Skip to main content

നാടകീയ നീക്കങ്ങള്‍ക്ക്‌ ഒടുവില്‍, നാഗാലാ‌‍ന്‍ഡ് മുഖ്യമന്ത്രി ടി.ആട് സെലിയാംഗ് രാജിവെച്ചു. രാജി സ്വീകരിച്ച ഗവര്‍ണര്‍ പി.ബി ആചാര്യ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സെലിയാംഗിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

 

നാഗ ജനകീയ മുന്നണിയുടെ നാളെ ചേരുന്ന നിയമസഭാകക്ഷി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് സെലിയാംഗ് അറിയിച്ചു. സംസ്ഥാനത്ത് നിന്നുള്ള ഏക ലോക്സഭാംഗവും മുന്‍ മുഖ്യമന്ത്രിയുമായ നെയ്‌ഫ്യു റിയോവിന് സാധ്യത കൂടുതലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടി പ്രസിഡന്റ് ഷുര്‍ഹോസെലീ ലിയെസിത്സുവിന്‍റെ പേരും പരിഗണനയിലുണ്ട്.

 

നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം കൊണ്ടുവന്ന നീക്കത്തിനെതിരെ ഗോത്രവര്‍ഗ്ഗ സംഘടനകള്‍ നടത്തിയ രൂക്ഷമായ പ്രക്ഷോഭത്തിനൊടുവിലാണ് സെലിയാംഗിന്റെ രാജി. പ്രക്ഷോഭത്തെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചെങ്കിലും സെലിയാംഗ് രാജി വെക്കണമെന്ന ആവശ്യത്തില്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന നാഗാലാ‌‍ന്‍ഡ് ഗോത്ര കര്‍മ്മ സമിതി, കൊഹിമയും സംയുക്ത ഏകോപന സമിതിയും ആവശ്യം ഉന്നയിച്ചിരുന്നു.