Skip to main content

അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റിയ നടപടി തങ്ങളുടെ നിയമാനുസൃത അവകാശമെന്ന് ചൈന. ഇന്ത്യ ദലൈലാമ കാര്‍ഡ് വെച്ചുള്ള കളി തുടരുകയാണെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഔദ്യോഗിക മാദ്ധ്യമങ്ങളും മുന്നറിയിപ്പ് നല്‍കി.

 

ഇന്ത്യ-ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ ഭാഗത്തെ കുറിച്ചുള്ള ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ്ങ് പറഞ്ഞു. തലമുറകളായി അവിടെ താമസിക്കുന്ന മോംബ ഗോത്രക്കാരും തിബറ്റന്‍ ചൈനക്കാരും ഉപയോഗിക്കുന്ന പേരുകളാണ് ഇപ്പോള്‍ രേഖപ്പെടുത്തിയതെന്ന് കാങ്ങ് പറഞ്ഞു.

 

അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കാങ്ങ്. പ്രദേശത്തിന് മേലുള്ള അവകാശവാദം നിയമപരമാക്കാന്‍ ചൈന പേരുകള്‍ കണ്ടുപിടിക്കുകയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലായ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

 

നേരത്തെ, ചൈനക്കെതിരെ ദലൈലാമ കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ ഇന്ത്യ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്ലോബല്‍ ടൈംസ് ഒരു ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.