Skip to main content

Poomaram

ഫാന്റസിയും ക്ളീഷേകളും അങ്ങേയറ്റം ഇഷ്ടപെടുന്ന അന്യഭാഷാ സിനിമാസ്വാദകരിൽ നിന്നും ഏറെ വ്യത്യസ്തരാണ് മലയാളികൾ. സിനിമ ആസ്വാദകർ എന്ന നിലയിൽ അങ്ങേയറ്റം ബൗദ്ധിക നിലവാരമുള്ള പ്രേക്ഷക സമൂഹമാണ് നമ്മുടേത്.ചുരുക്കം പറഞ്ഞാൽ തൃപ്തിപ്പെടുത്താൻ ഏറെ പ്രയാസമാണ് നമ്മുടെ പ്രേക്ഷകരെ. അഭിനേതാക്കളെയും നായികാ നായകന്മാരെയും പ്രേക്ഷക മനസ്സിൽ എ സ്റ്റാബ്ലിഷ് ചെയുന്ന ആദ്യഭാഗം, മുഖ്യ കഥാ സന്ദർഭത്തിലേക് അടുക്കുന്ന രണ്ടാമത്തെ ഭാഗം, കഥയിലെ പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം തരുന്ന ക്ലൈമാക്സ് എന്ന പരമ്പരാഗത രീതിയിൽ നിന്നൊക്കെ മലയാള സിനിമ മാറി സഞ്ചരിച്ചിട്ട് ഏറെ കാലമായി.

 

നേർരേഖയിലൂടെ സഞ്ചരിക്കുന്ന കഥ പറച്ചിൽ ആണ് ഇന്ന് സ്വീകാര്യം. ഗൃഹാതുരത്വത്തിന്റെ കൂട്ടുപിടിച്ചു സ്വാഭാവികതയോടെ കഥ പറഞ്ഞ1983 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ട സംവിധായകരിൽ ഒരാളായി മാറിയ എബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമായ പൂമരവും റിയലിസം, നൊസ്റ്റാൾജിയ എന്നീ വാക്കുകളിലൂടെ തന്നെ മികവ് കൈ വരുത്താൻ ശ്രമിച്ച ചിത്രമാണ്.

 

നൊസ്റ്റാൾജിയ എന്നത് നമ്മുടെ ജീവിതത്തിൽ കഴിഞ്ഞുപോയ ഒരുപിടി നല്ല മുഹൂർത്തങ്ങൾ ആണ്. ആ ഓർമ്മകൾ നമുക്ക് മുന്നിൽ വീണ്ടും വരുമ്പോൾ മറ്റൊരുതരം അനുഭൂതിയാവുന്നു. ഒരിക്കലെങ്കിലും കുട്ടിക്കാലത്തു ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിൽ, സച്ചിനെ ആരാധനാപാത്രമായി ടി.വിയിലൂടെ നോക്കിയിരുന്നിട്ടുണ്ടെങ്കിൽ അവർക്കൊക്കെ 1983 എന്ന ചിത്രം സമ്മാനിച്ച ഓർമ്മകൾ വലുതാണ്. മലയാളിക്ക് ക്രിക്കറ്റിനോടുള്ള വികാരം അങ്ങേയറ്റം സ്വാഭാവികതയോടെ അവതരിപ്പിച്ചതു വഴി വലിയ വിജയമായ സിനിമയായി 1983 മാറി.

 

നാം അതുവരെ കണ്ടുശീലിച്ച ആക്ഷൻ ഹീറോസ് ആയ പോലീസ് ഓഫീസേർസിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ബിജു പൗലോസും അയാളുടെ സ്റ്റേഷനും. ശക്തമായ കഥാതന്തു ഇല്ലെങ്കിൽ പോലും റിയലിസം എന്ന സാധ്യത അങ്ങേയറ്റം തന്മയത്തത്തോടെ അവതരിപ്പിച്ച ആക്ഷൻ ഹീറോ ബിജുവും വൻ വിജയമായതോടെ എബ്രിഡ് ഷൈൻ വിശ്വാസമർപ്പിയ്ക്കാവുന്ന സംവിധായകരുടെ പട്ടികയിലേക്ക് ഇടം പിടിക്കുകയായിരുന്നു.

