമാകുന്നില്ല. ആ അവസ്ഥയാണ് നൂറും അഞ്ഞൂറ് മുതല്‍ അഞ്ചും പത്തും ലക്ഷം വരെയോ, കോടികള്‍ വരെയോ ഉള്ള കാശുകൈമാറ്റത്തെ മാത്രം അഴിമതിയായി ചിത്രീകരിക്കുമ്പോള്‍ സംജാതമാകുന്നത്. ഇക്കാര്യത്തില്‍ കെ എം. മാണി ഒറ്റപ്പെട്ട ഉദാഹരണമല്ല. എല്ലാ പാര്‍ട്ടികളും നേതാക്കളും ഈ വഴിയെ തന്നെയാണ് നീങ്ങുന്നത്. മാധ്യമങ്ങളുടെ കാഴ്ചയ്ക്ക് മാറ്റം വന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള വിലപേശലുകളെ  അഴിമതിക്കോണിയുടെ ഏറ്റവും മുകളിലത്തെ പടിയായി സമൂഹത്തെ ബോധ്യപ്പെടുത്താനാവുകയൊള്ളൂ. ഈ അവസരത്തില്‍ ഇന്ത്യന്‍ ജനായത്തവും ഭരണഘടനയുമൊക്കെ വെറും നോക്കുകുത്തിയായി മാറുന്നത് അറിയാനുള്ള ജാഗ്രതയും മാധ്യമങ്ങള്‍ക്കുണ്ടാകണം.

 

Tags