Skip to main content
ന്യൂയോര്‍ക്ക്

ലഡാഖിലെ അതിര്‍ത്തിയെ ചൊല്ലി ഉയര്‍ന്ന തര്‍ക്കം ഇന്ത്യയും ചൈനയും പരിഹരിച്ചു. വെള്ളിയാഴ്ച മുതല്‍ മേഖലയില്‍ നിന്ന്‍ സേനകള്‍ പിന്മാറാന്‍ തുടങ്ങുമെന്നും സെപ്തംബര്‍ 30-നകം പിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയ അവര്‍ വ്യാഴാഴ്ച മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് ഇക്കാര്യം അറിയിച്ചത്.

 

ന്യൂയോര്‍ക്കില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി സുഷമ ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ശി ചിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിനിടെ ഉയര്‍ന്ന തര്‍ക്കം സന്ദര്‍ശനത്തിന് മേല്‍ നിഴല്‍ വീഴ്ത്തിയെങ്കിലും സന്ദര്‍ശനം ചരിത്രപരവും ഫലപ്രദവുമായിരുന്നെന്ന്‍ സുഷമ പറഞ്ഞു. സെപ്തംബര്‍ ഒന്നിന് തങ്ങള്‍ നിന്നിരുന്ന സ്ഥാനങ്ങളിലേക്ക് രണ്ട് സേനകളും തിരികെ പോകുമെന്ന് സുഷമ അറിയിച്ചു.  

 

ലഡാഖിലെ ചുമാര്‍ മേഖലയിലാണ് തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെട്ട് ഇരുസൈന്യങ്ങളും നിലയുറപ്പിച്ചത്. രണ്ട് രാജ്യങ്ങളുടേയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ വേര്‍തിരിക്കുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ (എല്‍.എ.സി) സ്ഥാനം സംബന്ധിച്ചാണ് ലഡാഖിലെ പല മേഖലകളിലും രണ്ട് സേനകളും തമ്മില്‍ തര്‍ക്കം ഉടലെടുക്കാറുണ്ട്.