 

കാത്തിരിപ്പുകൾക്കും ട്രോളുകൾക്കും ഒടുവിൽ പൂമരം എത്തുമ്പോൾ ആക്ഷൻ ഹീറോ ബിജുവിന്റെ അതേ രീതിയാണ് കഥ പറച്ചിലിൽ പൂമരം സ്വീകരിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളെ ബോറടിപ്പിക്കാതെ അവതരിപ്പിച്ച സംവിധായകന് പൂമരത്തിലും അത് തുടരാനായോ എന്നത് സംശയം തന്നെയാണ്.

 

ഇവിടെയും നൊസ്റ്റാൾജിയ എന്നൊരു വികാരത്തിലൂടെ പ്രേക്ഷകനോട് സംവദിക്കാൻ ശ്രമിക്കുമ്പോൾ, ഇത്തവണ അതിന് ഉപാധിയായത് കലോത്സവ വേദിയാണ്. മലയാളി സമൂഹത്തിന്റെ കലാലയ ഓർമ്മകളിൽ മഹാരാജാസ് എന്നപേരിന് ഗൃഹാതുരത്വം എന്ന അർത്ഥം തന്നെയാണ്. രാഷ്ട്രീയമോ കലയോ കലാകാരന്മാരോ ആവട്ടെ മഹാരാജാസിന് മലയാളികളുടെ മനസ്സിലുള്ള സ്ഥാനം വലുതാണ്.

 

മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി നേതാവായ ഗൗതം ആയി കാളിദാസൻ എത്തുമ്പോൾ അത് തീർത്തും മലയാളി കാത്തിരുന്ന, കാണാൻ ആഗ്രഹിച്ചിരുന്ന വരവ് തന്നെയായിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാ സന്ദർഭങ്ങൾ ഒന്നുമില്ലെങ്കിലും, നായകൻ എന്ന് അവകാശപ്പെടാനാവാത്ത കഥാപാത്രം ആണെങ്കിലും കാളിദാസൻ ഗൗതമിനോട് തീർച്ചയായും നീതി പുലർത്തി എന്നു തന്നെ പറയാം. ആക്ഷൻ ഹീറോയിൽ പോലീസ് സ്റ്റേഷനാണ് താരം എന്നതുപോലെ ഇവിടെ കലോത്സവമാണ് സിനിമയുടെ പ്രധാന ബിന്ദു. അതിലേക്ക് വന്നുപോകുന്ന കഥാപാത്രങ്ങൾ എന്നേ അഭിനേതാക്കളെ പറയാൻ പറ്റൂ. സെന്റ് തെരേസാസ് കോളേജ് സെന്റ് ട്രീസാസ് ആയപ്പോൾ അവരുടെ വിദ്യാർത്ഥിനി നേതാവായ ഐറിൻ എന്ന കഥാപാത്രം ചെയ്ത പെൺകുട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.

 

മത്സര ഇനങ്ങളുടെ റിഹേഴ്സൽ, അതിനിടയിലെ സ്വാഭാവിക സംഭാഷണങ്ങൾ, കലോത്സവ വേദിയിലെ ചാംപ്യൻഷിപ് സ്വന്തമാക്കാനുള്ള വീറും വാശിയും, അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന വാഗ്വാദങ്ങൾ, അങ്ങനെ കലോത്സവ വേദിയിൽ കാണാൻ സാധ്യമായ എല്ലാത്തരം കാഴ്ചകളും പൂമരത്തിൽ ഉടനീളം ഉണ്ട്. ഫൈസല്‍ റാസി, ഗിരീഷ് കുട്ടന്‍, ഗോപി സുന്ദര്‍ എന്നിങ്ങനെ കുറേയധികം പ്രതിഭകൾ അണിയിച്ചൊരുക്കിയ സംഗീതം മികച്ചതെന്ന് പറയാതെ വയ്യ.

