വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ അര്‍ഹിക്കുന്ന പരിഗണനയോടെ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥലം മാറ്റിയതിനെതിരെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി നല്‍കിയ പരാതി സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഫയലിൽ സ്വീകരിച്ചു. എന്നാൽ സ്ഥലംമാറ്റിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നാളെ ഹാജരാക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണിച്ചപ്പോൾ അദ്ധ്യാപികയ്ക്ക് പകരം ആൾ ചുമതല ഏറ്റതായി സർക്കാർ കോടതിയെ അറിയിച്ചു.
നിയമസഭയില്‍ ഇന്നും വിഷയം ചര്‍ച്ചയായി. ഊര്‍മ്മിളാദേവി സർക്കാരിന് അപ്പീൽ നൽകിയാൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞു. ഇന്നലെ വിഷയത്തില്‍ സഭ സ്തംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ക്രമപ്രശ്നത്തെ തുടര്‍ന്ന്‍ നിയമസഭ സമ്മേളിക്കുമ്പോൾ മന്ത്രിമാര്‍ കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് സ്പീക്കർ ജി. കാർത്തികേയൻ റൂളിംഗ് നൽകി. സഭ സമ്മേളിക്കുമ്പോൾ മന്ത്രിമാർ ചടങ്ങുകളിൽ പങ്കെടുക്കാൻ പോയത് ശരിയാണോയെന്നായിരുന്നു വി.എസിന്റെ ക്രമപ്രശ്നം. ഈ മാസം 16-നാണ് വിവാദമായ ചടങ്ങ് നടന്നത്.
അതേസമയം, ചടങ്ങ് കാരണം ക്ലാസ് മുടങ്ങിയെന്ന അധ്യാപികയുടെ പ്രചാരണം തെറ്റാണെന്ന് ആരോപിച്ച് മന്ത്രി പി.കെ അബ്ദുറബ്ബ് ആരോപിച്ചു. ഫേസ്ബുക്കിലെ കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അദ്ധ്യാപകരാണെന്നും ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രതിനിധികളായ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ചടങ്ങിന്റെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. ചടങ്ങിനെത്താന്‍ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘വിദ്യാഭ്യാസ മന്ത്രിയെ ഇരുത്തി സ്കൂള്‍ ഹെഡ്മിസ്ട്രസ് ആക്ഷേപം ചൊരിഞ്ഞു’ എന്ന രീതിയില്‍ വന്ന വാര്‍ത്ത സര്‍ക്കാറിനെ മോശമായി ബാധിക്കും എന്നതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഡി.പി.ഐ ഉത്തരവിട്ടതെന്നും അഡീഷണൽ ഡി.പി.ഐ നടത്തിയ അന്വേഷണത്തില്‍ പ്രധാനാധ്യാപിക ഊർമ്മിളയെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശ ചെയ്തതെന്നും മന്ത്രി പറയുന്നു. ജില്ലയിലേക്ക് തന്നെയാണ് സ്ഥലംമാറ്റമെന്നും ഇത് ശിക്ഷാനടപടിയല്ലെന്നും മന്ത്രി വിശദീകരിക്കുന്നു.
സ്കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടന ചടങ്ങില്‍ അധ്യയന സമയത്ത് ഇത്തരം പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്‍ മന്ത്രി സദസ്സിലിരിക്കെ ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡി.പി.ഐ ഇറക്കിയ ഇത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.