Skip to main content
ഹോംഗ് കോംഗ്

hong kong protest dwindles

 

ഒരാഴ്ചയിലേറെ ഹോംഗ് കോംഗ് നഗരത്തെ സ്തംഭിപ്പിച്ച ജനായത്ത പ്രക്ഷോഭത്തിന് അയവ് വരുന്നു. ഇപ്പോഴും നാനൂറോളം പേര്‍ പ്രക്ഷോഭവേദിയില്‍ തുടരുന്നുണ്ടെങ്കിലും ഞായറാഴ്ച രാത്രിയോടെ ഭൂരിഭാഗം പേരും വേദി വിട്ടു. നഗരത്തില്‍ തമ്പടിച്ചു കഴിയുന്ന പ്രധാനമായും വിദ്യാര്‍ഥികള്‍ അടങ്ങുന്ന പ്രക്ഷോഭകരോട് തിങ്കളാഴ്ചയ്ക്കകം പ്രക്ഷോഭവേദി വിടണമെന്ന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

 

സര്‍ക്കാര്‍ മുന്നറിയിപ്പില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പ്രക്ഷോഭകര്‍ വന്‍ പ്രകടനം നടത്തിയതോടെ ഞായറാഴ്ച പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ പോലീസ് ബലം പ്രയോഗിക്കുമെന്ന് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച പ്രക്ഷോഭകര്‍ സ്വയം ബാരിക്കേഡുകള്‍ നീക്കുകയും ഒഴിഞ്ഞുപോകുകയും ചെയ്യുകയായിരുന്നു. ഏറെക്കുറെ അക്രമരഹിത സമരമാണ് പ്രക്ഷോഭകര്‍ നടത്തിയത്. അതേസമയം, പ്രദേശവാസികളും ചൈനീസ് ഭരണത്തെ അനുകൂലിക്കുന്നവരും പ്രക്ഷോഭത്തെ എതിര്‍ത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത് നേരിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.  

 

2017-ല്‍ ഹോംഗ് കോംഗില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അംഗീകാരമുള്ള സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ എന്ന ബീജിങ്ങ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. പൂര്‍ണ്ണമായും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ മുന്നോട്ടുവെക്കുന്നത്. പതിനായിരക്കണക്കിന് പേര്‍ കഴിഞ്ഞ ആഴ്ചയില്‍ സമരത്തില്‍ പങ്കെടുത്തതായി കണക്കാക്കുന്നു.

 

ബ്രിട്ടിഷ് കോളനിയായിരുന്ന ഹോംഗ് കോംഗ് 1997-ല്‍ ചൈനയുടെ ഭാഗമായെങ്കിലും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ നിന്ന്‍ വ്യത്യസ്തമായ രാഷ്ട്രീയ വ്യവസ്ഥ 2047 വരെ തുടരാം എന്ന്‍ ബീജിങ്ങ് അംഗീകരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രം, രണ്ട് വ്യവസ്ഥ എന്ന ഈ തത്വമനുസരിച്ച് ചൈനയുടെ പ്രത്യേക ഭരണ പ്രദേശമായാണ് ഹോംഗ് കോംഗ് പ്രവര്‍ത്തിക്കുന്നത്.