Skip to main content

narendramodi jinping

ചീനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നം ഒരു യുദ്ധത്തിലേക്കൊന്നും നയിക്കില്ലെന്ന് ഇരു രാജ്യങ്ങള്‍ക്കുമറിയാം.എന്നിരുന്നാലും ചീന ഇന്ത്യയുടെ തലവേദന തന്നെ. പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കടത്തിയയ്ക്കുന്ന ഭീകരവാദമുള്‍പ്പടെയുള്ള അസ്വസ്ഥതകളുടെയും പ്രചോദനം പാകിസ്ഥാന് ചീനയുമായുള്ള ബന്ധമാണ്. പാകിസ്ഥാന്‍ അടിസ്ഥാനസൗകര്യത്തെ വിപ്ലവകരമായി മാറ്റിമറിക്കുമെന്നവകാശപ്പെട്ടുകൊണ്ട് നിര്‍മ്മാണത്തിലിരിക്കുന്ന സീപെക്(CPEC) എന്ന ചീനാ പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ ചെന്നിക്ക് സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. അതിനാല്‍ തലവേദനയല്ല മറിച്ച് ചീന ഇന്ത്യയുടെ ചെന്നിക്കുത്തായി മാറും എന്നുള്ളത് യാഥാര്‍ഥ്യമാണ്. പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തിലേക്ക് ചരക്ക് കയറ്റിയയച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ ചീന ഭാഗികമായ സീപെക്കിന്റെ പ്രവര്‍ത്തനം അരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജീ 20 യോഗത്തിന് ജര്‍മ്മനിയിലെ ഹാംബര്‍ഗിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മേ്ാദി അവിടെ വച്ച് ചീനാ പ്രസിഡണ്ട് ഷി ജിന്‍പിംഗിനെ കണ്ടാലും കണ്ടില്ലെങ്കിലും നിലവിലുള്ള സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടാകാനൊന്നും പോകുന്നില്ല.  
      

ഇപ്പോഴുണ്ടായിരിക്കുന്ന അതിര്‍ത്തിത്തര്‍ക്കത്തേക്കാളും പാകിസ്ഥാനിലൂടെ കടത്തിവിടുന്ന അസ്വസ്ഥതകളേക്കാളും ഇന്ത്യയക്ക് വിനയായിരിക്കുന്നത് ചീനയുടെ ഇന്ത്യയുമായുള്ള തേന്‍ യുദ്ധമാണ്. എന്നുവെച്ചാല്‍ കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങള്‍ വരെ ചീനയുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇന്ത്യ മുഴുവന്‍ ചീനയുടെ വിപണിയാക്കി ഇതിനകം മാറ്റപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഏതുല്‍പ്പന്നങ്ങളെടുത്താലും അത് ചീനയായിരിക്കുന്ന അവസ്ഥയുണ്ട്. ഏററവും ശ്രദ്ധേയമായത് നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് ചീന ഇന്ത്യയിലേക്ക് കയറ്റിയയ്ക്കുന്നത്. തേങ്ങ പൊതിക്കുമ്പോള്‍ കിട്ടുന്ന ചകിരിയായിരുന്നു കേരളത്തില്‍ അടുക്കളയില്‍ പാത്രം കഴുകുമ്പോള്‍ തേയ്ക്കാനായി ഉപയോഗിച്ചിരുന്നത്. ഇന്നും ഗവേഷണം കൊണ്ട് തേങ്ങയുടെയും രൂപവും മാറി തെങ്ങിന് മണ്ഡരി പിടിച്ചിട്ടുണ്ടെങ്കിലും തേങ്ങ കേരളത്തില്‍ ലഭ്യമാണ്. ചകിരിയും. എന്നാല്‍ കേരള അടുക്കളകളില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കപ്പെടുന്നത് നീലയും പച്ചയും കലര്‍ന്ന ചൈനീസ് ചകരിയായിരിക്കുന്നു.
     

