Skip to main content
ന്യൂഡല്‍ഹി

kejriwal, bedi, maken

 

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ അണ്ണാ ഹസാരെ സംഘാംഗം കിരണ്‍ ബേദിയും ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഇരുവരും തങ്ങളുടെ പാര്‍ട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖവും പാര്‍ട്ടി പ്രചാരണ കമ്മിറ്റി മേധാവിയുമായ അജയ് മക്കനും ഇന്ന്‍ പത്രിക സമര്‍പ്പിക്കും.

 

ചൊവ്വാഴ്ച നേരം വൈകിയത് മൂലം കേജ്രിവാളിന് പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2013-ലേത് പോലെ അഴിമതിയും വിലക്കയറ്റവുമാണ് ഈ തെരഞ്ഞെടുപ്പിലേയും പ്രധാന വിഷയങ്ങളെന്ന്‍ കേജ്രിവാള്‍ പ്രതികരിച്ചു. കിരണ്‍ ബേദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച കേജ്രിവാള്‍ മാദ്ധ്യമങ്ങള്‍ ബേദിയ്ക്ക് അമിതമായ പ്രാധാന്യം നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി.

 

റോഡ്‌ ഷോ നടത്തിയാണ് പത്രിക സമര്‍പ്പിക്കാന്‍ കിരണ്‍ ബേദി എത്തിയത്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അവര്‍ പറഞ്ഞു. ദേശീയ തലത്തില്‍ മോദി സര്‍ക്കാറിനെപ്പോലെ ഒന്നാണ് ഡല്‍ഹിയില്‍ എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് ബേദി പറഞ്ഞു.

 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്ല സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അജയ് മക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടിയ്ക്കും പിന്തുണ നല്‍കുകയോ ഒരു പാര്‍ട്ടിയില്‍ നിന്നും പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് കൂട്ടിച്ചേര്‍ത്തു. കേജ്രിവാളും ബേദിയും അവസരവാദികള്‍ ആണെന്നും ഇരുവരും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അണ്ണാ ഹസാരെയെ ഉപയോഗിക്കുകയായിരുന്നുവെന്നും മക്കന്‍ കുറ്റപ്പെടുത്തി.

 

ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേക്ക് ഫെബ്രുവരി ഏഴിനാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി പത്തിനാണ് വോട്ടെണ്ണല്‍.  

Tags