Skip to main content
ന്യൂഡല്‍ഹി

rajnath singhഇന്ത്യയെ ഭീഷണിപ്പെടുത്താനോ മുന്നറിയിപ്പ് നല്‍കാനോ ആരും തയ്യാറാകരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. അരുണാചല്‍ പ്രദേശില്‍ ചൈനീസ്‌ അതിര്‍ത്തിയോട് ചേര്‍ന്ന് 2,000 കിലോമീറ്റര്‍ നീളത്തില്‍ റോഡ്‌ പണിയാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന പ്രതിഷേധം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം. ഇന്ത്യയുടെ ശക്തി വര്‍ധിച്ചതായും രണ്ട് രാജ്യങ്ങളും അതിര്‍ത്തി പ്രശ്നം സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.  

 

റോഡ്‌ നിര്‍മ്മാണവുമായ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‍ അതിര്‍ത്തി തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന് ചൈന കഴിഞ്ഞ ദിവസം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ലഡാക്കിലെ അക്സായിചിന്‍ പ്രദേശത്തിന് പുറമേ തങ്ങളുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്ന പ്രദേശമാണ് അരുണാചല്‍ പ്രദേശ്‌.     

 

റോഡ്‌ നിര്‍മ്മാണത്തിന് ആഭ്യന്തര വകുപ്പ് കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടിയിട്ടുണ്ട്. പ്രധാനമന്ത്രി കാര്യാലയം റോഡിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ നിന്ന്‍ 100 കിലോമീറ്റര്‍ പരിധിയില്‍ രോടും മറ്റ് സൈനിക സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സെപ്തംബറില്‍ കേന്ദ്രം ലഘൂകരിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 6,000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റോഡ്‌ നിര്‍മ്മിക്കാനാണ് പദ്ധതി.  

 

അരുണാചല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചൈനീസ് പ്രവിശ്യയായ തിബത്തില്‍ ചൈന ഇതിനകം നടത്തിയിട്ടുള്ള അടിസ്ഥാനസൗകര്യ വികസനമാണ് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക്‌ പ്രേരകമായിരിക്കുന്നത്. വിമാനത്താവളങ്ങളും വ്യാപകമായ റോഡ്‌-റെയില്‍ ശ്രംഖലയും അടിയന്തര ഘട്ടങ്ങളില്‍ അതിര്‍ത്തിയിലേക്ക് സൈനികരെ പെട്ടെന്ന് എത്തിക്കാന്‍ കഴിയുന്നതാണെന്ന് ഇന്ത്യ കരുതുന്നു.  

 

കഴിഞ്ഞ മാസം ലഡാക്കില്‍ രണ്ട് രാജ്യങ്ങളുടേയും സൈനികര്‍ തമ്മില്‍ നിയന്ത്രണ രേഖ സംബന്ധിച്ച് അതിര്‍ത്തി തര്‍ക്കം ഉടലെടുത്തിരുന്നു. വിദേശകാര്യ മന്ത്രി തലത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഇരുവിഭാഗവും സൈനികരെ പിന്‍വലിച്ചത്. അതിന് ശേഷം ജമ്മുവില്‍ പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കടുത്ത ആക്രമണം ഉണ്ടായിരുന്നു.