 

സംഭാഷണങ്ങളെക്കാൾ അധികം ഗാനങ്ങളിലൂടെയും ചെറിയ കവിതകളിലൂടെയുമൊക്കെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ജ്ഞാനം സുബ്രഹ്മണ്യന്റെ ഛായാഗ്രഹണം, ക്യാമറയുടെ പരോക്ഷ സാന്നിധ്യം ഒരിക്കലും പ്രകടമാക്കാതെ തികച്ചും കലോത്സവ വേദിയെ കാൻഡിഡ് ആയി അവതരിപ്പിക്കുന്നതിൽ അങ്ങേയറ്റം വിജയിച്ചു.

 

നായകനോ, വില്ലനോ, ഒരു വ്യക്തിയോ കേന്ദ്രകഥാപാത്രമാകാതെ മികച്ച ഒരു കൂട്ടം അഭിനേതാക്കൾ ഒത്തുകൂടി നമ്മെ വിസ്മയിപ്പിച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ആ സിനിമകളെ പ്രേക്ഷകൻ അങ്ങേയറ്റം ഇഷ്ടത്തോടെ സ്വീകരിച്ചിട്ടും ഉണ്ട്. പൂമരത്തിൽ വന്നു പോകുന്ന അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അനായാസമായി അഭിനയിച്ച് പ്രതിഫലിപ്പിച്ചു എന്നതിൽ തർക്കമില്ല.

 

ഇങ്ങനെയൊക്കെയാണെങ്കിലും പൂമരം എന്ന ഈ ചിത്രം നൊസ്റ്റാൾജിയയുടെയും റിയലിസത്തിന്റെയും കൂട്ടുപിടിച്ച് തികച്ചും സംഭവങ്ങളിൽ മാത്രം അധിഷ്ഠിതമായ ഒരു സിനിമയായ് രൂപപെടുമ്പോൾ, അത് എത്രത്തോളം സ്വീകാര്യമായി എന്നത് പൂമരത്തിന്റെ ഒരു പോരായ്മ തന്നെയാണ്. ആക്ഷൻ ഹീറോ ബിജുവിലെ ഫോർമുല വീണ്ടും അതേ രീതിയിൽ, അല്ലെങ്കിൽ ഹൈപ്പർ റിയലിസ്റ്റിക്കായി ഉപയോഗിക്കപ്പെടുമ്പോൾ അത് പ്രേക്ഷകർക്ക് എത്രകണ്ട് ആസ്വാദന പ്രദമാകും എന്നുകൂടി സംവിധായകൻ ചിന്തികേണ്ടിയിരിക്കുന്നു.

 

എബ്രിഡ് ഷൈൻ ഒരിക്കലും ഒരു സ്ഥിരം ഫോർമുല ബേസ്ഡ് സംവിധായകൻ എന്ന ചട്ടക്കൂടിലേക് ഒതുങ്ങിക്കൂടുന്ന ആളാവരുത് എന്നേ ഈ സിനിമ കണ്ടിറങ്ങുമ്പോൾ പറയാനുള്ളൂ. കാവ്യാത്മകമായ സിനിമ എന്നൊക്കെ പറയാമെങ്കിലും റിയലിസം ഓവർ ഡോസ് ആയപ്പോൾ 1983യും ആക്ഷൻ ഹീറോ ബിജുവും സമ്മാനിച്ച നൈർമ്മല്യം പൂമരത്തിൽ ആവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. നല്ല സംഗീതത്തിനൊപ്പം കലാലയ ഓർമ്മകളിലേക്കും കലോത്സവ വേദിയിലെ നൊസ്റ്റാൾജിയയിലേക്കും കൊണ്ടുപോകുന്ന ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഈ സിനിമ നിങ്ങൾക്ക് ഏകും എന്നതൊഴിച്ചാൽ, ഒരു സിനിമ എന്ന രീതിയിൽ എല്ലാത്തരം പ്രേക്ഷകനെയും മോഹിപ്പിക്കുന്ന ഒന്നാവില്ല പൂമരം.

 



ഒരു നെറ്റിസൺ ആണ് രേഷ്മ