Skip to main content

കൊച്ചി : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുയുമായി മുന്‍ മന്ത്രി ഗണേഷ് കുമാറിന് ബന്ധമുണ്ടായിരുന്നെന്നും ഈ വിഷയം കോണ്‍ഗ്രസ് നേതാവും എം.പിയുമായ എം.ഐ. ഷാനവാസിന്റെ മധ്യസ്ഥതയില്‍ മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്നും സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. പോലീസ് തേടുന്ന ഇയാള്‍ ഒളിവിലിരുന്ന് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫിന്റെ പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ എ.ഡി.ജി.പിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

 

അതേസമയം സോളാര്‍ തട്ടിപ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്നും  കേന്ദ്രമന്ത്രി വയലാര്‍ രവി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതോടൊപ്പം പെഴ്സണല്‍ സ്റ്റാഫിനെ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് പിന്തുണയുമായി സംസ്ഥാന മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും രംഗത്തെത്തി. ഒരു ദിവസം കൊണ്ട് തകരുന്നതല്ല മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെന്ന്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

 

സരിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി  കോടതി  തള്ളിയിരുന്നു.