Skip to main content

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പകരം കൊണ്ടുവന്ന ബില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാന നിമിഷം പിന്‍വലിച്ചു. ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പാണ് വോട്ടെടുപ്പിന് മുന്‍പ് ബില്‍ പിന്‍വലിക്കാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും ബില്‍ പാസാക്കാന്‍ ആവശ്യമായ 216 പേരുടെ പിന്തുണ ലഭിച്ചില്ല.

 

ഒബാമ കൊണ്ടുവന്ന ബില്ലില്‍ സര്‍ക്കാര്‍ സഹായത്തോടെ തൊഴിലുടമകള്‍ വഴി ഇന്‍ഷുറന്‍സ് സഹായം ഉറപ്പ് വരുത്തുന്ന രീതിയ്ക്ക് പകരം തുറന്ന വിപണിയിലെ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നിരുന്നത്. ഏകദേശം 1.4 കോടി പേര്‍ക്ക് ഇതുവഴി പരിരക്ഷ നഷ്ടപ്പെടുമെന്ന് കണക്കുകള്‍ ഉണ്ടായിരുന്നു.

 

ഒബാമയുടെ ബില്ലിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും ശക്തമായി എതിര്‍ത്തിരുന്നതാണ്. അതേസമയം, പകരം ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല.