Skip to main content
ന്യൂഡല്‍ഹി

nisha desai biswalഇന്ത്യയിലെ പുതിയ സര്‍ക്കാറുമായി ചൈനയുടേയും യു.എസിന്റേയും വിദേശകാര്യ നേതൃത്വം ജൂണ്‍ ആദ്യം ചര്‍ച്ചകള്‍ ആരംഭിക്കും. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ്ങ് യി ജൂണ്‍ എട്ടിനും യു.എസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ ജൂണ്‍ ആറിനും ഇന്ത്യയിലെത്തും.

 

ഇന്ത്യന്‍ വംശജ കൂടിയായ നിഷ ബിസ്വാള്‍ യു.എസ് വിദേശകാര്യ വകുപ്പില്‍ ദക്ഷിണേഷ്യയും മദ്ധ്യേഷ്യയുമായും ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയാണ് വഹിക്കുന്നത്. ജൂണ്‍ ഒന്‍പത് വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ രാഷ്ട്രീയവും ഇന്ത്യന്‍ പ്രതിനിധികളുമായി അവര്‍ ചര്‍ച്ച ചെയ്യും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ ഉയര്‍ന്ന യു.എസ് നയതന്ത്ര പ്രതിനിധിയാണ് നിഷ ബിസ്വാള്‍.

 

അതേസമയം, പുതിയ ഇന്ത്യന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ചൈന വിദേശകാര്യ മന്ത്രിയെ തന്നെയാണ് അയക്കുന്നത്. ഇതോടെ, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത സാര്‍ക്ക് രാഷ്ട്രനേതാക്കള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്ന ഏറ്റവും ഉന്നത വിദേശ പ്രതിനിധിയാകും വാങ്ങ് യി. ചൈനയുടെ പ്രധാനമന്ത്രി ലി കെഛിയാങ്ങ്‌ ആണ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ നേരിട്ടു ഫോണില്‍ വിളിച്ച് സംസാരിച്ച ആദ്യ ലോകനേതാവ്.

 

മോദിയും കെഛിയാങ്ങും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ചൈനീസ്‌ പ്രസിഡന്റ് ശി ജിന്‍പിങ്ങിനെ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി ക്ഷണിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയിരിക്കെ മോദി സന്ദര്‍ശിച്ചിട്ടുള്ള നാല് വിദേശ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ജപ്പാന്‍, സിംഗപ്പൂര്‍, ഇസ്രയേല്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.