സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്ത് ചര്‍ച്ച ചെയ്യുന്നതിന് രണ്ട് മാസത്തേക്ക് ഹൈക്കോടതിയുടെ വിലക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് വിലക്ക്. മാധ്യമങ്ങള്‍ക്കുള്‍പ്പെടെയാണ് വിലക്ക്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുക, സരിതയുടെ കത്തിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്നത് വിലക്കുക എന്നീ ആവശ്യങ്ങളുമായിട്ടാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. കത്ത് പൊതുമധ്യത്തില്‍ ചര്‍ചെയ്യുന്നത് വഴി തന്റെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍നടപടിയും ചോദ്യം ചെയ്ത് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് വിശദവാദത്തിനായി ജനുവരി 15ലേക്ക് മാറ്റി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയമുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.വിചാരണയ്ക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്ന് കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി ഇന്നലെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉമ്മന്‍ ചാണ്ടിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഹാജരായത്.കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനും കക്ഷിചേര്‍ന്നിട്ടുണ്ട്.