കേരളത്തിന്റെ ഉത്സവകാലം എന്നത് ചീനാ വിപണിയുടെ ഉത്സവകാലം കൂടിയാണ്. വിലകുറഞ്ഞ കളിപ്പാട്ടങ്ങള്‍ മുതല്‍ കേരളീയഭവനങ്ങളില്‍ ആവശ്യമായ എന്തും ഇന്നു ചീനയില്‍ നിന്ന് ഉത്സവപ്പറമ്പുകളിലെത്തുന്നുണ്ട്. അതുപോലെ ഫര്‍ണിച്ചര്‍ , ഗൃഹനിര്‍മ്മാണ ഇനങ്ങള്‍ തുടങ്ങി എല്ലാം. കേരളമുള്‍പ്പടെ ഇന്ത്യന്‍ ഭൂപ്രദേശം മലിനമാക്കുന്നതില്‍ മുഖ്യ പങ്ക് ഇന്ന് ചീനാ ഉല്‍പ്പന്നങ്ങളുമാണ്. ഈ തേന്‍യുദ്ധം ചീന ഇന്ത്യയ്ക്കു മേല്‍ വിജയിച്ചു കഴിഞ്ഞു.
     

ഏറ്റവും അപകടമായത്  ഭക്ഷണ സാധനങ്ങളും ചീന ഇന്ത്യയിലേക്ക് കയറ്റി അയയക്കുന്നതാണ്. അതിനും വിലക്കുറവാണ്. ഭക്ഷണസാധനങ്ങളില്‍ വിഷം കയറ്റുന്നതിന് ചീന ഒരു തത്വദീക്ഷിതയും കാണിക്കുന്നില്ല. ഇന്ത്യയില്‍ അവ പരിശോധിക്കാനോ ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ വിഷമുളളവ ഇറക്കുമതി ചെയ്യാന്‍ അനുമതി കൊടുക്കാതിരിക്കുന്നതിനോ ഉളള സംവിധാനം ഇവിടെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഒരുദാഹരണം ഇഞ്ചിയാണ്. കീടനാശിനിയും വിഷരാസവളങ്ങളും ചേര്‍ത്ത് തടിച്ചു വീര്‍ത്ത ഇഞ്ചിയാണ് ചീന ഇന്ത്യന്‍ വിപണിയിലേക്കയയ്ക്കുനനത്. കേരള വിപണികളില്‍ അത് സുലഭവും. ഈ തടിച്ച ഇഞ്ചിക്കാകട്ടെ കേരളത്തില്‍ വിളഞ്ഞിരുന്ന ഇഞ്ചിയുടെ മണവും ഗുണവും ഉണ്ടാകാറില്ല. എന്നാല്‍  ചീനയുടെ ആഭ്യന്തര വിപണിയില്‍ വിഷാംശമില്ലാത്ത ഉല്‍പ്പന്നങ്ങളാണ് വില്‍ക്കപ്പെടുന്നത്.
   

കേരളത്തില്‍ ചീനയോട് ആഭിമുഖ്യമുള്ള സര്‍ക്കാരാണ് നിലവിലുളളതെങ്കിലും അടിയന്തിരമായി ക്രിയാത്മക പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ് .ഇന്ത്യയിലെത്തന്നെ മുന്തിയ ഗുണമുളള ഇഞ്ചി ഉത്പാദിപ്പിക്കപ്പെട്ടിരുന്ന സ്ഥലമാണ് കേരളം. കേരളത്തില്‍ വിശേഷിച്ചും വയനാട്. ഇപ്പോള്‍ വയനാട് ഇഞ്ചിയുടെ പേരില്‍ അറിയപ്പെടാതായി. ചീനയുടെ ഈ വിപണി കയ്യേറ്റത്തെയാണ് അടിയന്തിരമായി ചെറുത്തു നില്‍ക്കേണ്ടത്.
             

കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും അപകടകരമായ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍കൊണ്ടുണ്ടാക്കുന്നതാണ്. മനുഷ്യന്റെ ആരോഗ്യത്തേയും പരിസ്ഥിതിയെയും ദോഷമായി ബാധിക്കുന്ന തരത്തിലുളള ചീനയുടെ ഈ കടന്നുകയറ്റം പ്രതിരോധിക്കാന്‍ തദ്ദേശീയമായി ക്രിയാത്മക നടപടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. വിശേഷിച്ചും ക്യാന്‍സര്‍ രോഗികളുടെ എണ്ണം രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും വന്‍ തോതില്‍ കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍.