Skip to main content

 

1983-ലെ ചൂടേറിയ സെപ്തംബർ. സർവകാല റെക്കോർഡ്‌ സൃഷ്ടിച്ച ഭാഗ്യരാജിന്റെ മുന്താണൈ മുടിച്ച് തിമിർത്തോടുന്ന കാലം. മദ്രാസിന്റെ ഹൃദയരേഖയായ മൗണ്ട്‌ റോഡ് ഉൾപ്പെടെയുള്ള വീഥികളിൽ പോസ്റ്ററുകളും കട്ടൗട്ടുകളും കൊണ്ടു നിറഞ്ഞിരിക്കുന്നു. റിലീസായ തിയേറ്ററുകളിലൊന്നും ടിക്കറ്റു കിട്ടാനില്ല. ഭാഗ്യരാജിന്റെ ഫാൻസുകളെല്ലാം നിരാശരാണ്. വടപളനി എ.വി.എം തിയേറ്ററിനു മുന്നിലൂടെ നടക്കുമ്പോൾ ഒരാൾ അടുത്തേക്കു വന്നു ചോദിച്ചു: 'അണ്ണേ, മുന്താണൈ മുടിച്ച് ടിക്കറ്റു വേണമാ? നാലുരൂപ ടിക്കറ്റ് 16 രൂപക്ക് കൊടുക്കിറേൻ.' അപ്പോഴാണ് ഒരു വാരം പഴക്കമുള്ളൊരു വാർത്ത എന്റെ മനസ്സിലുടക്കിയത്. കരിഞ്ചന്തയിൽ ഏറ്റവുമധികം ടിക്കറ്റു വിറ്റ ചിത്രം- മുന്താണൈ മുടിച്ച്.

 

ഇത്രമാത്രം ജനസമ്മതി നേടാനുള്ള ഈ ചിത്രത്തിന്റെ പ്രത്യേകതയെന്ത്? എന്നിലെ മാധ്യമപ്രവർത്തകൻ അന്വേഷണമാരംഭിച്ചു. പടം കണ്ട സാധാരണക്കാരിൽ നിന്ന്‌ രണ്ടു കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഒന്ന്: ഭാഗ്യരാജിന്റെ ചടുലവും അൽപം അശ്ലീലച്ചുവയുള്ളതുമായ ഡയലോഗ്. രണ്ട്: അതിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയൊരു പെൺകുട്ടി. അതിഗംഭീരമായ അഭിനയം. തമിഴ്‌ പ്രേക്ഷകർ മുന്താണൈ മുടിച്ചിന്റെ പിന്നാലെ പോകാൻ മറ്റെന്തുവേണം. മലയാളി പെൺകുട്ടിയാണ് പരിമളത്തെ അവതരിപ്പിച്ചതെന്ന്‌ കേട്ടപ്പോൾ നേരിൽ കാണണമെന്ന ചിന്തയുണ്ടായി. എനിക്ക്‌ സിനിമാ ഫോട്ടോകൾ തരാറുള്ള ഹരി നീണ്ടകരയോടു ഞാനെന്റെ താൽപ്പര്യം പ്രകടിപ്പിച്ചു. പരിമളത്തിന്റെ കുടുംബവുമായി നല്ല ബന്ധമുള്ള ഹരി കൂടിക്കാഴ്ച തരപ്പെടുത്തി. പിറ്റേദിവസം ഞങ്ങൾ അശോക്‌ നഗറിലുള്ള 'പരിമള'ത്തിന്റെ വാടകവീട്ടിലെത്തി.

 

രണ്ടാം നിലയിലെ ഇടുങ്ങിയ ചെറിയൊരു ഫ്ലാറ്റ്. ഞങ്ങൾ ചെല്ലുമ്പോൾ പരിമളവും അമ്മ വിജയലക്ഷ്മിയും അകന്ന ബന്ധുവായ ഉണ്ണിയും (പിൽക്കാലത്തെ ഗറില്ലാ ഉണ്ണി) തപാലിൽ ലഭിച്ച കത്തുകൾ പൊട്ടിച്ചുവായിക്കുകയാണ്. നൂറിലധികം കത്തുകൾ ദിവസവും എത്തുന്നു. ചിത്രം റിലീസ്‌ ചെയ്തു കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂവായിരത്തിലധികം കത്തുകളാണ് പരിമളത്തെ തേടി ഈ ഫ്ലാറ്റിലെത്തിയത്. മുന്താണൈ മുടിച്ചിലെ ഗ്രാമീണ യുവതിയായ പരിമളത്തെ അഭിന്ദിച്ചു കൊണ്ടുള്ളതാണ് കത്തുകൾ അധികവും. ജീവിതത്തിൽ ഒരിക്കലും ഇത്രത്തോളം തന്മയത്വമുള്ള അഭിനയം കണ്ടിട്ടില്ലെന്നാണ് പോണ്ടിച്ചേരിയിൽ നിന്ന് പുകഴേന്തി എന്നൊരാൾ എഴുതിയിരിക്കുന്നത്. മറ്റു ചിലർക്ക് പരിമളത്തോടു പ്രേമമാണ്. ആഗസ്റ്റ് മുപ്പതിനു പതിനാലു വയസ്സു തികയുന്ന പരിമളത്തെ വിവഹം കഴിക്കാൻ പോലും ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ചില വിരുതന്മാർ. മറ്റൊരു വിദ്വാൻ പരിമളത്തിന്റെ പടം വച്ചു രണ്ടുനേരം പൂജിക്കുകയാണെന്നും എഴുതിയിരിക്കുന്നു. മറ്റൊരാളാകട്ടെ പരിമളത്തെ സ്വപ്നം കണ്ട കഥയാണ്‌ വിവരിച്ചിരിക്കുന്നത്. ചില പത്രങ്ങളിൽ പരിമളത്തെ കുറിച്ചെഴുതിയ വിവരങ്ങളിൽ നിന്നാണ് ഇത്തരം കത്തുകളെഴുതാൻ കുമാരപ്രഭുക്കളെ പ്രേരിപ്പിച്ചത്. കത്തുകൾക്ക് കൃത്യമായി മറുപടിയെഴുതാൻ ഒരു പഴയ ടൈപ്പ്‌റൈറ്ററും തമിഴറിയാവുന്ന ഒരു സഹായിയേയും തയ്യാറാക്കി വച്ചിരിക്കുകയാണ് പരിമളം.

 

കലാനിലയം സ്ഥിരം നാടകവേദിയിലെ അറിയപ്പെടുന്ന നടനായിരുന്ന ചവറ വി.പി നായരുടെ മകൾ കവിതയാണ് എന്റെ മുന്നിലിരുന്നു വാചകമടിക്കുന്ന പരിമളം. കലാരജ്ഞിനിയും കൽപ്പനയും സഹോദരിമാർ. ഇതിനുമുമ്പ് കവിത ചില ചിത്രങ്ങളിൽ ബാലനടിയായി അഭിനയിച്ചെങ്കിലും ഭാഗ്യരാജിന്റെ ചിത്രത്തിലെത്തിയപ്പോൾ ഉർവശിയായി. ആ പരിവേഷം തമിഴ്‌ സിനിമയെ മാറ്റിമറിച്ചു. മകളുടെ പെരുമ കാണാൻ അച്ഛൻ ഇല്ലായിരുന്നു. അദ്ദേഹം മരിച്ചു ഒന്നര വർഷത്തിനു ശേഷമാണ് കവിത ഉർവശിയാകുന്നതും തമിഴകത്തിന്റെ പ്രതീക്ഷയാകുന്നതും. തിരുവന്തപുരത്തെ വടക്കേ കൊട്ടാരം ഗേൾസ്‌ സ്കൂളിൽ നാലാം ക്ലാസുവരെ പഠിച്ച കവിതയുടെ തുടർവിദ്യാഭ്യാസം കോടമ്പാക്കത്തെ കോർപറേഷൻ സ്കൂളിലായിരുന്നു. ഒൻപതാം ക്ലാസിൽ പഠിത്തം നിർത്തി. പിന്നെ സിനിമയിൽ തിരക്കായി. ആദ്യമൊക്കെ ദുർഗയെന്ന ഡബ്ലിംഗ് ആർട്ടിസ്റ്റാണ് ഉർവശിക്ക് ശബ്ദം നൽകിയത്. തുടർന്നുള്ള ചിത്രങ്ങളിൽ സ്വയം ശബ്ദം കൊടുക്കാൻ കഴിയണമെന്നായിരുന്നു അമ്മയുടെ 'പൊടിമോളുടെ' താൽപ്പര്യം. ഇരുപത്തഞ്ചിന്റെ പക്വതയോടെ അന്നു സംസാരിച്ച ഉർവശിയുടെ വളർച്ച മലയാള സിനിമയുടെ ഭാഗമായി.

 

അടുത്തിടെ ഏതോ തമിഴ് ചാനലിൽ മുന്താണൈ മുടിച്ചിന്റെ ഭാഗങ്ങൾ കണ്ടപ്പോഴാണ് അശോക്‌ നഗറിലെ കവിതയും ഉർവശിയും പൊടിമോളുമൊക്കെ മനസ്സിലേക്ക് കയറിവന്നത്.


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.

Tags